അപൂർവ്വ പ്രതിഭാസം ; തേജും ഹമൂണും ഒരുമിച്ച്, രാജ്യത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇങ്ങനെ
ന്യൂഡൽഹി : അറബിക്കടലിൽ 'തേജ്' ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ 'ഹാമൂൺ' ചുഴലിക്കാറ്റും ഒരുമിച്ച് രൂപപ്പെടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകൾ ഒരുമിച്ച് രൂപം കൊള്ളുന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 5 വർഷം മുൻപ് 2018 ലാണ് അവസാനമായി രാജ്യത്ത് ഇങ്ങനെയൊരു സംഭവമുണ്ടായത്. നിലവിൽ തേജ്' ചുഴലിക്കാറ്റ് യെമൻ-ഒമാൻ തീരങ്ങളോട് അടുക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹമൂൺ എന്ന പേര് ഈ ചുഴലിക്കാറ്റിന് നിർദേശിച്ചത് ഇറാൻ ആണ്. ഞായറാഴ്ച രാത്രി വടക്കുകിഴക്ക് ദിശയിലേക്ക് ഗതിമാറിയ ഹമൂൺ നിലവിൽ പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലാണ് സ്ഥിതി ചെയ്യുന്നത്.

തിങ്കളാഴ്ച വൈകുന്നേരം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ ശക്തമായ ന്യൂനമർദം മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിട്ടുണ്ട്.
അതേ സമയം ഇനി വരുന്ന 12 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഒക്‌ടോബർ 25 ന് ഉച്ചയ്ക്ക് 12 മണിയോടെ ഹമൂൺ ബംഗ്ലാദേശ് തീരത്തേക്ക് അടുക്കും.
ഒക്‌ടോബർ 24 ന് മിസോറാമിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും, ത്രിപുരയിൽ അതിശക്തമായ മഴയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഒക്‌ടോബർ 25 ന് ഇവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. ഒക്‌ടോബർ 26 ന് മഴയുടെ തീവ്രത കുറഞ്ഞ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടാതെ ഒക്‌ടോബർ 24, 25 തീയതികളിൽ തെക്കൻ അസമിലും കിഴക്കൻ മേഘാലയയിലും പലയിടത്തും ചെറിയ മഴയ്ക്കും തെക്കൻ അസമിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേ സമയം, ഒക്ടോബർ 24 ന് ഒഡീഷയുടെ തീരദേശ ജില്ലകളിൽ നേരിയതോ ശക്തമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. പശ്ചിമ ബംഗാളിന്റെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications