പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമർ അബ്ദുള്ള: സംസ്ഥാന പദവി പുനസ്ഥാപിക്കല്‍ ചർച്ചയായോ?
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കഴ്ച നടത്തി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഒമർ അബ്ദുള്ളയുടെ ആദ്യ ഡല്‍ഹി സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരം പുറത്ത് വന്നിട്ടില്ലെങ്കിലും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ഒമർ അബ്ദുള്ള ഉന്നയിച്ചതെന്നാണ് സൂചന.
ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ആദ്യ മന്ത്രിസഭാ യോഗത്തിൽ പുതിയ സർക്കാർ പാസാക്കിയിരുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ജമ്മു കശ്മീർ നിവാസികളുടെ തനതായ ഐഡൻ്റിറ്റി സംരക്ഷിക്കുന്നതിനുമുള്ള നിർണായക ചുവടുവെപ്പായി സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍ മാറുമെന്നും പ്രമേയം വ്യക്തമാക്കി.

ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് പ്രധാനമന്ത്രിയുമായും കേന്ദ്ര സർക്കാരുമായും ചർച്ച നടത്താന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് മന്ത്രിസഭ അധികാരം നൽകിയിട്ടുമുണ്ട്. ഈ പ്രമേയം ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദിയും ഒമർ അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ച ശ്രദ്ധേയമായി മാറുന്നത്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ ഒമർ അബ്ദുള്ള അദ്ദേഹത്തിൻ്റെ ഓഫീസിലെത്തി സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ചയിൽ ജമ്മു കശ്മീരിലെ റോഡ് വികസന പദ്ധതികളെക്കുറിച്ച് അബ്ദുള്ള ഗഡ്കരിയുമായി സംസാരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരമ്പരാഗത കശ്മീരി ഷാൾ മുഖ്യമന്ത്രി ഗഡ്കരിക്ക് സമ്മാനിക്കുകയും ചെയ്തു.
അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില് 90 അംഗ നിയമസഭയില്‍ 49 സീറ്റുകള്‍ നേടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം അധികാരം പിടിച്ചത്. നാഷണല്‍ കോണ്‍ഫന്‍സിന് 41 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് 6 സീറ്റും മറ്റൊരു സഖ്യകക്ഷിയായ സി പി എമ്മിന് 1 സീറ്റും ലഭിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അഞ്ച് സ്വതന്ത്രരും എ എ പിയുടെ ഏക അംഗവും നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നിരയില്‍ ബി ജെ പിക്ക് 29 പേരുടെ പിന്തുണയാണുള്ളത്. പി ഡി പിക്ക് 3 സീറ്റുണ്ട്.












Click it and Unblock the Notifications