തിരഞ്ഞെടുപ്പ് അടുത്താല്‍ മോദിക്ക് മുമ്പേ ഇഡി വരും; രൂക്ഷ വിമര്‍ശനവുമായി കവിത
കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന തെലങ്കാനയിലെ 16 മന്ത്രിമാര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്

ന്യൂഡല്‍ഹി: രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ഇല്ലാതാക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ആരോപിച്ച് ബിആര്‍എസ് നേതാവ് കെ കവിത. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. ഡല്‍ഹി മദ്യനയ കേസില്‍ ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് കവിതയുടെ രൂക്ഷ പ്രതികരണം.
എവിടെയെങ്കിലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു എങ്കില്‍ ആദ്യം ഇഡിയാണ് വരിക. പിന്നീടാണ് മോദി വരിക എന്ന് കവിത പരിഹസിച്ചു. ഡിസംബറില്‍ തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍പോകുകയാണ്. ഇതിന് മുന്നോടിയായി ബിആര്‍എസ് നേതാക്കളെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് കവിത ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇഡി തെലങ്കാനയില്‍ ഇടപെടുന്നുണ്ടെന്നും കവിത പറഞ്ഞു.
ഡല്‍ഹി മദ്യനയ കേസില്‍ കവിതയെ ഇന്ന് ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിരുന്നു. എന്നാല്‍ നേരത്തെ തീരുമാനിച്ച ചില പരിപാടികളുള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ല എന്ന് കവിത അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഡല്‍ഹിയിലെത്തിയ കവിത മാധ്യമങ്ങളെ കണ്ടത്. മാര്‍ച്ച് 16ന് ഹാജരാകാം എന്നാണ് കവിത ഇഡിയെ അറിയിച്ചിട്ടുള്ളത്.
16 ബിആര്‍എസ് മന്ത്രിമാരെ വിവിധ കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുകയാണെന്ന് കവിത ആരോപിച്ചു. എനിക്ക് മോദിയോട് ഒരു അപേക്ഷയുണ്ട്. നിങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് ചെല്ലണം. തെലങ്കാനയ്ക്കും രാജ്യത്തിനും വേണ്ടി എന്താണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത് എന്ന് തുറന്നുപറയണം. ജനങ്ങളുടെ മനസ് കീഴടക്കാന്‍ സാധിച്ചാല്‍ തിരഞ്ഞെടുപ്പില്‍ എളുപ്പം ജയിക്കാമെന്നും കവിത പറഞ്ഞു.
പിന്‍വാതില്‍ വഴിയുള്ള കരുനീക്കത്തിലൂടെയാണ് ഒമ്പത് സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ചത്. എന്നാല്‍ ഇത്തരം കളികള്‍ക്ക് ബിജെപിയെ തെലങ്കാനയില്‍ അനുവദിക്കില്ല. തെലങ്കാനയില്‍ ബിആര്‍എസ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. പ്രക്ഷോഭങ്ങളിലൂടെയും ജനങ്ങളുടെ ആശിര്‍വാദത്തോടെയും സര്‍ക്കാര്‍ രൂപീകരിച്ചവരാണ് ഞങ്ങള്‍. ബിജെപിയുടെ പരാജയം ഞങ്ങള്‍ തുറന്നുകാട്ടുമെന്നും കവിത വ്യക്തമാക്കി.
ഇഡി ഉദ്യോഗസ്ഥരെ മാര്‍ച്ച് 11ന് വീട്ടിലേക്ക് വരാന്‍ താന്‍ ക്ഷണിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ആരൊക്കെ ചോദ്യം ചെയ്യണമോ അവരെല്ലാം വിളിച്ചോളൂ. എനിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാമെന്നും ഞാന്‍ ഇഡിയോട് പറഞ്ഞു. എന്നാല്‍ അവര്‍ തയ്യാറായില്ലെന്ന് കവിത പറയുന്നു.
ഇന്ന് ഇഡിക്ക് മുമ്പില്‍ താന്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ധര്‍ണ തീരുമാനിച്ചതിനാല്‍ പോയില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴി എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. സ്ത്രീകളെ ചോദ്യം ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് ഉപയോഗിക്കേണ്ടത് എന്നും കവിത പറഞ്ഞു. വനിതാ സംവരണ വിഷയത്തില്‍ ജന്തര്‍ മന്ദറില്‍ ഏകദിന ഉപവാസം കവിത തീരുമാനിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു.












Click it and Unblock the Notifications