ഗോവയിലും ബിജെപി സര്‍ക്കാര്‍?കേന്ദ്രമന്ത്രി പരീക്കര്‍ വീണ്ടും മുഖ്യമന്ത്രിയാകും?ചരടുവലികള്‍ തുടരുന്നു
മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡും പാര്‍ട്ടിയും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
പനാജി: ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്ത ഗോവയില്‍ സര്‍ക്കാര്‍ രൂപീക്കരിക്കാനായി ഇരുപാര്‍ട്ടികളും ചരടുവലികള്‍ തുടങ്ങി. 17 സീറ്റുകളുള്ള കോണ്‍ഗ്രസും, 13 സീറ്റുകളുള്ള ബിജെപിയും മറ്റു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. നാല് എംഎല്‍എമാരുടെ കൂടി പിന്തുണയുണ്ടെങ്കില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാം.
എന്നാല്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കറിനെ സംസ്ഥാനത്ത് തിരിച്ചെത്തിച്ച് മുഖ്യമന്ത്രിയാക്കണമെന്നാണ് ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെടുന്നത്. ബിജെപി എംഎല്‍എമാരും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്. മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡും പാര്‍ട്ടിയും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് വീതം സീറ്റുകളുള്ള മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരും തങ്ങള്‍ക്കൊപ്പമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം, നാല് പേരുടെ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസും രഹസ്യനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എന്‍സിപി എംഎല്‍എയെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി തങ്ങളെ പിന്തുണക്കമെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു.
മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ മറ്റു പാര്‍ട്ടികള്‍ തീര്‍ച്ചയായും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് എംഎല്‍എമാര്‍ പറയുന്നത്.












Click it and Unblock the Notifications