ബിജെപിയുമായി സഹകരിച്ചുവെന്ന് പറഞ്ഞത് രാഹുൽ ഗാന്ധിയല്ല; മലക്കംമറിഞ്ഞ് ആസാദ്
ദില്ലി; കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയത് ബിജെപിയുമായി സഹകരിക്കുന്ന നേതാക്കളാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ ഗുലാം നബി ആസാദ്. ബിജെപി ബന്ധം എന്ന ആരോപണം തെളിയിച്ചാൽ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെയ്ക്കാൻ തയ്യാറാണെന്നായിരുന്നു ആസാദ് ആദ്യം പറഞ്ഞത്. പിന്നാലെയാണ് നിലപാടിൽ നിന്ന് മലക്കം മറിഞ്ഞത്,
രാഹുൽ ഗാന്ധിയല്ല കോൺഗ്രസ് പ്രവർത്തക സമിതിയ്ക്ക് പുറത്തുള്ള നേതാക്കളാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും നേതാക്കളുടെ പ്രതികരണം നിർഭാഗ്യകരമായെന്നും ആസാദ് പറഞ്ഞു.
പാർട്ടി നേതൃത്വത്തിന് കത്തെഴുതിയ നേതാക്കളുടെ നടപടി ബിജെപിയെ സഹായക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. കത്ത് എഴുതിയ സമയം ഉചിതമായില്ലെന്നും സോണിയാ ഗാന്ധിയുടെ ആരോഗ്യനില നേതാക്കൾ പരിഗണിച്ചില്ലെന്നും രാഹുൽ വിമർശനം ഉന്നയിച്ചതായും വാർത്തകൾ വന്നിരുന്നു.
ഇതിന് പിന്നാലെയാണ് ആസാദ് രാജി സന്നദ്ധത അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണ് എന്നായിരുന്നു ഗുലാം നബിയുടെ പ്രതികരണം.
അതേസമയം തന്റെ നിലപാടിൽ നിന്ന് മുതിർന്ന നേതാവായ കപിൽ സിബലും നേരത്തേ യുടേൺ എടുത്തിരുന്നു. രാജസ്ഥാനിലും മണിപ്പൂരിലും നടത്തിയ നിയമ പോരാട്ടത്തില്‍ വിജയിച്ചു. 30 വർഷത്തിനിടെ ബിജെപിയെ അനുകൂലിച്ച് യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങൾക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണോയെന്നായിരുന്നു കപിലിന്റെ ആദ്യ ട്വീറ്റ്. എന്നാൽ തൊട്ട് പിന്നാലെ കപിൽ ട്വീറ്റ് പിൻവലിച്ചിരുന്നു. രാഹുൽ ഗാന്ധി കപിൽ സിബലിനെ വിളിച്ചു സംസാരിച്ചതിനെത്തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്.
അതിനിടെ കോൺഗ്രസ് പ്രവർത്തക സമിതിയിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരാൻ തിരുമാനമായി. സോണിയ തുടരണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി.