കുല്‍ഭൂഷണ്‍ യാദവ്-ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച സ്വതന്ത്രമായിരിക്കണം: നിര്‍ദേശങ്ങള്‍ വെച്ച് ഇന്ത്യ
ദില്ലി: കുല്‍ഭൂഷണ്‍ യാദവിനെ ഇന്ത്യന്‍ സ്ഥാനപതികളുമായി കൂടിക്കാഴ്ച അനുവദിച്ചതിന് പിന്നാലെ നിര്‍ദേശവുമായി ഇന്ത്യ. കുല്‍ഭൂഷണ് പേടിയില്ലാതെ സംസാരിക്കാനുള്ള അവസരമൊരുക്കണമെന്നാണ് ഇന്ത്യ ഉന്നയിച്ച ഒരു ആവശ്യം. പാകിസ്താന്റെ നിരീക്ഷണത്തിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. പേടിയോ പ്രതികാര നടപടിയോ ഇല്ലാത്ത വിധം ഇന്ത്യന്‍ സ്ഥാനപതിയെ കാണാനുള്ള അവസരം പാകിസ്താന്‍ ഒരുക്കണമെന്നാണ് ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യം. ഇന്ത്യയില്‍ നിന്ന് കോണ്‍സുലര്‍ ആക്സസ് സംബന്ധിച്ച പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് പാകിസ്താന്‍ പ്രതികരിച്ചിരുന്നു.
നേരത്തെ മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ കേസ് പരിഗണിച്ച ഐസിജെ വധശിക്ഷ പുനപരിശോധിക്കാനും കോണ്‍സുലര്‍ ആക്സസ് ലഭ്യമാക്കാനും നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് കുല്‍ഭൂഷണ് ഇന്ത്യന്‍ സ്ഥാനപതിയെ കാണാന്‍ പാകിസ്താന്‍ അനുമതി നല്‍കുന്നതായി അറിയിച്ചത്.

കൂടിക്കാഴ്ചയ്ക്ക് അവസരം
കുല്‍ഭൂഷണ്‍ യാദവ് വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ പാക് സൈനിക കോടതിയുടെ വിധി പുനപരിശോധിക്കുന്നത്. വിചാരണയും ശിക്ഷയും പുനപരിശോധിക്കുന്നതിന് പുറമേ യാദവിന് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നത്. ഐസിജെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം പരിശോധിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ വക്താവ് പ്രതികരിച്ചിരുന്നു. പാകിസ്താനുമായി ഈ വിഷയത്തില്‍ നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ വഴി ബന്ധം പുലര്‍ത്തി വരികയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

സ്വതന്ത്രമായ സാഹചര്യത്തില്‍
നേരത്തെ യാദവിന്റെ കുടുംബവുമായി കൂടിക്കാഴ്ച അനുവദിച്ചപ്പോള്‍ പാകിസ്താന്‍ സിസിടിവി സ്ഥാപിച്ചിരുന്നു. ഇതിന് പുറമേ ഒരു സൈനികന്‍റെ സാന്നിധ്യത്തിലാണ് സംസാരിക്കാന്‍ അനുവദിച്ചത്. അതുകൊണ്ട് സ്വതന്ത്രമായ അന്തരീക്ഷത്തില്‍ കൂടിക്കാഴ്ചക്ക് അവസരം ഒരുക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ഇന്ത്യ. പാകിസ്താനില്‍ നിന്നുള്ള പ്രതികരണം അറിഞ്ഞതിന് ശേഷമായിരിക്കും വിഷയത്തില്‍ ഇന്ത്യ നിലപാട് സ്വീകരിക്കുക.

വിയന്ന കണ്‍വെന്‍ഷനിലെ ചട്ടങ്ങള്‍
വിയന്ന കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 36ലെ പാരഗ്രാഫ് 1(എ) ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ ഈ ആവശ്യം മുന്നോട്ടുവക്കുന്നത്. കോണ്‍സുലര്‍ ഓഫീസര്‍മാര്‍ക്ക് അതാതു രാജ്യത്തെ പൗരന്മാരോട് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശമുണ്ടെന്നാണ് വിയന്ന കണ്‍വെന്‍ഷനില്‍ പരാമര്‍ശിക്കുന്നത്. അതാതു രാജ്യത്തു നിന്നുള്ള പൗരന്മാര്‍ക്കും ഇതേ അവകാശമുണ്ട്. യാദവിന് കോണ്‍സുലര്‍ ആക്സസ് നല്‍കുന്നത് സംബന്ധിച്ച ചട്ടങ്ങളില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ആഴ്ചകളായി വാഗ്വാദം നടന്നുവരികയാണ്.

ചടങ്ങള്‍ക്ക് അനുസൃതമായി നീങ്ങുമെന്ന്
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിഷ്കര്‍ഷിക്കുന്ന ചട്ടങ്ങള്‍ക്ക് അനുസൃതമായി നീങ്ങാമെന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചിട്ടുള്ളത്. നേരത്തെ 2017 ഡിസംബര്‍ 25നാണ് കുല്‍ഭൂഷണന്റെ അമ്മയെയും ഭാര്യയെയും ഒരിക്കള്‍ കൂടിക്കാഴ്ചക്ക് അനുവദിച്ചിരുന്നു. 35 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. എന്നാല്‍ ഗ്ലാസ് സ്ക്രീന്‍ വെച്ച് വേര്‍തിരിച്ച് ഇന്റര്‍കോം വഴിയാണ് കുല്‍ഭൂഷണ്‍ സംസാരിച്ചത്. 2016 ലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ പിടികൂടിയത്. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി വിശദമായി വിചാരണ നടത്താതെ പാകിസ്താന്‍ പട്ടാള കോടതി കുല്‍ഭൂഷണ് വധശിക്ഷ വിധിക്കുകയായിരുന്നു.












Click it and Unblock the Notifications