പീഡിപ്പിക്കപ്പെട്ടാല്‍ സ്ത്രീയുടെ മാനം മാത്രം എങ്ങനെയാണ് ഇടിയുന്നത്? വൈറലായി #IamNOTjustAnumber
Recommended Video

പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തരുതെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധം കനക്കുന്നു. വിധിക്കെതിരെ 'ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍ എന്ന പേരില്‍ പ്ലക്കാര്‍ഡുകള്‍ ഏന്തിപിടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്.
തങ്ങള്‍ പീഡനത്തിന് ഇരയായാല്‍ നിര്‍ബന്ധമായും പേരും ചിത്രവും വെളിപ്പെടുത്തണമെന്നാണ് കാമ്പയ്നില്‍ ആവശ്യപ്പെടുന്നത്. പീഡന കേസില്‍ പ്രതിയ്ക്ക് നഷ്ടമാകാത്ത എന്ത് അഭിമാനമാണ് ഇരയ്ക്ക് നഷ്ടമാകുന്നതെന്നാണ് കാമ്പെയ്ന്‍റെ ഭാഗമായവര്‍ മുന്നോട്ട് വെയ്ക്കുന്ന ചോദ്യം.സുപ്രീം കോടതി വിധി പുരുഷ കേന്ദ്രീകൃതമാണെന്ന വിമര്‍ശനവും ഇവര്‍ ഉയര്‍ത്തുന്നു.

ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍
'ഞാൻ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കിൽ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാൻ വെറുമൊരു നമ്പറല്ല' എന്ന ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പ് കൈയ്യില്‍ പിടിച്ച് തങ്ങളുടെ ചിത്രം ഷെയര്‍ ചെയ്താണ് പലരും കാമ്പെയ്നില്‍ പങ്കെടുത്തിരിക്കുന്നത്. ട്രാന്‍സ്ജെന്‍റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം, മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ, എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്, മാധ്യമ പ്രവര്‍ത്തക മനില എന്നിവര്‍ കാമ്പെയിനില്‍ പങ്കെടുത്ത് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കാമ്പെയ്ന്‍റെ മലയാള പരിഭാഷ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ഡോ ഷിംന അസീസ് കാമ്പെയ്ന്‍റെ ഭാഗമായത്. പോസ്റ്റ് ഇങ്ങനെ

ഞാൻ വെറുമൊരു നമ്പറല്ല
ഞാൻ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കിൽ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാൻ വെറുമൊരു നമ്പറല്ല.
കൊല്ലപ്പെട്ടാൽ പോലും റേപ്പിന് ഇരയായവളുടെ നാമം പുറത്തറിയിക്കുന്നതിൻ മേൽ വിലക്കുമായി ബഹുമാനപ്പെട്ട നിയമസംവിധാനം മുന്നോട്ട് പോകുകയാണെന്ന വാർത്ത വായിച്ചു. മരണപ്പെട്ട സ്‌ത്രീക്കും അഭിമാനമുണ്ട് എന്നതാണ് ഇതിനായി കണ്ടെത്തിയിരിക്കുന്ന ന്യായീകരണം.

അനുവദിക്കില്ല
പുരുഷമേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാൽ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ മേൽ ഒരു കൊടുംകുറ്റവാളിയാൽ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന് യാതൊരു ബന്ധവുമില്ല.ബലാത്സംഗമെന്ന നികൃഷ്‌ട പ്രവർത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം എന്റെ മരണശേഷവും തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ മുഖം പൊതുജനങ്ങളുടെ ഓർമ്മയിൽ നിന്നും മായ്‌ക്കാൻ ഞാൻ ഈ സമൂഹത്തെ അനുവദിക്കില്ല.

സ്വൈര്യമായി കഴിയാൻ അനുവദിക്കില്ല
ലോകത്ത് ബാക്കിയുള്ള അത്തരം പുരുഷൻമാരിൽ എന്റെ മുഖം കാണുന്ന ചെറിയ അസ്വസ്‌ഥതയെങ്കിലും ബാക്കി നിർത്താതെ സോഷ്യൽ മീഡിയയിലും അതുവഴി സമൂഹത്തിലും അവരെ സ്വൈര്യമായി കഴിയാൻ ഞാൻ അനുവദിക്കില്ല.എന്റെ മരണശേഷം എന്നെ എങ്ങനെയാണ് നിങ്ങൾ അഭിസംബോധന ചെയ്യാൻ പോകുന്നത്? എനിക്കായുള്ള നീതിയുടെ ഭാഗം എവിടെയാണ്? എന്റെ മരണാനന്തരം എങ്ങനെയാണ് എന്നെ നിങ്ങൾ അടയാളപ്പെടുത്താൻ പോകുന്നത്? ഞാൻ വെറുമൊരു സംഖ്യയാണെന്നോ? ദിനേന ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുന്ന നൂറു കണക്കിന്, ആയിരക്കണക്കിന് പേരിൽ ഏതോ ഒരാൾ?

എനിക്ക് സമ്മതമല്ല !
എനിക്ക് സമ്മതമല്ല ! നിങ്ങളുടെ കുറ്റകൃത്യ ഡയറക്‌ടറിയിലെ മറ്റൊരു നമ്പറല്ല ഞാൻ. ഞാനിവിടെ രക്‌തവും മാംസവുമുള്ള ഒരു ശരീരമായി ജീവിച്ചിരുന്നു. എനിക്ക് കുടുംബമുണ്ടായിരുന്നു, സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പുരുഷൻമാരാണ് എന്റെ ജീവൻ പറിച്ചെറിഞ്ഞത്. ഈ കുറ്റകൃത്യത്തിൽ നിങ്ങളും തുല്യപങ്കാളിയാണ്. ഇപ്പോൾ, എന്നെ ലോകം മറക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നുവോ? ഞാൻ അതിനെതിരെ ശക്‌തമായി പൊരുതുക തന്നെ ചെയ്യും.

ഉറച്ച ആഹ്വാനം
എന്റെ പേരുവിവരങ്ങൾ പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മറ്റൊരാളെ ഞാൻ അനുവദിക്കില്ല. എന്റെ അഭിമാനത്തെ അളക്കാനുള്ള അർഹതയും മറ്റൊരാൾക്ക് ഞാൻ കൈമാറിയിട്ടില്ല. നിങ്ങളുടെ അഭിമാനത്തിന്റെ നിർവചനങ്ങൾ തുലയട്ടെ.ഇതെന്റെ സഹോദരിമാർക്ക് വേണ്ടിയുള്ള ഉറച്ച ആഹ്വാനമാണ്.

#IamNOTjustAnumber
തെരുവുകളിൽ എന്റെ പേര് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊള്ളുക, എന്റെ ചിത്രം ധൈര്യമായി ഏന്തിക്കൊള്ളുക, പ്രക്ഷോഭങ്ങളുയർത്തുക. നമുക്ക് ഏവർക്കും നീതി ലഭിക്കും വരെ... അതിനൊരു നിമിത്തമാകാൻ എന്റെ മുഖമുണ്ടാകും, എന്റെ ആത്മാവുണ്ടാകും...
#IamNOTjustAnumber എന്ന ക്യാമ്പെയിനിൽ ഞാനും പങ്കു ചേരുന്നു.
(ഇതിന്റെ ഭാഗമായുള്ള ഇംഗ്ലീഷ് കുറിപ്പിന്റെ സ്വതന്ത്രപരിഭാഷ)
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം


Click it and Unblock the Notifications