തൊഴിലാളിക്ക് കൊറോണ ബാധിച്ചാല്‍ മുതലാളിയെ പൊക്കും; പ്രചാരണത്തിന്റെ വസ്തുത ഇതാണ്
ദില്ലി: വ്യവസായ മേഖലയ്ക്ക് ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും ശക്തിപ്പെടുന്നു. കമ്പനിയിലെ ജോലിക്കാര്‍ക്ക് കൊറോണ രോഗം ബാധിച്ചാല്‍ മുതലാളിയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടെന്നാണ് പ്രചാരണം. കമ്പനിയിലെ ജോലിക്കിടെ തൊഴിലാളിക്ക് കൊറോണ രോഗം ബാധിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യമാണ് സന്ദേശത്തിലുള്ളത്. ഇതിന് മറുപടിയായി കൊടുത്തിരിക്കുന്നത് മുതലാളിയെ അറസ്റ്റ് ചെയ്യും. കമ്പനി സീല്‍ ചെയ്യും. പോലീസ് കേസെടുക്കും, 28 ദിവസം വരെ എല്ലാ തൊഴിലാളികളും ക്വാറന്റൈനിലാകുകയും ചെയ്യും എന്നാണ്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം.

ഏപ്രില്‍ 20ന് ശേഷം ചില മേഖലകളില്‍ കേന്ദ്രം ഇളവ് നല്‍കി എന്നത് ശരിയാണ്. എന്നാല്‍ തൊഴിലാളിക്ക് രോഗം വന്നാല്‍ കമ്പനി മുതലാളിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. ജോലി സ്ഥലത്ത് പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചും ശുചിത്വത്തോടെയുമാണ് ജോലി തുടരേണ്ടത് എന്നാണ് നിര്‍ദേശം. മറ്റു പ്രചാരണങ്ങള്‍ തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒട്ടേറെ വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വസ്തുത അന്വേഷിക്കുമ്പോഴാണ് പലതും വ്യാജമാണെന്ന് അറിയുക. റെയില്‍വെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ഒരു പ്രചാരണം. കൊറോണ രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് റെയില്‍വെ ഗതാഗതം നിലച്ചതാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നാണ് പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തിപ്പെട്ടതോടെ ജീവനക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചിരുന്നു. ഇതുവരെ അത്തരം തീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞു. പെന്‍ഷന്‍ കുറയ്ക്കുമെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതും വ്യാജമാണെന്ന് തെളിഞ്ഞു. റെയില്‍വെ ഗതാഗതം മെയ് മൂന്ന് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.
ഹെലികോപ്റ്റര്‍ വഴി കേന്ദ്രസര്‍ക്കാര്‍ പണം വിതരണം ചെയ്യുമെന്നാണ് ഒരു പ്രചാരണം. കൊറോണ പ്രതിസന്ധി കാലത്ത് ജനങ്ങളെ സഹായിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രചാരണം. ഫേസ്ബുക്കില്‍ തുടങ്ങിയ പ്രചാരണം വാട്‌സ് ആപ്പ് സന്ദേശങ്ങളായും പരക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല.












Click it and Unblock the Notifications