അന്ന് ഓർഡിനൻസ് കീറിയെറിഞ്ഞില്ലായിരുന്നുവെങ്കിൽ രാഹുൽ യോഗ്യൻ; തിരിച്ചടിയായത് സ്വന്തം പ്രവൃത്തി തന്നെ
ദില്ലി: അപകീർത്തി പ്രസംഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടിരിക്കുകയാണ്. വിധിയിൽ അപ്പീൽ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനിടെയാണ് എംപി സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടുള്ള ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം 2013 ൽ രാഹുൽ ഗാന്ധി ചെയ്തൊരു പ്രവൃത്തിയാണ് ഇപ്പോൾ അദ്ദേഹത്തെ തിരിഞ്ഞ് കൊത്തുന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജനപ്രിതിനിധികൾ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ അയോഗ്യനാക്കുന്നത് സംബന്ധിച്ച് സ്വന്തം സർക്കാർ കൊണ്ടുവരാൻ ഇരുന്ന ഓർഡിൻസ് രാഹുൽ അന്ന് കീറിയെറിഞ്ഞിരുന്നു. ആ ഓർഡിനൻസ് നിയമമായിരുന്നുവെങ്കിൽ അദ്ദേഹത്തിന് ഇപ്പോഴും എംപി സ്ഥാനത്ത് തുടരാൻ സാധിച്ചേനേയെന്നാണ് പ്രതികരണങ്ങൾ.

2013-ൽ, ലില്ലി തോമസ് വേഴ്സസ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കേസിൽ കേസിൽ അകപ്പെടുന്ന ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച് സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ജനപ്രതിനിധികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആ നിമിഷം മുതൽ അയോഗ്യത നിലവിൽ വരുമെന്നായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ ഈ ഉത്തരവ് മറികടക്കുന്നതിന് വേണ്ടി അന്ന് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാനുള്ള ശ്രമം നടത്തി.
2013-ൽ കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട ആർജെഡി നേതാവ് ലാലു പ്രസാദിനെ അയോഗ്യനാക്കുന്നതിൽ നിന്ന് സംരക്ഷിക്കാനായിരുന്നു ഇത്തരമൊരു നീക്കം യുപിഎ സർക്കാർ നടത്തിയത്. കേസിൽ ഇത്തരത്തിൽ ജനപ്രതിനിധി ശിക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകിയാൽ വോട്ടവകാശം ഇല്ലാതെ സഭാംഗമായി തുടരാൻ അനുവദിക്കുന്നതായിരുന്നു ഓർഡിൻസ്.
എന്നാൽ ഇതിനെതിരെ അന്ന് കടുത്ത എതിർപ്പായിരുന്നു രാഹുൽ ഗാന്ധി ഉയർത്തിയത്. തുടർന്ന് ദില്ലി പ്രസ് ക്ലബ്ലിൽ വെച്ച് നടന്ന പത്രസമ്മേളനത്തിനിടെ അദ്ദേഹം ആ ഓർഡിനെൻസിന്റെ പകർപ്പ് കീറിയെറിയുകയായിരുന്നു.'ഓർഡിനൻസിനെക്കുറിച്ച് എന്റെ അഭിപ്രായം എന്താണെന്ന് ഞാൻ നിങ്ങളോട് പറയാം. ഇത് തികച്ചും അസംബന്ധമാണ്, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആ ഓർഡിനൻസ് കീറിയെറിഞ്ഞ് കളയണം', എന്നായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്.
അന്ന് രാഹുൽ ഗാന്ധിയുടെ നടപടി വലിയ വിമർശനങ്ങൾക്കായിരുന്നു വഴി വെച്ചത്. എന്നാൽ രാഹുൽ അത് ചെയ്തില്ലായിരുന്നുവെങ്കിൽ ഇപ്പോൾ അദ്ദേഹം എംപിയായി തുടർന്നേനെയെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.












Click it and Unblock the Notifications