ഇറാനില്‍ വരെ കടന്ന് ചെല്ലും..! ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ രണ്ടാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനിയായ ഐ എന്‍ എസ് അരിഘട്ടില്‍ നിന്നാണ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത് എന്നാണ് വിവരം. അതേസമയം പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
3500 കിലോമീറ്റര്‍ വരെ കടന്ന് ചെന്ന് ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്ത് രാവിലെയായിരുന്നു മിസൈല്‍ പരീക്ഷണം എന്നാണ് വിവരം. 6000 ടണ്‍ ഭാരമുള്ള ഐഎന്‍എസ് അരിഘട്ടില്‍ നിന്ന് പരീക്ഷിച്ച ഖര ഇന്ധനമുള്ള കെ-4 മിസൈലാണ് പരീക്ഷിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സബ്മേഴ്സിബിള്‍ പോണ്ടൂണുകളില്‍ നിന്ന് മാത്രമേ കെ-4 ഇതുവരെ പരീക്ഷിച്ചിട്ടുള്ളൂ.

പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ അന്തര്‍വാഹിനിയില്‍ നിന്നുള്ള വിക്ഷേപണം ഇന്ത്യയുടെ നാവിക ശേഷിയുടെ സുപ്രധാന നാഴികക്കല്ലാണ്. അതേസമയം മിസൈല്‍ ഉദ്ദേശിച്ച പാരാമീറ്ററുകള്‍ പാലിക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ പരീക്ഷണ ഫലങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബര്‍ 27 നും 30 നും ഇടയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 3,490 കിലോമീറ്റര്‍ ഫ്‌ലൈറ്റ് ഇടനാഴിയില്‍ ഒരു ഇന്റര്‍മീഡിയറ്റ് റേഞ്ച് മിസൈല്‍ പരീക്ഷണത്തിനായി ഇന്ത്യ എയര്‍മാന്‍മാര്‍ക്ക് പൊതു മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂക്ലിയര്‍ ടിപ്പും ബാലിസ്റ്റിക് മിസൈലുകളുമുള്ള രാജ്യത്തെ രണ്ടാമത്തെ ആണവ അന്തര്‍വാഹിനിയായ ഐ എന്‍ എസ് അരിഘട്ട് ഓഗസ്റ്റ് 29 നാണ് കമ്മീഷന്‍ ചെയ്തത്.
750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-15 മിസൈലുകള്‍ വഹിക്കുന്ന ഐ എന്‍ എസ് അരിഹന്തില്‍ നിന്ന് വ്യത്യസ്തമായി കെ 4 മിസൈലുകള്‍ വഹിക്കാന്‍ കഴിയുന്ന അന്തര്‍വാഹിനിയാണ് ഇത്. ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ 750 കിലോമീറ്റര്‍ ദൂരപരിധിയില്‍ നിരീക്ഷണത്തിന് ഐ എന്‍ എസ് അരിഘട്ട് ഉപയോഗപ്പെടുത്തും എന്നാണ് വിവരം. അതേസമയം 7000 ടണ്‍ ഭാരമുള്ള മൂന്നാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനിയായ ഐ എന്‍ എസ് അരിധമന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.












Click it and Unblock the Notifications