കശ്മീർ പ്രശ്നത്തിൽ നിർണായക തീരുമാനത്തിലേക്ക് കടക്കുന്നുവെന്ന് ഇമ്രാൻ ഖാൻ; ചരിത്രപരമായ മണ്ടത്തരം
ഇസ്ലാമാബാദ്: കശ്മീർ നടപടിയിൽ ഇന്ത്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഇമ്രാൻ ഖാൻ. കശ്മീർ നയം നിർണായക ഘട്ടത്തിലാണ്. കശ്മീർ പ്രശ്നത്തിൽ നിർണായക തീരുമാനത്തിലേക്ക് കടക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയ ഇമ്രാൻ ഖാൻ കശ്മീരിലെ കേന്ദ്രസർക്കാർ നടപടിയെ ചരിത്രപരമായ മണ്ടത്തരം എന്നാണ് വിശേഷിപ്പിച്ചത്. കശ്മീർ വിഷയത്തിൽ പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി.
പാകിസ്താന്റെ നിഗൂഢ നീക്കം; പഞ്ചാബില്‍ പ്രളയ സാധ്യത, സൈന്യമിറങ്ങി, മുന്‍കരുതലുമായി ഇന്ത്യ
കശ്മീർ പ്രശ്നം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ ഇരു രാജ്യങ്ങളുടെയും കൈവശം ആണവായുധം ഉണ്ടെന്ന സത്യം മറന്നു പോകരുത്. ആണയ യുദ്ധത്തിൽ ആരും വിജയിക്കാറില്ല. ലോകത്തിലെ മഹാശക്തികൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. അവർ പിന്തുണച്ചാലും ഇല്ലെങ്കിലും പാകിസ്താൻ സാധ്യമായതെല്ലാം ചെയ്യും- ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി. പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.
ഇന്ന് കശ്മീരിനെകുറിച്ച് മാത്രം സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, എന്താണ് യഥാർത്ഥ പ്രശ്നം, എന്താണ് ഇതുവരെ നമ്മൾ ചെയ്തത്, ഇനി എന്താണ് മുന്നോട്ടുള്ള വഴികൾ എന്നതിനെകുറിച്ചാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത്. സെപ്റ്റംബർ 27ന് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ കശ്മീർ വിഷയത്തെ കുറിച്ച് സംസാരിക്കുമെന്നും അന്താരാഷ്ട്ര വേദിയിൽ കശ്മീരിലെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പുതിയ സർക്കാരുമായി ചർച്ച ആരംഭിക്കാൻ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പാകിസ്താൻ കാത്തിരുന്നു. എന്നാൽ മോദി സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. ഇന്ത്യ താഴ്വരയിലെ നിയന്ത്രണങ്ങൾ നീക്കുന്നതു വരെ കശ്മീരി ജനതയ്ക്കൊപ്പം നിൽക്കുമെന്നും ഇമ്രാൻ ഖാൻ പാകിസ്താനിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി. കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കി രണ്ടായി വിഭജിക്കാനുള്ള നടപടി ഇന്ത്യയുടെ തന്നെ ഭരണ ഘടനയ്ക്ക് എതിരാണ്, ജവഹർലാൽ നെഹ്റുവിന്റെയും ഗാന്ധിജിയുടെയും ഉറപ്പുകൾക്ക് എതിരാണിതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു
കശ്മീർ വിഷയം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ പാകിസ്താൻ വിജയിച്ചു. ലോക നേതാക്കളുമായി സംസാരിച്ചു. 1965ന് ശേഷം ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി കശ്മീർ വിഷയം അടച്ചിട്ട മുറിയിൽ യോഗം ചേർന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് വാർത്തയാക്കി. പാകിസ്താന്റെ വിജയമാണിതെന്ന് ഇമ്രാൻ ഖാൻ പ്രതികരിച്ചു. .