കല്ലെടുത്തിരുന്ന കശ്മീരികള്‍ ഇന്ന് പേനയും പുസ്തകയും കൈയിലെടുക്കുന്നു; റെക്കോഡ് പോളിംഗില്‍ മോദി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയ റെക്കോഡ് പോളിംഗില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുന്നതില്‍ കുപ്രസിദ്ധരായിരുന്ന ജമ്മു കശ്മീര്‍ ജനത ഇപ്പോള്‍ കൈയില്‍ പുസ്തകങ്ങളും പേനകളുമായി തെരുവിലൂടെ നടക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ വോട്ടര്‍മാരെ പ്രശംസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയായിരുന്നു ജമ്മു കശ്മീരില്‍ ഒന്നാം ഘട്ട പോളിംഗ്. 24 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 60.21 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണിത്. ഇതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. കശ്മീരിനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കശ്മീരി പണ്ഡിറ്റുകളുടെ പങ്ക് വളരെ വലുതാണ് എന്ന് അദ്ദേഹം പറഞ്ഞു.

പണ്ഡിറ്റ് സമൂഹവും കശ്മീരിന്റെ പൈതൃകവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും മോദി എടുത്തുപറഞ്ഞു. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സ്വാര്‍ത്ഥ താല്‍പര്യം കാശ്മീരി ഹിന്ദുക്കളെ അവരുടെ വീടുകളില്‍ നിന്ന് കുടിയിറക്കുന്നതിലേക്ക് നയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ രീതിയില്‍ അക്രമങ്ങള്‍ സഹിച്ച് കശ്മീരിലെ സിഖ് കുടുംബങ്ങളും പ്രയാസം നേരിടുന്നു എന്നും അദ്ദേഹം പറഞ്ഞു.
കാശ്മീരി ഹിന്ദു, സിഖ് സമുദായങ്ങള്‍ക്കെതിരായ അനീതിയില്‍ മൂന്ന് രാഷ്ട്രീയ 'കുടുംബ'ങ്ങളും പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചു. അവരുടെ പ്രവര്‍ത്തനങ്ങളും അവരുടെ കൂട്ടാളികളും വര്‍ഷങ്ങളായി ഈ ഗ്രൂപ്പുകളുടെ കഷ്ടപ്പാടുകള്‍ക്കും കുടിയൊഴിപ്പിക്കലിനും സംഭാവന നല്‍കിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. ശ്രീനഗറിലെ ലാല്‍ ചൗക്ക് ഒരു കാലത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നവരെ അപായപ്പെടുത്തുന്ന സ്ഥലമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ ലാല്‍ ചൗക്ക് സന്ദര്‍ശിക്കുന്നത് പേടിയോടെയാണ് എന്ന് പറഞ്ഞിരുന്നു എന്നും സുരക്ഷാ കാരണങ്ങളാല്‍ ആളുകള്‍ ഈ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ മടിച്ചിരുന്നു എന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ന് ലാല്‍ ചൗക്ക് ഉള്‍പ്പെടെയുള്ള ശ്രീനഗറിലെ മാര്‍ക്കറ്റുകള്‍ ഈദിന്റെയും ദീപാവലിയുടെയും ഊര്‍ജ്ജസ്വലമായ ആഘോഷങ്ങളാല്‍ സജീവമാണ്.
ഇത് സാമുദായിക സൗഹാര്‍ദ്ദത്തിന്റെ സൂചന നല്‍കുന്നു എന്നും മോദി പറഞ്ഞു. 'നമ്മുടെ യുവാക്കള്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പുറത്തുള്ള പഠനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ്, എന്‍സി, പിഡിപി എന്നിവര്‍ യുവാക്കളുടെ കൈകളില്‍ കല്ല് വെച്ച് സന്തോഷിച്ചു. ഇക്കൂട്ടര്‍ അവരുടെ നേട്ടത്തിനായി നമ്മുടെ കുട്ടികളുടെ ഭാവി നശിപ്പിച്ചു' പ്രധാനമന്ത്രി പറഞ്ഞു.
മറ്റൊരു തലമുറയെ കൂടി ഇവരുടെ കൈകളില്‍ ഏല്‍പ്പിച്ച് നശിപ്പിക്കാന്‍ അനുവദിക്കില്ല എന്നും അതുകൊണ്ടാണ് ഇവിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് ജമ്മു കശ്മീരിലുടനീളം സ്‌കൂളുകളും കോളേജുകളും സുഗമമായി പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് പേനകളും പുസ്തകങ്ങളും ലാപ്ടോപ്പുകളും ഉണ്ട്.
ഏതു വിധേനയും അധികാരം പിടിക്കുക എന്നത് തങ്ങളുടെ ജന്മാവകാശമാണെന്നാണ് 'മൂന്ന് കുടുംബങ്ങളും' കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ അവര്‍ ഭയവും അരാജകത്വവും പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയ അജണ്ട എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2019 ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ല്‍ ആണ് ഇവിടെ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഇനിയുള്ള രണ്ട് ഘട്ട വോട്ടെടുപ്പുകള്‍ സെപ്റ്റംബര്‍ 25നും ഒക്ടോബര്‍ 1 നും നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ എട്ടിനാണ്.












Click it and Unblock the Notifications