ഓഹരി വിപണിയില്‍ വന്‍ ഇടിവ്, സെന്‍സെക്‌സ് 4000 പോയന്റ് താഴ്ന്നു, നിഫ്റ്റിയും നഷ്ടത്തില്‍
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇടിഞ്ഞുവീണ് ഇന്ത്യന്‍ ഓഹരി വിപണി. ഇന്ത്യന്‍ ഓഹരി വിപണികളെ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇത് തള്ളിവിട്ടത്. സെന്‍സെക്‌സ് ഏകദേശം 4,000 പോയിന്റ് താഴ്ന്ന് കഴിഞ്ഞ വ്യാപാര സെഷനുശേഷം 3.5% ത്തിലധികം ഇടിഞ്ഞു. അതേസമയം നിഫ്റ്റി ഇന്ന് രാവിലെ 1000 പോയിന്റിലധികം ഇടിഞ്ഞു.
ട്രംപിന്റെ നയങ്ങളില്‍ പരിഭ്രാന്തരായ ഏഷ്യന്‍ ഓഹരികളില്‍ ഉണ്ടായ വന്‍ വില്‍പ്പനയെ തുടര്‍ന്നാണ് ഈ തകര്‍ച്ച. ഇന്ത്യന്‍ ഓഹരി വിപണികള്‍ 3.5% നഷ്ടത്തില്‍ ആണ് വ്യാപാരം ആരംഭിച്ചത്. വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് ശേഷം രാവിലെ ഒമ്പത് മണിക്ക് വ്യാപാരം പുനരാരംഭിച്ചതോടെ സെന്‍സെക്‌സ് 3939.68 പോയിന്റ് ഇടിഞ്ഞ് 71,425.01 ലെത്തി. ഈ കാലയളവില്‍ നിഫ്റ്റി 1,160.8 പോയിന്റ് ഇടിഞ്ഞ് 21,743.65 ലെത്തി.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഇന്ത്യയിലെ മുന്‍നിര 30 കമ്പനികളുടെ ഭാഗമായ സെന്‍സെക്‌സ് രാവിലെ 10 മണിക്ക് 2,700 പോയിന്റിലധികം ഇടിഞ്ഞു. അതേസമയം ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി 22,000 മാര്‍ക്കിന് തൊട്ടു മുകളിലാണ്. ഇന്ന് രാവിലെ രൂപയുടെ മൂല്യം 30 പൈസ താഴ്ന്നതോടെ യുഎസ് ഡോളറിനെതിരെ 85.74 എന്ന നിലയിലെത്തി.
ഐടി, മെറ്റല്‍, മീഡിയ, ഓട്ടോ, റിയല്‍റ്റി, ഓയില്‍ തുടങ്ങിയ മേഖലകള്‍ അഞ്ചു ശതമാനത്തിലധികം നഷ്ടത്തിലാണ്. അമേരിക്കയിലേക്ക് ജെഎല്‍ആര്‍ കാറുകള്‍ അയക്കുന്നതു നിര്‍ത്തിവച്ച ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി 11 ശതമാനം ഇടിഞ്ഞു. ടാറ്റാ സ്റ്റീലും 10 ശതമാനം താഴ്ചയിലാണ് വ്യാപാരം ആരംഭിച്ചത്. സ്വര്‍ണം ഔണ്‍സിന് 3024 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയില്‍ താഴുകയാണ്. ബ്രെന്റ് ഇനം ബാരലിന് 63.78 ഡോളര്‍ ആയി.
ട്രംപിന്റെ താരിഫുകള്‍ ഇന്ത്യന്‍ വിപണികളില്‍ ആശങ്കയുണ്ടാക്കുമെന്നും ആഗോള വ്യാപാര യുദ്ധത്തില്‍ നിന്ന് ആഭ്യന്തര സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര കാരണങ്ങളാലല്ല, മറിച്ച് ആഗോള പോര്‍ട്ട്ഫോളിയോ പ്രവാഹങ്ങളിലെ പരസ്പരബന്ധിതമായ ഒരു ശൃംഖല എന്ന നിലയിലാണ് ഇന്ത്യ വെല്ലുവിളി നേരിടുക എന്ന് മാര്‍ക്കറ്റ് വിദഗ്ധനായ അജയ് ബഗ്ഗ പറഞ്ഞു.
ആഗോള ഓഹരികളിലും വലിയ തിരിച്ചടിയോടെയാണ് തിങ്കളാഴ്ചയിലെ വ്യാപാരം ആരംഭിച്ചത്. ട്രംപിന്റെ താരിഫുകള്‍ ചൈന, ജപ്പാന്‍, തായ്വാന്‍, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ഓഹരി വിപണികളില്‍ വന്‍തോതിലുള്ള വില്‍പ്പന സമ്മര്‍ദം വര്‍ധിപ്പിച്ചു. 34% താരിഫുകള്‍ ഏര്‍പ്പെടുത്തി യുഎസിനെതിരെ തിരിച്ചടിച്ച ചൈനയില്‍ ഓഹരികള്‍ 4%-ത്തിലധികം ഇടിഞ്ഞു. അതേസമയം ഹോങ്കോങ്ങില്‍ ഹാങ് സെങ് സൂചിക 10%-ത്തിലധികം ഇടിഞ്ഞു.
ആദ്യകാല വ്യാപാരത്തില്‍ 8%-ത്തിലധികം ഇടിവ് നേരിട്ടതിന് ശേഷം ജപ്പാനിലെ നിക്കി കുറഞ്ഞത് 6.5% ഇടിഞ്ഞു. തായ്വാന്റെ പ്രധാന സൂചിക ഏകദേശം 10%-ഉം സിംഗപ്പൂരിന്റേത് 8%-ഉം ഇടിഞ്ഞു. വാള്‍സ്ട്രീറ്റിനും സ്ഥിതി ഗുരുതരമാണ്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഫ്യൂച്ചര്‍ കരാറുകള്‍ കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച യുഎസ് വിപണികള്‍ തുറക്കുമ്പോള്‍ ഗണ്യമായ നഷ്ടം വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇക്വിറ്റി ഫ്രീ-ഫാള്‍ സൃഷ്ടിച്ചതിനു പുറമേ, ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയത്തിനും കാരണമായി. ലോകമെമ്പാടും ട്രില്യണ്‍ കണക്കിന് ഡോളറിന്റെ നഷ്ടാണ് ട്രംപിന്റെ പുതിയ നയങ്ങള്‍ വരുത്തിയത് എന്നാണ് വിവരം.












Click it and Unblock the Notifications