ജെഡിഎസും എന്‍ഡിഎയിലേക്ക്; തീരുമാനം ഉടനുണ്ടാകുമെന്ന് ബാസവരാജ് ബൊമ്മൈ
ബെംഗളൂരു: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെ ഡി എസ്, എന്‍ ഡി എയില്‍ ചേര്‍ന്നേക്കും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ ഇത് സംബന്ധിച്ച സൂചന നല്‍കി. ജെ ഡി എസ് പ്രസിഡന്റ് എച്ച് ഡി ദേവഗൗഡയും ബി ജെ പി നേതൃത്വവും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരും എന്ന് ബാസവരാജ് ബൊമ്മൈ പറഞ്ഞു.
എച്ച്ഡി കുമാരസ്വാമി ചില വികാരങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആ ദിശയില്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ആ ചര്‍ച്ചകളുടെ ഫലത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ ജൂലൈ 18 ന് ശേഷം തീരുമാനിക്കുമെന്നും ബാസവരാജ് ബൊമ്മൈ പറഞ്ഞു.

നിയമസഭാ സമ്മേളനം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ബി ജെ പി ഇതുവരെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല. അതേസമയം മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ വി സോമണ്ണ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹങ്ങളാണെന്നും ബൊമ്മൈ പറഞ്ഞു.
കുടുംബനാഥയായ സ്ത്രീകള്‍ക്ക് എല്ലാ മാസവും 2000 രൂപ വാഗ്ദാനം ചെയ്യുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'ഗൃഹലക്ഷ്മി' പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം ആരോപിച്ചു. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയൊക്കെ വേണമെന്നാണ് പറയുന്നത്. കുറഞ്ഞ സമയത്തേക്ക് കുറച്ച് ഗുണഭോക്താക്കള്‍ക്ക് ഇത് നടപ്പിലാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാര്‍ട്ടികളും ധാരണയിലെത്തുമെന്ന് ബി ജെ പിയുടെയും ജെ ഡി എസിന്റെയും നേതാക്കള്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തന്റെ പാര്‍ട്ടിയും ജെ ഡി എസും ഒരുമിച്ച് പോരാടുമെന്ന് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നേരത്തെ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ധാരണയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കുമാരസ്വാമിയും പറഞ്ഞിരുന്നു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റുകളില്‍ 25 എണ്ണത്തിലും ബി ജെ പിയാണ് ജയിച്ചത്. ഒരു സീറ്റില്‍ ബി ജെ പി പിന്തുണയുള്ള സ്വതന്ത്രന്‍ ജയിച്ചപ്പോള്‍ ശേഷിച്ച രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും ജയിക്കാനായി.












Click it and Unblock the Notifications