ബിജെപിയെ തോൽപ്പിച്ച് 2024ൽ കേന്ദ്ര ഭരണം പിടിച്ചാൽ... വൻ വാഗ്ദാനവുമായി നിതീഷ് കുമാർ
പാറ്റ്‌ന: 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ കക്ഷികളും ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുന്നില്‍ നിര്‍ത്തിയാവും ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയും തിരഞ്ഞെടുപ്പിനെ നേരിടുക. പ്രതിപക്ഷ നിരയില്‍ ആര് മോദിയെ നേരിടുമെന്നത് വ്യക്തമല്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പ്രതിപക്ഷം പൊതുതിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് എങ്കില്‍ വലിയ വാഗ്ദാനമാണ് നിതീഷ് കുമാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ബിജെപി ഇതര സര്‍ക്കാരാണ് 2014ല്‍ അധികാരത്തില്‍ എത്തുന്നത് എങ്കില്‍ എല്ലാ പിന്നോക്ക സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കും എന്നാണ് നിതീഷ് കുമാറിന്റെ വമ്പന്‍ വാഗ്ദാനം.

'കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് ഒരു അവസരം ലഭിക്കുകയാണ് എങ്കില്‍ തീര്‍ച്ചയായും പിന്നോക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കും. ബീഹാറിനെ കുറിച്ച് മാത്രമല്ല താന്‍ സംസാരിക്കുന്നത്. പ്രത്യേക പദവി അര്‍ഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളെ കുറിച്ച് കൂടിയാണ്', നിതീഷ് കുമാര്‍ പറഞ്ഞു. അടുത്തിടെ നിതീഷ് കുമാര്‍ ദില്ലിയിലെത്തുകയും പ്രതിപക്ഷ നിരയിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഒന്നാമന്‍ സ്റ്റാലിന്‍, പിണറായി എത്രാമത്: ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരെ അറിയാം
കഴിഞ്ഞ മാസമാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയു ബിജെപിയുമായുളള സഖ്യം ഉപേക്ഷിച്ചത്. തുടര്‍ന്ന് തേജസ്വി യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. 2007 മുതല്‍ക്കേ തന്നെ ബീഹാറിന് പ്രത്യേക പദവി വേണം എന്ന ആവശ്യം നിതീഷ് കുമാര്‍ ഉന്നയിക്കുന്നതാണ്. പ്രത്യേക പദവി ലഭിക്കുകയാണെങ്കില്‍ പദ്ധതികള്‍ക്കുളള കേന്ദ്ര- സംസ്ഥാന വിഹിതം 90:10 ആയിരിക്കും. രാജ്യത്ത് നിലവില്‍ 11 സംസ്ഥാനങ്ങള്‍ക്കാണ് പ്രത്യേക പദവിയുളളത്.












Click it and Unblock the Notifications