പൂഞ്ച് ഭീകരാക്രമണം; പിന്നില്‍ ജെയ്‌ഷെ മുഹമ്മദ്? അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് എന്ന് റിപ്പോര്‍ട്ട്. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയം. ജെയ്‌ഷെ പിന്തുണയുള്ള ഭീകരസംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.
ഭീംബര്‍ ഗലിയില്‍ നിന്ന് സാന്‍ജിയോട്ടിലേക്ക് നീങ്ങുകയായിരുന്ന സൈനിക വാഹനത്തിന് നേരെ വ്യാഴാഴ്ചയാണ് അജ്ഞാതരായ ഭീകരര്‍ ആക്രമണം നടത്തിയത്. ഇതില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ ഒരു സൈനികനെ രജൗരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൂഞ്ചില്‍ നടന്നത് ഭീകരാക്രമണമാണ് എന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രദേശത്ത് ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണ്. അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ആണ് സംഭവം. കനത്ത മഴ കാരണം മിന്നലേറ്റ് ഇന്ധനടാങ്കില്‍ തീ പടര്‍ന്നാണ് സൈനികര്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. പിന്നീട് ഭീകരാക്രമണമാണ് എന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു.
വാഹനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ഭീകരര്‍ ഇന്ധനടാങ്കിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാഹനത്തിന് തീപിടിക്കുകയും ചെയ്തു. കനത്ത മഴയും പ്രദേശത്തെ കുറഞ്ഞ ദൃശ്യപരതയും മുതലെടുത്ത് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കപ്പെട്ട രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റില്‍ നിന്നുള്ള ജവാന്മാര്‍ ആണ് കൊല്ലപ്പെട്ടത്.
Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?
ഹവില്‍ദാര്‍ മന്ദീപ് സിംഗ്, ലാന്‍സ് നായിക് ദേബാശിഷ് ബസ്വാള്‍, ലാന്‍സ് നായിക് കുല്‍വന്ത് സിംഗ്, ശിപായി ഹര്‍കൃഷന്‍ സിംഗ്, ശിപായി സേവക് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ട സൈനികര്‍. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ന് ഉച്ചക്ക് 12.30 ഓടെ എന്‍ ഐ എ സംഘം പൂഞ്ചിലേക്ക് എത്തും എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭീംബര്‍ ഗലി-പൂഞ്ച് റോഡിലെ ഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇത് വഴി വരുന്നവര്‍ മെന്ദര്‍ വഴി പൂഞ്ചിലേക്ക് പോകണം എന്നാണ് നിര്‍ദേശം. 2021 ല്‍ ഭട്ട ദുരിയനും ഡെഹ്റ കി ഗലിക്കും ഇടയിലുള്ള കാട്ടില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഒരു ജെസിഒ ഉള്‍പ്പെടെ ഒമ്പത് സൈനികരെ ഭീകരര്‍ വധിച്ചിരുന്നു.












Click it and Unblock the Notifications