വ്യോമസേനാ വിമാനം ഇറാനിലേക്ക്; കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും
ദില്ലി: ഇന്ത്യന്‍ വ്യോമ സേനയുടെ വിമാനം ഇറാനിലേക്ക് അയക്കാന്‍ തീരുമാനം. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഹിന്‍ഡ്‌സണ്‍ താവളത്തില്‍ നിന്ന് പുറപ്പെടും. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന ഇറാനില്‍ 2000ത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ മുഴുവന്‍ നാട്ടിലെത്തിക്കുമോ എന്ന് വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെടെയുള്ള മല്‍സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടങ്ങിക്കിടക്കുന്നുണ്ട്.

വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇറാനില്‍ യാത്രകള്‍ക്ക് കടുത്ത നിയന്ത്രണമാണ്. രോഗമുണ്ടെന്ന് സംശയിക്കുന്ന 300 ഇന്ത്യക്കാരുടെ സാംപിളുകള്‍ ശേഖരിക്കാന്‍ ഇന്ത്യ മൂന്ന് ദിവസം മുമ്പ് പ്രത്യേക വിമാനം ഇറാനിലേക്ക് അയച്ചിരുന്നു. ആദ്യം ഇറാനില്‍ തന്നെ ലബോറട്ടറി ഒരുക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിച്ചത്. ഇത് പ്രായോഗികമല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എംബസി അവഗണിക്കുകയാണെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആരോപിച്ചിരുന്നു.
അതേസമയം, ഇറാന്‍ 70000 തടവുകാരെ ജയിലില്‍ നിന്ന് വിട്ടയച്ചു. ഇനിയും കൂടുതല്‍ തടവുകാരെ വിട്ടയക്കുമെന്ന് ജുഡീഷ്യറി മേധാവി ഇബ്രാഹീം റൈസി പറഞ്ഞു. തടവുകാരുടെ മോചനം സാമൂഹിക സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ലെങ്കില്‍ നടപടി തുടരാനാണ് തീരുമാനം. എന്നാല്‍ മോചിപ്പിച്ച തടവുകാരെ എപ്പോഴാണ് തിരിച്ച് ജയിലിലെത്തിക്കുക എന്ന് അദ്ദേഹം വിശദീകരിച്ചില്ല.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ വൈറസ് രോഗം മൂലം മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. പാര്‍ലമെന്റംഗങ്ങള്‍ക്ക് വരെ രോഗം ബാധിച്ചിട്ടുണ്ട്. മരണം 194 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 49 പേര്‍ മരിച്ചു. ഈ സാഹചര്യത്തിലാണ് തടവുകാരുടെ ജയില്‍മോചനങ്ങള്‍. എന്നാല്‍ എല്ലാ തടവുകാരെയും വിട്ടയക്കില്ല. രോഗം വ്യാപിക്കരുത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മോചനം. ജാമ്യത്തിലാണ് തടവുകാരെ വിട്ടയക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ വിധിച്ചവര്‍ക്കാണ് മോചനം. കടുത്ത ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മോചനമില്ല.
കൊറോണ വൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എല്ലാ ജയിലുകളിലും പരിശോധന നടത്തി വരികയാണ്. പരിശോധനയില്‍ രോഗമില്ല എന്ന് കണ്ടെത്തിയവരെയാണ് ജാമ്യത്തില്‍ വിടുന്നത്. വിദേശികളായ ചിലരും ഇറാനിലെ ജയിലുകളിലുണ്ട്. ഇവരെയും മോചിപ്പിക്കും.












Click it and Unblock the Notifications