ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ; ബഹിരാകാശ ഡോക്കിംഗ് ദൗത്യം ഇന്ന്
ന്യൂഡല്‍ഹി: വര്‍ഷാവസാന ദൗത്യമായ 'സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ്' വിക്ഷേപിക്കാനൊരുങ്ങി ഐ എസ് ആര്‍ ഒ. ഇന്ന് രാത്രി 9:58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ഷാറില്‍ നിന്ന് പിഎസ്എല്‍വി-സി60 ഉപയോഗിച്ചാണ് വിക്ഷേപണം. രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങള്‍ ഉപയോഗിച്ച് ഇന്‍-സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ പ്രകടമാക്കുക എന്നതാണ് ഇതിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
ഭൂമിയില്‍ നിന്നുള്ള ജിഎന്‍എസ്എസിന്റെ പിന്തുണയില്ലാതെ ഭാവിയില്‍ ചന്ദ്രയാന്‍-4 പോലുള്ള ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ആവശ്യമായ സ്വയംഭരണ ഡോക്കിംഗിന്റെ മുന്നോടിയാണ് ഈ ദൗത്യം എന്ന് ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രം കൈവശമുള്ള ഡോക്കിംഗ് സാങ്കേതികവിദ്യ ഇന്ത്യയ്ക്കും സ്വന്തമാകും.

400 കിലോ ഗ്രാം വീതം വരുന്ന ടാര്‍ഗറ്റ്, ചേസര്‍ എന്നീ രണ്ട് പേടകങ്ങളെയാണു ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്നത്. മണിക്കൂറില്‍ ഏകദേശം 28,000 കിലോമീറ്റര്‍ വേഗതയില്‍ പരസ്പരം അടുത്തെത്തുമ്പോള്‍ സമീപിക്കുമ്പോഴാണു ഉപഗ്രഹങ്ങള്‍ ഒറ്റ യൂണിറ്റായി മാറും. അതിവേഗത്തില്‍ വരുന്നതിനാല്‍ പേടകങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുക എന്നത് ശ്രമകരമായ ജോലിയാണ്.
പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം സംയോജിപ്പിക്കുക, അന്തിമ പരിശോധനകള്‍ക്കായി ഫസ്റ്റ് ലോഞ്ച് പാഡിലേക്ക് മാറ്റുക എന്നീ നടപടി ക്രമങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ (യുആര്‍എസ്‌സി) ആണ് സ്പേഡെക്സ് ബഹിരാകാശ പേടകം രൂപകല്പന ചെയ്തത്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ ആവശ്യമാണ്.
ബഹിരാകാശനിലയ ക്രൂ എക്സ്ചേഞ്ച്, ബഹിരാകാശനിലയങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയ നിര്‍ണായക ജോലികള്‍ക്കും ഇത് വേണം. ഭൂമിയില്‍നിന്ന് ബഹിരാകാശയാത്രികര്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ പേടകം സ്റ്റേഷനില്‍ കൃത്യമായി ഡോക്ക് ചെയ്യുന്നത് വഴി ക്രൂവിന്റെയും ചരക്കുകളുടെയും സുരക്ഷിതമായ കൈമാറ്റം ഉറപ്പാക്കും.
ഇത്തരത്തിലുള്ള അതിസങ്കീര്‍ണവും നിര്‍ണായകവുമായ പ്രക്രിയയാണ് ഡോക്കിംഗ് എന്നതിനാല്‍ തന്നെ ഈ നേട്ടം കൈവരിക്കുക എന്നത് ബഹിരാകാശദൗത്യത്തില്‍ പ്രധാനമാണ്. ചന്ദ്രോപരിതലത്തില്‍നിന്നു പാറയും മണ്ണും ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനായി 2027 ല്‍ ചന്ദ്രയാന്‍-4 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നുണ്ട്. 2028 ഓടെ ബഹിരാകാശ നിലയം എന്നതും ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നുണ്ട്. ഈ ദൗത്യത്തിനെല്ലാം ബഹിരാകാശ ഡോക്കിംഗ് എന്ന സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണ്.












Click it and Unblock the Notifications