ചരിത്രം; ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ചരിത്ര ദൗത്യം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. വൺ വെബിന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐഎസ്ആർഒയുടെ ജിഎസ്എൽവി മാർക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയകരം ആണെന്നു ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് അറിയിച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ അർധരാത്രി കഴിഞ്ഞ് 12.07 നായിരുന്നു വിക്ഷേപണം നടന്നത്. ജിഎസ്എൽവി-3 ഉപയോഗിച്ചുള്ള ആദ്യ കൊമേഴ്‌സ്യൽ വിക്ഷേപണം ആണ് പൂർത്തിയായത്. വൺ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിച്ചത്. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചതായി ചെയർമാൻ അറിയിച്ചു.

ഇന്ത്യയുടെ ഏറ്റവും വലുപ്പ ഏറിയതും ഏറ്റവും ഭാരമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 ഇസ്രോ ആദ്യമായി ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഘല വിന്ന്യസിച്ച് ഇൻറർനെറ്റ് സേവനം നൽകാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് സേവനദാതാക്കളായ വൺ വെബ്ബിനുവേണ്ടിയാണ് ആദ്യ വാണിജ്യവിക്ഷേപണം.
ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ഈ റോക്കറ്റ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഭൂമിയോടടുത്ത ഭ്രമണപഥം ലക്ഷ്യമിടുന്നതുകൊണ്ട് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എന്ന പേരിലാണ് ജിഎസ്എൽവി മാർക്ക് 3 ഈ ദൗത്യത്തിൽ ഉപയോഗിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റാണ് എൽവിഎം-3. ജിഎസ്എൽവി മാർക് 3 ആണ് എൽവിഎം 3 എന്ന പേരിൽ പുനർനാമകരണം ചെയ്തത്. ഈ റോക്കറ്റിന് 8000 കിലോ വരെ ഭാരം വഹിക്കാനാകും.
648 ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാനാണ് വൺ വെബ് ലക്ഷ്യമിടുന്നത്. ഇതിൽ 428 എണ്ണം നേരത്തെ വിക്ഷേപിച്ചുകഴിഞ്ഞു. റഷ്യയുടെ റോസ്കോസ്മോസിൻറെ സേവനമാണ് ഇതുവരെ വെബ് വൺ ഉപയോഗിച്ചിരുന്നത്. യുക്രൈൻ യുദ്ധം വന്നതോടെ റഷ്യയും ഇതര യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടയതോടെ വെബ് വൺ ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയുമായി കരാറുണ്ടാക്കി.. ആഗോള വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യക്ക് ഇത് വലിയ തരത്തിലുള്ള നേട്ടമാണ്.












Click it and Unblock the Notifications