വീണ്ടും പാക്കിസ്ഥാനെതിരെ ഇന്ത്യ; ബാഗ്ലിഹാർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തി, വെള്ളം തടഞ്ഞു
പഹൽഗാം ഭീകരാക്രമണത്തിൽ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ. ഏറ്റവും ഒടുവിലായി ചെനാബ് നദിയിലെ ബാഗ്ലിഹാർ അണക്കെട്ടിലൂടെ പാക്കിസ്ഥാനിലേക്ക് ജലമൊഴുകുന്നത് തടഞ്ഞു. നേരത്തേ സിന്ധു നദീ ജല കരാർ റദ്ദ് ചെയ്തുകൊണ്ട് പാക്കിസ്ഥാനെതിരെ സമാന രീതിയിലൊരു തിരിച്ചടി ഇന്ത്യ നൽകിയിരുന്നു.
ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാർ, വടക്കൻ കശ്മീരിലെ കിഷൻഗംഗ എന്നീ ജലവൈദ്യുത അണക്കെട്ടുകളുടെ വെള്ളം നിയന്ത്രിക്കാനുള്ള അധികാരം നിലവിൽ ഇന്ത്യക്കാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നേരത്തേ തന്നെ ഈ അണക്കെട്ടിന്റെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ തർക്കത്തിൽ ഇടപെടാൻ ലോകബാങ്കിനോട് പാക്കിസ്ഥാൻ മുൻപ് ആവശ്യപ്പെട്ടിരുന്നു. കിഷൻഗംഗ ഡാം സംബന്ധിച്ചും നിയമപരവും തന്ത്രപരവുമായ തർക്കങ്ങൾ ഉണ്ടായിരുന്നു.

അതേസമയം ബാഗ്ലിഹാറിൽ നിന്നുള്ള ജലം നിയന്ത്രിച്ചത് പാക്കിസ്ഥാനെ സംബന്ധിച്ച് തിരിച്ചടിയാകും. ജലസേചനത്തിനും കുടിവെള്ളത്തിനുമെല്ലാം പാക്കിസ്ഥാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നദികളാണിത്. സിന്ധു നദീജല കരാർ മരവിപ്പിച്ചത് തന്നെ പാക്കിസ്ഥാനെ സംബന്ധിച്ച് കനത്ത ആഘാതമായിരുന്നു. അതിനിടയിലാണ് വീണ്ടും പാക്കിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്ന നടപടി ഇന്ത്യ സ്വീകരിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും ആക്രമണം നടത്തിയവരേയും അതിന് പിന്നിൽ ഗൂഢാലോചന നടത്തിയവരേയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ശക്തിപ്രകടനമെന്ന നിലയിൽ നാവിക സേനയുടെ നേതൃത്വത്തിൽ വിവിധ ദീർഘദൂര മിസൈലുകളുടെ പരീക്ഷണവും ഇന്ത്യ നടത്തിയിരുന്നു. ഇന്ന് പ്രധാനമന്ത്രി നാവിക സേന മേധാവി ദിനേഷ് കെ ത്രിപാഠിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിർത്തിയിൽ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് നിർണായകമായ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച നടന്ന ഉന്നത തലയോഗത്തിൽ കര-നാവിക-വ്യോമസേനയ്ക്ക് ഏത് ആക്രമണത്തിനും തിരിച്ചടിക്കാനുള്ള പൂർണ പ്രവർത്തന സ്വാതന്ത്യം പ്രധാനമന്ത്രി നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം ഇന്ത്യ ഏത് നേരത്തും തിരിച്ചടിക്കുമെന്ന ആശങ്ക പാക്കിസ്ഥാനും ഉണ്ട്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് രഹസ്യ വിവരം ലഭിച്ചതായി കഴിഞ്ഞ ദിവസം പാക് മന്ത്രി വ്യക്തമാക്കിയിരുന്നു. തിരിച്ചടിയുണ്ടായാൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ പാക്കിസ്ഥാനും നടത്തുണ്ട്. കഴിഞ്ഞ ദിവസം 'അബ്ദലി വെപ്പൺ സിസ്റ്റം' എന്ന ബാലിസ്റ്റിക് മിസൈൽ പാക്കിസ്ഥാൻ പരീക്ഷിച്ചിരുന്നു. 450 കിലോമീറ്റർ പ്രഹരശേഷിയുള്ളതാണീ മിസൈൽ. ' സൈനികരുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയും മിസൈലിന്റെ ആധുനിക നൂതന ശേഷി ഉറപ്പാക്കുന്നതിനുമാണ് പരീക്ഷണം എന്നായിരുന്നു പാക്കിസ്ഥാന്റെ വിശദീകരണം.












Click it and Unblock the Notifications