'ഗാസയിലെ വെടിനിർത്തലിന് ഇന്ത്യയുടെ പിന്തുണ'; സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ എസ് ജയശങ്കർ
ന്യൂഡൽഹി: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി എസ് ജയശങ്കർ. കൂടിക്കാഴ്‌ചയിൽ ഇസ്രായേൽ-ഹമാസ് സംഘർഷ സാഹചര്യം ഉൾപ്പെടെ ചർച്ചാ വിഷയമായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചർച്ചയിൽ പലസ്‌തീൻ വിഷയത്തിൽ ഇന്ത്യ കാലങ്ങളായി പിന്തുടർന്ന് വരുന്ന നയം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന നിലപാടാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി സ്വീകരിച്ചത്.
ഗാസയിൽ നേരത്തെയുള്ള വെടിനിർത്തലിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ വിഷയം പരിഹരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ന്യൂഡൽഹിയിൽ വച്ചാണ് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്‌ച നടത്തിയത്.

'ഭീകരതയെയും ബന്ദികളാക്കുന്ന നടപടികളെയും അപലപിക്കുന്നതോടൊപ്പം, നിരപരാധികളായ സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെടുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഏത് പ്രതികരണവും അന്താരാഷ്ട്ര മാനുഷിക നിയമം ഉയർത്തിപ്പിടിക്കുന്നതാവണം. നേരത്തെയുള്ള വെടിനിർത്തലിനെ ഇന്ത്യ പിന്തുണയ്ക്കുന്നു' എന്നായിരുന്നു ജയശങ്കർ വ്യക്തമാക്കിയത്.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദിയെ പശ്ചിമേഷ്യയിലെ സ്ഥിരത നിലനിർത്താൻ കഴിയുന്ന ഏറ്റവും നിർണായക ശക്തിയായി വിലയിരുത്തിയ ജയശങ്കർ പക്ഷേ നിലവിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സാഹചര്യം ആശങ്ക ഉണർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി.
ഗാസയിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ജയശങ്കർ ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ നേരത്തെ തന്നെ സമാന നിലപാടാണ് ഇന്ത്യ വച്ച് പുലർത്തുന്നത്. ഇസ്രായേലിനെ പൂർണമായി തള്ളാതെ തന്നെ ഗാസയിലെ പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്തണമെന്നും പലസ്‌തീൻ ജനതയുടെ അവകാശങ്ങളെ മാനിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേസമയം, കൂടിക്കാഴ്‌ചയിൽ ഇന്ത്യ-സൗദി വ്യാപാര ബന്ധം ഉൾപ്പെടെ നിർണായക വിഷയങ്ങളും ചർച്ചയായി. പ്രതിരോധ മേഖലയിൽ രണ്ട് രാജ്യങ്ങളും നടത്തി വരുന്ന സഹകരണത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തു. ഈ വർഷം ആദ്യമായി നടത്തിയ സംയുക്ത കരസേനാ അഭ്യാസത്തെയും സംയുക്ത നാവിക അഭ്യാസങ്ങളെയും പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.
സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതി ഇന്ത്യയുടെ വികസിത് ഭാരത് 2047 സംരംഭവുമായി നന്നായി ഒത്തുപോവുന്നതാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് പുതിയ പങ്കാളിത്തങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്‌ടിക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. ജി20, ബ്രിക്‌സ് ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.
അന്താരാഷ്ട്ര സമാധാനം, സുരക്ഷ, സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ഫൈസൽ രാജകുമാരൻ ചർച്ചയിൽ എടുത്ത് കാട്ടുകയുണ്ടായി. സൗദി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications