'അള്ളാഹു ബധിരനാണോ? വാങ്ക് വിളിയ്ക്കാൻ എന്തിനാണ് ഉച്ചഭാഷിണി';ബിജെപി നേതാവിന്റെ വിവാദ പരാമർശം
നിങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാർത്ഥിക്കുന്നതിനർത്ഥം അല്ലാഹു ബധിരനാണെന്നാണ്', ഈശ്വരപ്പ പറഞ്ഞു.

ബെംഗളൂരു: വീണ്ടും വിവാദ പരാമർശവുമായി കർണാടക ബി ജെ പി നേതാവ് ഈശ്വരപ്പ. എന്തിനാണ് വാങ്കു വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതെന്നും അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേയെന്നുമാണ് ഈശ്വരപ്പ പറഞ്ഞത്. ബെംഗളൂരുവിൽ വിജയ് സങ്കൽപ്പ യാത്രയ്ക്കിടെയായിരുന്നു ഈശ്വരപ്പയുടെ ചോദ്യം.
പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിലൂടെ വാങ്ക് വിളി ഉയർന്നു. ഇതോടെ വാങ്ക് വിളി തനിക്ക് ഒരു തലവേദനയായിരിക്കുകയാണെന്ന് ഈശ്വരപ്പ പറയുകയായിരുന്നു. 'ഞാൻ എവിടെ പോയാലും ഈ വാങ്ക് വിളി എനിക്കൊരു തലവേദനയായി മാറുകയാണ്. അല്ലാഹു ബധിരനാണോ. എന്തിനാണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നത്. സുപ്രീം കോടതിയുടെ വിധി വരാനിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ ഈ വാങ്കുവിളി അവസാനിക്കും', ഈശ്വരപ്പ പറഞ്ഞു.
'ക്ഷേത്രങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും പ്രാർത്ഥനകളും ഭജനകളും അർപ്പിക്കുന്നു. ഞങ്ങൾ മതവിശ്വാസികളാണ്, പക്ഷേ ഞങ്ങൾ ഉച്ചഭാഷിണി ഉപയോഗിക്കാറില്ല. നിങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാർത്ഥിക്കുന്നതിനർത്ഥം അല്ലാഹു ബധിരനാണെന്നാണ്', ഈശ്വരപ്പ പറഞ്ഞു.
അതേസമയം പ്രസ്താവന വിവാദമായതിന് പിന്നാലെയും ഈശ്വരപ്പ ന്യായീകരിച്ചു. താൻ സാധാരണക്കാരുടെ അഭിപ്രായമാണ് പങ്കുവെച്ചതെന്നായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം. ബിജെപിക്ക് മുസ്ലീം വോട്ടുകൾ ആവശ്യമില്ലെന്ന തന്റെ പ്രസ്താവനയേയും ഈശ്വരപ്പ ന്യായീകരിച്ചു. 'ബി ജെ പിക്ക് മുസ്ലൂം വോട്ടുകൾ ആവശ്യമില്ലെന്നല്ല, പി എഫ് ഐയേയും എസ് ഡി പി ഐയേയും പിന്തുണയ്ക്കുന്ന മുസ്ലീങ്ങളുടെ വോട്ടുകൾ ഞങ്ങൾക്ക് ആവശ്യമില്ല. ദേശീയ മുസ്ലീങ്ങൾ ഞങ്ങളെ പിന്തുണയ്ക്കും', ഈശ്വരപ്പ പറഞ്ഞു.
മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ നേരത്തേയും നിരവധി വിവാദ പരാമർശങ്ങൾ നടത്തിയ നേതാവാണ്.












Click it and Unblock the Notifications