അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് പോളിയോ വാക്സിൻ നൽകും: പുതിയ ദൗത്യത്തിന് ഇന്ത്യ
ദില്ലി: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം സ്ഥാപിച്ചതോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവർക്ക് പോളിയോ കുത്തിവെപ്പ് നൽകുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. "പോളിയോ വൈറസിനെതിരായ പ്രതിരോധ മാർഗ്ഗമായി അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് സൗജന്യ പോളിയോ വാക്സിൻ-ഒപിവി & എഫ്ഐപിവി ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ഞങ്ങൾ തീരുമാനിച്ചു," പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള ആരോഗ്യ സംഘത്തിന് അഭിനന്ദനങ്ങൾ, "അദ്ദേഹം പറഞ്ഞു. ഇന്ത്യ പോളിയോ വൈറസിനെ നിർമാർജ്ജനം ചെയ്തതിരുന്നു. ഇതോടെയാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ പേർ എത്തുമ്പോൾ പോളിയോ രോഗം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (WHO) WPV1 ന്റെ വ്യാപനം ലോകത്ത് കുറഞ്ഞുവരുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. 2021 ജനുവരി ശേഷം രണ്ട് WPV1 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമായിരുന്നു. 2020ൽ പാകിസ്താനിൽ 94 WPV1 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിൽ യുദ്ധസാഹചര്യം നിലനിൽക്കുമ്പോൾ ആഗോള തലത്തിൽ രോഗവ്യാപന സാധ്യത മുന്നിൽക്കണ്ടാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യയുടെ കാര്യത്തിൽ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 300 പേർ രാജ്യത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്ക്. താജിക്കിസ്ഥാൻ, ഖത്തർ റൂട്ടുകൾ ഉപയോഗിച്ച് ഇന്ത്യ ഇന്ത്യക്കാരടക്കമുള്ളവരെ ഒഴിപ്പിച്ച് വരികയാണ് 90 ഓളം യാത്രക്കാരുമായി ഒരു എയർ ഇന്ത്യ വിമാനം ഉടൻ ദില്ലിയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ ഈ ആഴ്ച 120 ഇന്ത്യക്കാരാണ് ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിയത്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡറും എംബസി ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ എല്ലാവർക്കും ആർടിപിസിആർ പരിശോധന നടത്തിയിരുന്നു.
മാസങ്ങളായി അക്രമസംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ ക്ഷാമം നേരിടുന്നത് കൂടുതൽ ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനാ പ്രാദേശിക ഡയറക്ടർ ഡോ. അഹമ്മദ് അൽ മന്ദാരി പറഞ്ഞു. കാബൂൾ അടക്കമുള്ള നഗരങ്ങളിൽ നിന്ന് സുരക്ഷിതത്വവും അഭയവും തേടി ആളുകൾ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ പല പ്രദേശങ്ങളിലും വയറിളക്കം, പോഷകാഹാരക്കുറവ്, ഉയർന്ന രക്തസമ്മർദ്ദം, കോവിഡ് ലക്ഷണങ്ങൾ, പ്രത്യുൽപാദന സംബന്ധിയായ ആരോഗ്യ സങ്കീർണതകൾ എന്നിവ വർദ്ധിക്കുന്നതായി ഫീൽഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
താലിബാൻ രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യത്തിൽ അഫ്ഗാനിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് വരാമെന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനായി പുതിയ ഇ വിസ സംവിധാനവും ആരംഭിച്ചിരുന്നു. ഇന്ത്യയിലേക്ക് വരുന്നവരുടെ അപേക്ഷകൾ പരിശോധിച്ച ശേഷം വിസയ്ക്ക് അനുമതി നൽകുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. അഫ്ഗാൻ പ്രതിസന്ധി രൂക്ഷമായതോടെയായിരുന്നു ഇന്ത്യയുടെ നീക്കം. അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ബാക്കി ഇന്ത്യക്കാരെക്കൂടി തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.












Click it and Unblock the Notifications