Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ മധ്യസ്ഥ വാഗ്ദാനം ഇന്ത്യ തള്ളി; ചൈനയുമായുള്ള തര്‍ക്കം പരിഹരിക്കും, സമാധാന ശ്രമം തുടങ്ങി

ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ തള്ളി. ചൈനയുമായി സമാധാനപരമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചൈനയുമായി സൈനികമായും നയതന്ത്ര തലത്തിലും സമാധാന ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ദില്ലിയിലും ബീജിങിനും ചര്‍ച്ചകള്‍ നടക്കുകയാണ്. 1993ന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ അഞ്ച് ഉഭയകക്ഷി കരാറുകള്‍ നിലവിലുണ്ട്. എല്ലാം അതിര്‍ത്തി സംരക്ഷണവും സമാധാനവുമായി ബന്ധപ്പെട്ടതാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

p

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയും ചൈനയും അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈനികര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് മെയ് ഒമ്പത് മുതല്‍ സംഘര്‍ഷാവസ്ഥയാണ്. ഇതിനിടെയാണ് ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ നീക്കം നടത്തിയത്. മാത്രമല്ല, ചൈനീസ് സൈനികരോട് യുദ്ധത്തിന് ഒരുങ്ങാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത് സംഭവത്തിന്റെ ഗൗരവം എടുത്തുകാട്ടുന്നു.

പരിശീലനം ശക്തിപ്പെടുത്താനും യുദ്ധത്തിന് ഒരുങ്ങാനുമാണ് സൈന്യത്തിന് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദേശം. കൊറോണ വൈറസ് മൂലമുള്ള പ്രത്യേക സാഹചര്യം ചൈനയുടെ ദേശീയസുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് പ്രസിഡന്റ് പറയുന്നത്. രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഈ ഒരുക്കം നിര്‍ബന്ധമാണെന്നും ഷി ജിന്‍പിങ് പറയുന്നു. എന്നാല്‍ ജിന്‍പിങിന്റെ നിര്‍ദേശം ഇന്ത്യയുമായി മാത്രം ബന്ധപ്പെട്ടതല്ല എന്ന വാദവും ഉയരുന്നുണ്ട്. കാരണം തായ്‌വാനുമായും ചൈന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനം. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായ വേളയിലും ട്രംപ് സമാനമായ വാഗ്ദാനം നല്‍കിയിരുന്നു. ആവശ്യമില്ല എന്നാണ് അന്ന് ഇന്ത്യ പ്രതികരിച്ചത്. പുതിയ വാഗ്ദാനത്തോടും ഇന്ത്യ ഇതേ സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങളില്‍ മൂന്നാംകക്ഷി ഇടപെടേണ്ടെന്നാണ് ഇന്ത്യ കാലങ്ങളായി സ്വീകരിച്ചുവരുന്ന നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+