രാജ്യസഭ സാലറി കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് നല്‍കും: ഹര്‍ഭജന്‍ സിങ്
ചണ്ഡീഗഢ് : രാജ്യസഭയില്‍ നിന്ന് ലഭിക്കുന്ന സാലറി കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി നല്‍കുമെന്ന് ഹര്‍ഭജന്‍സിംഗ്. രാജ്യസഭാംഗമെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിക്കായി എന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഒരു രാജ്യസഭാംഗമെന്ന നിലയില്‍, കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി എന്റെ രാജ്യസഭ ശമ്പളം സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കാനാണ് ഞാന്‍ ചേര്‍ന്നത്, എന്നാല്‍ കഴിയുന്നതെല്ലാം താന്‍ ചെയ്യും. ജയ് ഹിന്ദ്'. ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് പഞ്ചാബില്‍ നിന്ന് ആംആദ്മി സ്ഥാനാര്‍ഥിയായി ഹര്‍ഭജന്‍ സിംഗ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചാബില്‍ ഒഴിവ് വന്ന രാജ്യസഭ സീറ്റുകളിലേക്ക് ഹര്‍ഭജന് പുറമേ രാഘവ് ചദ്ദ, സന്ദീപ് പഥക് എന്നിവരേയും പരിഗണിക്കുകയായിരുന്നു. പഞ്ചാബില്‍ നിന്ന് ഏഴ് രാജ്യസഭ സീറ്റുകളാണ് ഉള്ളത്. ഇത്തവണ ഒഴിവ് വന്നത് അഞ്ച് സീറ്റുകളുമാണ്. പഞ്ചാബില്‍ വന്‍ വിജയം നേടിയ ആംആദ്മിക്ക് എല്ലാ സീറ്റുകളിലും വിജയം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പഞ്ചാബില്‍ ആംആദ്മിയുടെ വിജയത്തിന് ഹര്‍ഭജന്‍ സിങ് ആശംസകള്‍ അറിയിച്ചിരുന്നു.
ഭഗവന്ത് മാനിനെയും ആംആദ്മി പാര്‍ട്ടിയെയും ഹര്‍ഭജന്‍ സിങ് അഭിനന്ദിക്കുകയായിരുന്നു. താരം എഎപിയില്‍ ചേരുമെന്ന വാര്‍ത്തകളും ഈ സമയം പ്രചരിച്ചിരുന്നു. ഹര്‍ഭജന് മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, നവ്ജോദ് സിങ് സിദ്ദു എന്നിവരാണ് രാജ്യസഭയില്‍ അംഗങ്ങളായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. 2012 മുതല്‍ 2018 വരെയാണ് സച്ചിന്‍ രാജ്യസഭയില്‍ അംഗമായിരുന്നത്. ആറ് മാസത്തോളം കാലയളവ് മാത്രമാണ് സിദ്ദു എംപിയായി ചുമതല വഹിച്ചത്.

18 വര്‍ഷത്തിലേറെ ക്രിക്കറ്റ് താരമായി പ്രവര്‍ത്തിച്ച ഹര്‍ഭജൻ സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. നിലവിൽ വിശ്രമജീവിതം നയിക്കുകയാണ് 41കാരനായ ഹര്‍ഭജൻ.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവ്‌ജ്യോത് സിങ് സിദ്ദുവുമായി ഹര്‍ഭജന്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ സമയം താരം രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകളും പടര്‍ന്നിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസിലേക്ക് ഇല്ലെന്ന വിശദീകരണവുമായി താരം വീണ്ടും രംഗത്തെത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചാബില്‍ ആംആദ്മിയുടെ വിജയത്തിന് ശേഷം ഹര്‍ഭജന്‍ സിങ് ഭഗവന്ത് മാനിനും ആപ്പിനും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത് ചര്‍ച്ചയായത്.












Click it and Unblock the Notifications