ഇതൊരു മുന്നറിയിപ്പ് മാത്രമെന്ന് സൈന്യം, 'ധാരണ തെറ്റിച്ചാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്'
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് നല്‍കിയ മറുപടിയാണ് എന്ന് ഇന്ത്യന്‍ പ്രതിരോധ സേന. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം മൂന്ന സേനകളും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിരോധ സേനയുടെ പ്രതികരണം. എയര്‍ മാര്‍ഷല്‍ എകെ ഭാരതി, ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, മേജര്‍ ജനറല്‍ എസ്എസ് ശര്‍മ, വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം എന്നും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് കൃത്യമായ ആക്രമണം നടത്താന്‍ സാധിച്ചു എന്നും പ്രതിരോധ സേന വ്യക്തമാക്കി. ആക്രമണത്തിന് മുന്‍പ് തന്നെ ചില ഭീകരകേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ ഒഴിപ്പിച്ചിരുന്നു. ഇന്ത്യ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണ് എന്നും നൂറിലധികം ഭീകരരെ വധിച്ചു എന്നും സേന കൂട്ടിച്ചേര്‍ത്തു.

'പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു. മസൂദ് അസ്ഹറിന്റെ അടുത്ത അനുയായികളെ കൊലപ്പെടുത്തി. അജ്മല്‍ കസബിന്റെ പരിശീലനത്താവളം തകര്‍ത്തു. പുല്‍വാമ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ എന്നിവ നടത്തിയ ഭീകരരെ വധിച്ചു. മുരിദ്‌കെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡേവിഡ് ഹെഡ്‌ലിയേയും അജ്മല്‍ കസബിനേയും പരിശീലിപ്പിച്ചത് മുരിദ്‌കെയില്‍ ആയിരുന്നു,' സേന വ്യക്തമാക്കി.
ബാവല്‍പൂരിലെ ഭീകരക്യാമ്പായ ഇരുനില കെട്ടിടം പൂര്‍ണമായി തകര്‍ത്തു എന്നും എയര്‍ മാര്‍ഷല്‍ എകെ ഭാരതി പറഞ്ഞു. ഇന്ത്യയുടെ ആക്രമണം പാകിസ്ഥാനിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നില്ല. പാകിസ്ഥാനിലെ സാധാരണക്കാരെ ഇന്ത്യന്‍ സൈന്യം ആക്രമിച്ചില്ല. തിരിച്ചടി ഭയന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീകരര്‍ ഒഴിഞ്ഞ് പോയിരുന്നു എന്നും പ്രതിരോധ സേന പറഞ്ഞു.
അതേസമയം പാകിസ്ഥാന്‍ പഞ്ചാബിലെ ഗുരുദ്വാര ലക്ഷ്യം വെച്ച് ആക്രമണം നടത്തിയെന്നും നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി എന്നും സൈന്യം സ്ഥിരീകരിച്ചു. യാത്ര വിമാനത്തെ പാകിസ്ഥാന്‍ മറയാക്കി ആക്രമണം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇന്ത്യ യാത്ര വിമാനങ്ങളെ ആക്രമിച്ചില്ല. പാകിസ്ഥാന്റെ നിരീക്ഷണ റഡാറുകള്‍ തകര്‍ത്തു. പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം തടയാന്‍ ഇന്ത്യ സജ്ജമായിരുന്നു എന്നും സേന വ്യക്തമാക്കി.
ഇന്ത്യയുടെ 11 വ്യോമതാവളങ്ങള്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടു. പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതോടെയാണ് ഇന്ത്യ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടത്. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ 35- 40 സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സേനകളും സംയുക്തമായാണ് ഓപ്പറേഷനില്‍ പ്രവര്‍ത്തിച്ചത്. പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നതോടെ നാവികസേന കറാച്ചിയടക്കം ലക്ഷ്യമിട്ട് നീങ്ങിയിരുന്നു.
പ്രകോപനം ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണിത്. പ്രകോപനം തുടര്‍ന്നാല്‍ ഇന്ത്യ തിരിച്ചടിക്കും. എല്ലാ തുറമുഖങ്ങളും പ്രതിരോധത്തിന് സജ്ജമാണ് എന്ന് വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ് വ്യക്തമാക്കി. റഫാല്‍ വിമാനം തകര്‍ന്നോ എന്ന ചോദ്യത്തിന് പോര്‍മുഖത്ത് നഷ്ടം സ്വാഭാവികമാണ് എന്നായിരുന്നു എയര്‍ മാര്‍ഷലിന്റെ മറുപടി. ലക്ഷ്യം നേടിയോ എന്നത് മാത്രമാണ് പ്രധാനം എന്നും വിവരങ്ങള്‍ പുറത്ത് പറയുന്നത് ശത്രുവിന് ഗുണമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഓപ്പറേഷനില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. 'പരമാവധി ആഘാതം സൃഷ്ടിക്കുന്ന സ്ഥലങ്ങളില്‍ പാകിസ്ഥാനെ ആക്രമിക്കാന്‍ തന്ത്രപരമായ തീരുമാനമെടുത്തു. വേഗത്തിലും ഏകോപിതവുമായ ആക്രമണത്തില്‍, ഇന്ത്യന്‍ സായുധ സേന വ്യോമ താവളങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടു.
ആക്രമണത്തിന് ഇന്ത്യ നല്‍കുന്ന തിരിച്ചടി വിട്ടുവീഴ്ചയില്ലാത്തതായിരിക്കുമെന്ന ശക്തമായ സന്ദേശമായിരുന്നു ഇത്. ഇതില്‍ ചക്ലാല, റഫീഖ്, റഹിം യാര്‍ ഖാന്‍ എന്നിവ പ്രധാന താവളങ്ങളില്‍ ഉണ്ടായിരുന്നു. സര്‍ഗോധ, ഭുലാരി, ജേക്കബാബാദ് തുടങ്ങിയ മറ്റ് പ്രധാന താവളങ്ങളില്‍ ആക്രമണം നടന്നു. ഈ സ്ഥലങ്ങളിലും അതിനപ്പുറത്തുമുള്ള എല്ലാ സംവിധാനങ്ങളെയും ആക്രമിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്,' എകെ ഭാരതി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാകിസ്ഥാന്‍ ഡിജിഎംഒയുമായി ചര്‍ച്ച നടത്തിയെന്ന് ഇന്ത്യന്‍ ലഫ്. ജനറല്‍ രാജീവ് ഗോയ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ട് പാക് ഡിജിഎംഒ തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. തുടര്‍ ചര്‍ച്ചകള്‍ നാളെ നടക്കുമെന്നും ലഫ്. ജനറല്‍ രാജീവ് ഗോയ് അറിയിച്ചു.












Click it and Unblock the Notifications