ജമ്മു കശ്മീര്‍: ഹുറിയത്തിന്റെ ലക്ഷ്യം നിരക്ഷര സമൂഹത്തെ സൃഷ്ടിക്കലെന്ന് മെഹബൂബ മുഫ്തി
വിഘടനവാദികളുടെ ശ്രമം ഹുറിയത്തിന് വേണ്ടി കല്ലെറിയാനുള്ള ഒരു നിരക്ഷര സമൂഹത്തെ സൃഷ്ടിക്കലാണെന്ന് മെഹബൂബ മുഫ്തി
ശ്രീനഗര്‍: കശ്മീര്‍ താഴ് വരയിലെ സ്‌കൂളുകള്‍ അടപ്പിക്കാനുള്ള ഹുറിയത്ത് വിഘടനവാദികളുടെ ശ്രമം ഹുറിയത്തിന് വേണ്ടി കല്ലെറിയാനുള്ള ഒരു നിരക്ഷര സമൂഹത്തെ സൃഷ്ടിക്കലാണെന്ന് മെഹബൂബ മുഫ്തി. കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് യുവാക്കളെയും കുട്ടികളെയും ആയുധമാക്കുന്ന ഹുറിയത്ത് നയത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മുഫ്തിയുടെ പ്രസ്താവന.
ഉദ്ധംപൂരില്‍ പ്രൊബേഷണറി ഡിഎസ്പിമാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കവേയായിരുന്നു കശ്മീര്‍ മുഖ്യനമന്ത്രിയുടെ പ്രസ്താവന. പുറത്തിറങ്ങുന്ന ബിരുദധാരികളായ ഡിഎസ്പിമാര്‍ കശ്മീര്‍ യുവാക്കള്‍ക്കിടയില്‍ കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കാനുള്ള സഹായം ചെയ്തുനല്‍കണമെന്നും ആയുധമെടുക്കുന്നതിലൂടെ ഒന്നും നേടാനാവില്ലെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മുഫ്തി ഓര്‍മിപ്പിക്കുന്നു.

കശ്മീരില്‍ യുവാക്കളെയും കുട്ടികളെയും സൈന്യത്തിനെതിരെ തെരുവിലിറക്കുകയും ആയുധമെടുപ്പിക്കുകയും ചെയ്യുന്ന വിഘടനവാദി നേതാക്കളുടെ മക്കള്‍ ഇക്കൂട്ടത്തിലില്ലെന്നും മുഫ്തി ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിനെതിരെയുള്ള പോരാട്ടത്തിലും സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ക്കുന്നതിലും പിടിയ്ക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടുന്നത് കശ്മീരിലെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ്. മുഫ്തി പറയുന്നു. ബിരുദധാരികളായ പൊലീസ് ഉദ്യോഗസ്ഥര്‍ തെരുവിലിറങ്ങിയ കുട്ടികളെ തിരികെ സ്‌കൂളിലേക്കെത്തിക്കുന്നതിനായി കൗണ്‍സിലിംഗ് നല്‍കണമെന്നും മുഫ്തി നിര്‍ദ്ദേശിക്കുന്നു.












Click it and Unblock the Notifications