അഫ്ഗാന്‍ വീണ്ടും താലിബാന്‍ ഭരണത്തിലേക്ക്; കാണ്ഡഹാര്‍ കോണ്‍സുലേറ്റ് അടയ്ക്കാന്‍ ഇന്ത്യ
ദില്ലി: അഫ്ഗാനിലെ 90 ശതമാനം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കിയതോടെ ഇന്ത്യ സുരക്ഷാ നടപടികള്‍ ശക്തമാക്കി. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടയ്ക്കാന്‍ തീരുമാനിച്ചു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിക്കും. നയതന്ത്ര പ്രതിനിധികളും ഐടിബിപി പോലീസുകാരുമടക്കം 50 പേരെ തിരിച്ച് നാട്ടിലെത്തിക്കും. ഇതിന് വേണ്ടി വ്യോമ സേനയുടെ പ്രത്യേക വിമാനം അഫ്ഗാനിലേക്ക് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

1990കളില്‍ താലിബാന്റെ ആസ്ഥാനം കാണ്ഡഹാര്‍ ആയിരുന്നു. സോവിയറ്റ് അധിനിവേശത്തിന് ശേഷമാണ് കാണ്ഡഹാര്‍ താലിബാന്‍ നിയന്ത്രണത്തിലായത്. പിന്നീട് അഞ്ച് വര്‍ഷം അഫ്ഗാന്‍ ഭരിച്ചത് താലിബാനായിരുന്നു. 2001ല്‍ അമേരിക്കന്‍ അധിനിവേശം തുടങ്ങിയതോടെ താലിബാന്‍ ഭരണം വീഴുകയും അവര്‍ യുദ്ധത്തിലേക്ക് തിരിയുകയും ചെയ്തു. 20 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങുകയാണ്. ഈ വേളയില്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലേക്ക് തിരിച്ചെത്തുകയാണ്.
മുന്‍കരുതല്‍ നടപടി യുടെ ഭാഗമായിട്ടാണ് ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതും കാണ്ഡഹാറിലെ കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടയ്ക്കുന്നതും. കാണ്ഡഹാറില്‍ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. ഈ വേളയില്‍ ഇന്ത്യക്കാര്‍ക്ക് ഇവിടെ സുരക്ഷിതമാകണമെന്നില്ല. കാണ്ഡഹാറിലെ കോണ്‍സുലേറ്റ് അടച്ചാലും കാബൂളിലെ എംബസിയും ബാള്‍ഖ് പ്രവിശ്യയിലുള്ള മസാറെ ശെരീഫിലെ കോണ്‍സുലേറ്റും പ്രവര്‍ത്തിക്കും.
അഫ്ഗാനിലെ സംഘര്‍ഷഭരിതമായ സാഹചര്യം മാറിയാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചെത്തുമെന്നാണ് വിവരം. കാണ്ഡഹാറിലെ ചില ഉദ്യോഗസ്ഥരെ കാബൂളിലെ എംബസിയിലേക്ക് മാറ്റിയേക്കും. ജലാലാബാദ്, ഹിറാത്ത് എന്നിവിടങ്ങളിലും ഇന്ത്യന്‍ എംബസികള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇവ രണ്ടും അടച്ചു.












Click it and Unblock the Notifications