''ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? രാഹുല്‍ സഭയിൽ പ്രസംഗിക്കുന്നത് മോദിക്ക് പേടിയാണോ?'' കെസി വേണുഗോപാൽ
രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും ലോക്സഭാംഗത്വം പുനസ്ഥാപിക്കാൻ വൈകിപ്പിക്കുന്നതിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് നീക്കാനും വീടൊഴിപ്പിക്കാനും കാട്ടിയ തിരക്ക് ഇപ്പോൾ കാണുന്നില്ലെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
കെസി വേണുഗോപാലിന്റെ പ്രതികരണം: '' ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ ഓട്ടോമാറ്റിക്കായി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും. അതുപോലെ തന്നെ സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്തതോടെ ഓട്ടോമാറ്റിക്കായി അദ്ദേഹം എംപിയാണ്. വിധി പ്രസ്താവന സമയത്ത് കോടതിയില്‍ സോളിസിറ്ററി ജനറല്‍ ഉണ്ടായിരുന്നു. സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ഉണ്ടായിരുന്നത് കൊണ്ട് വിധി അറിഞ്ഞിട്ടില്ലെന്ന് അവര്‍ക്ക് പറയാനാകില്ല.
ഡിജിറ്റല്‍ ഒപ്പ് അടക്കമുളള വിധിയുടെ കോപി എത്തിച്ച് കൊടുത്തിട്ടുണ്ട്. സ്പീക്കറെ കാണാനുളള അനുമതി തേടിയിട്ടും കിട്ടിയില്ല. ഇമെയില്‍ ആയിട്ടും സ്പീഡ് പോസ്റ്റ് ആയിട്ടും കൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച വരെ കാത്തിരിക്കാം.

തിങ്കളാഴ്ച രാഹുല്‍ ഗാന്ധി സഭയില്‍ എത്തുമോ എന്ന് അറിയില്ല. രണ്ട് സുപ്രധാന പരാമര്‍ശങ്ങളാണ് സുപ്രീം കോടതിയുടെ വിധിന്യായത്തിലുളളത്. ഒന്ന്, ഒരു മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം കൊടുക്കാന്‍ എന്താണ് കാരണമെന്ന് കോടതിയോട് വിശദീകരിച്ചില്ല. അതിന് കാരണം ഭംഗ്യന്തരേണ അയോഗ്യത ഉദ്ദേശിച്ച് കൊണ്ടുളളതല്ലേ എന്നതാണ്.
രണ്ടാമത്, ഇത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയുടെ മാത്രം വിഷയമല്ല. വയനാട്ടിലെ ജനങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനുളള ജനപ്രതിനിധി ഇല്ലാതാകുന്നതാണ് സുപ്രീം കോടതി എടുത്ത് പറഞ്ഞ പ്രധാനപ്പെട്ട കാര്യം. വയനാട്ടിലെ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാകില്ല. വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും ആ അവകാശം വൈകിപ്പിക്കുന്നത് അവിടുത്തെ ജനങ്ങളോടുളള വെല്ലുവിളിയാണ്. അത് കേന്ദ്ര സര്‍ക്കാരും സ്പീക്കറും മനസ്സിലാക്കണം.
ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. ഇതെന്താ വെളളരിക്കാപ്പട്ടണമാണോ. ആ വിധി പോലും നടപ്പാക്കില്ല എന്നാണ് പറയുന്നത് എങ്കില്‍ കാണാം. രാഹുല്‍ ഗാന്ധിയെ പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണ്. വയനാട്ടിലെ ജനങ്ങളോടും ജനാധിപത്യത്തോടും ഉളള വെല്ലുവിളിയാണിത്. പ്രതിപക്ഷ നേതാവിന് അപ്പോയിന്‍മെന്റ് കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്. ജനങ്ങള്‍ ബുദ്ധിയുളളവരാണ് അവര്‍ക്ക് മനസ്സിലാകും.
സൂറത്ത് കോടതിയുടെ വിധി വന്നപ്പോള്‍ ഉത്തരവിറക്കാന്‍ ഒരു താമസവും ഇല്ലായിരുന്നു. ഒരു പരിശോധനയും ഇല്ലായിരുന്നു. വീടൊഴിപ്പിക്കാന്‍ ഒരു താമസവും ഇല്ലായിരുന്നല്ലോ. നീതിവ്യവസ്ഥയുളള രാജ്യത്ത് പരമോന്നത കോടതിയുടെ വിധി വന്നാല്‍ അത് ഉടന്‍ നടപ്പിലാക്കുക എന്നതാണ്. അത് വൈകിപ്പിക്കുമ്പോള്‍ സംശയങ്ങള്‍ വരും. അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നതിനെ ആണോ പേടിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നത് മോദിക്ക് പേടിയാണെങ്കില്‍ അത് പറയട്ടെ.
എല്ലാത്തിനേയും അതിജീവിക്കുന്ന കരുത്തനായ നേതാവാണ് മോദി എന്നല്ലേ പറയുന്നത്. പിന്നെന്തിനാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നതിനെ പേടിക്കുന്നത്. അവര്‍ക്കാകെ ചെയ്യാനാകുന്നത് ഒന്നോ രണ്ടോ ദിവസം താമസിപ്പിക്കുക എന്നത് മാത്രമാണ്. അതിനര്‍ത്ഥം അവര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തന്നെയാണ് എന്നാണ്''.












Click it and Unblock the Notifications