ട്രംപ്-പുടിൻ കൂടിക്കാഴ്‌ചയിൽ പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യ; 'യുക്രൈൻ യുദ്ധത്തിൽ സമാധാനം വാഗ്‌ദാനം ചെയ്യുന്നു'
ന്യൂഡൽഹി: അടുത്തയാഴ്‌ച നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയെ സ്വാഗതം ചെയ്‌ത് ഇന്ത്യ. യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു. ഓഗസ്‌റ്റ് പതിനഞ്ചിനാണ് അലാസ്‌കയിൽ വച്ച് ഇരു രാഷ്ട്ര തലവന്മാരും പങ്കെടുക്കുന്ന നിർണായക ഉച്ചകോടി നടക്കുന്നത്.
അലാസ്‌കയിൽ നടക്കുന്ന കൂടിക്കാഴ്‌ചയ്ക്കായി അമേരിക്കയും റഷ്യൻ ഫെഡറേഷനും തമ്മിൽ എത്തിച്ചേർന്ന ധാരണയെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. യുക്രൈൻ-റഷ്യ യുദ്ധത്തിൽ ഇന്ത്യ ആവർത്തിച്ച് പറയുന്ന നിലപാടുകൾ വീണ്ടും വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു.

'യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനും ഈ കൂടിക്കാഴ്‌ച വാഗ്‌ദാനം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്റെ യുഗമല്ല' വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പ്രസ്‌താവനയിൽ പറയുന്നു.
പുടിനുമായുള്ള വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്‌ച അടുത്ത വെള്ളിയാഴ്‌ച 'ഗ്രേറ്റ് സ്‌റ്റേറ്റ് ഓഫ് അലാസ്‌കയിൽ നടക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചു, കൂടുതൽ വിശദാംശങ്ങൾ പിന്നാലെ വരുമെന്നും അറിയിച്ചിരുന്നു. ഇതോടെ വർഷങ്ങളായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ലോകമാകെ.
2021-ൽ ജനീവയിൽ മുൻ പ്രസിഡന്റ് ജോ ബൈഡൻ പുടിനുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമുള്ള ആദ്യത്തെ യുഎസ്-റഷ്യ ഉച്ചകോടിയായിരിക്കും ഇത്. അതിനാൽ തന്നെ എല്ലാവരും ഈ ചർച്ചയെ അതീവ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. പ്രത്യേകിച്ച് യുക്രൈൻ വിഷയത്തിൽ അന്തിമ തീരുമാനം നീളുന്ന സാഹചര്യത്തിൽ.
മാത്രമല്ല 2015-ൽ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയെ കണ്ടതിനുശേഷം പുടിന്റെ ആദ്യ അമേരിക്കൻ സന്ദർശനം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. അതിനിടെ നിർണായക ഉച്ചകോടിക്ക് മുന്നോടിയായി, യുക്രൈനും റഷ്യയും തമ്മിലുള്ള സമാധാന കരാറിൽ ചില പ്രദേശങ്ങൾ കൈമാറ്റം ചെയ്യുന്നത് ഉൾപ്പെടുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ പ്രദേശം വിട്ടുകൊടുക്കുക എന്ന ആശയം യുക്രൈനിയൻ പ്രസിഡന്റ് സെലൻസ്‌കി നിരസിച്ചു. 'യുക്രൈനിന്റെ പ്രദേശികതയെ കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം ഇതിനകം തന്നെ ഭരണഘടനയിലുണ്ട്. ആരും അതിൽ നിന്ന് വ്യതിചലിക്കില്ല, ആർക്കും അതിൽ നിന്ന് വ്യതിചലിക്കാൻ കഴിയില്ല. യുക്രൈൻകാർ അവരുടെ ഭൂമി അധിനിവേശക്കാരന് നൽകില്ല' അദ്ദേഹം ടെലിഗ്രാമിലൂടെ വ്യക്തമാക്കി.
'യുക്രൈന് പുറത്തുള്ള ഏതൊരു തീരുമാനവും അതേ സമയം സമാധാനത്തിനെതിരായ തീരുമാനങ്ങളാണ്. അവ ഒന്നും കൊണ്ടുവരില്ല. ഇവ നിർജ്ജീവമായ തീരുമാനങ്ങളാണ്. അവ ഒരിക്കലും പ്രാവർത്തികമാവില്ല' എന്നും സെലൻസ്‌കി പറഞ്ഞു. എന്നാൽ ഈ പ്രസ്‌താവനയോട് ഇതുവരെയും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിട്ടില്ല.
ഉച്ചകോടി ഉറ്റുനോക്കി ഇന്ത്യയും
നിലവിലെ സാഹചര്യത്തിൽ ട്രംപിന്റെ തീരുവ നയത്തിൽ വലഞ്ഞിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ ഉച്ചകോടി. അധിക തീരുവ എന്നതിലുപരി, അത് വ്യാപാര കരാറിലൂടെ പരിഹരിക്കാമെന്നിരിക്കെ റഷ്യയുമായുള്ള എണ്ണ ഇടപാടിന്റെ പേരിൽ ഏർപ്പെടുത്തിയ പിഴ ഒഴിവാക്കി കിട്ടുക എന്നതാവും ഇന്ത്യയുടെ പ്രധാന ആവശ്യം.
യുക്രൈൻ വിഷയത്തിൽ റഷ്യ കണ്ണടച്ചാൽ ഒരുപക്ഷേ യുഎസുമായുള്ള ഭിന്നതയ്ക്ക് താൽകാലിക പരിഹാരമാവുമെന്ന് ഇന്ത്യയും കണക്കുകൂട്ടുന്നു. അങ്ങനെയെങ്കിൽ യുഎസ് ഇക്കാര്യത്തിൽ ഇന്ത്യയോട് കടുംപിടിത്തം പിടിച്ചേക്കില്ലെന്ന് വിലയിരുത്തലുണ്ട്. എന്നാൽ ഉച്ചകോടിയിൽ യുക്രൈൻ യുദ്ധത്തിൽ അന്തിമ പരിഹാരമാവാതെ വന്നാൽ അത് വീണ്ടും ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയാവും.












Click it and Unblock the Notifications