ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; 19 വർഷത്തെ ചരിത്രം, ജെഎംഎമ്മിനും ബിജെപിക്കും ഒരേ പ്രതീക്ഷ, ഇക്കുറി ആര് നേടും?
റാഞ്ചി: ഈ വർഷം രാജ്യത്ത് നടക്കാനിരിക്കുന്ന പ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് ജാർഖണ്ഡിലേത്. ഹരിയാനയും ജമ്മു കശ്‌മീരും നൽകിയ പാഠങ്ങൾ കൂടി കണക്കിലെടുത്താവും പാർട്ടികൾ ഇവിടെ പ്രചരണത്തിന് ഇറങ്ങുക എന്നത് ഉറപ്പാണ്. ദേശീയ തലത്തിലെ രണ്ട് മുന്നണികൾ നേരിട്ട് ഏറ്റുമുട്ടുന്ന ഇടം എന്ന ഖ്യാതിയുണ്ട് ജാർഖണ്ഡിന്. അതൊരുപക്ഷേ ഈ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് ഒരിത്തിരി ഗ്ലാമർ പരിവേഷം നൽകുന്ന ഘടകമാണ്.
എന്നാൽ മുന്നണി സമവാക്യങ്ങൾ മാറ്റി നിർത്തിയാൽ ജാർഖണ്ഡിൽ യഥാർത്ഥ പോരാട്ടം നടക്കുന്നത് നിലവിലെ ഭരണകക്ഷിയായ ജെഎംഎമ്മും ബിജെപിയും തമ്മിലാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയ പോരാട്ടമല്ല എന്നത് കൂടി ഓർക്കണം. സംസ്ഥാനത്തിന്റെ പത്തൊൻപത് വർഷത്തെ ചരിത്രം എടുത്ത് പരിശോധിച്ചാൽ ഈ കക്ഷികൾക്ക് തന്നെയാണ് ഏറ്റവും കൊടുത്താൽ സ്ട്രൈക്ക് റേറ്റ്.

2005 മുതൽ 2019 വരെ: കണക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് എന്നും ബിജെപിയും ജെഎംഎം തമ്മിലാണ് നേരിട്ടുള്ള മത്സരം. സംസ്ഥാന രൂപീകരണത്തിന് ശേഷം ഇതുവരെയുള്ള കണക്കുകൾ എടുത്ത് നോക്കിയാൽ അത് വ്യക്തമാണ്. എങ്കിലും നേരിയ മുൻതൂക്കം അവകാശപ്പെടാൻ കഴിയുക ഹേമന്ത് സോറന്റെ ജെഎംഎമ്മിന് തന്നെയാണ്. അവരുടെ പ്രകടനം ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും മികച്ചു വരികയാണ് എന്നതാണ് പ്രത്യേകത.
2005ലാണ് ബിഹാറിൽ നിന്ന് വേർപെട്ട് ജാർഖണ്ഡ് പ്രത്യേക സംസ്ഥാനമായി മാറിയത്. ആ വർഷം തിരഞ്ഞെടുപ്പ് നടന്നപ്പോൾ പക്ഷേ ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നു. 30 സീറ്റുകളാണ് അന്ന് ബിജെപി നേടിയത്. രണ്ടാം സ്ഥാനത്തുള്ള ജെഎംഎം 17 സീറ്റുകളാണ് ഇവിടെ നേടിയത്.വോട്ട് വിഹിതത്തിലും ബിജെപി തന്നെയായിരുന്നു മുൻപിൽ. 9 സീറ്റുകൾ നേടിയ കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തി.
2009ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഎംഎമ്മും 18 സീറ്റുകൾ വീതം നേടി ഏറ്റവും വലിയ ഒറ്റ കക്ഷികളായി. എന്നാൽ ബിജെപിക്ക് വോട്ട് ശതമാനം കൂടുതലായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തായിരുന്നു. 14 സീറ്റുകളാണ് അവർ നേടിയത്. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി ബിജെപിയിൽ നിന്ന് വേർപിരിഞ്ഞ് ജെവിഎം രൂപീകരിച്ച് ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ഇവിടെ 11 സീറ്റുകൾ നേടിയിരുന്നു.
2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും എജെഎസ്‌യുവും സഖ്യത്തിലേർപ്പെട്ട് 42 സീറ്റുകൾ നേടിയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ബിജെപി 37 സീറ്റുകളാണ് നേടിയത്. ഈ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടി ജെഎംഎം ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി. കോൺഗ്രസ് ആറ് സീറ്റുകളാണ് നേടിയിരുന്നത്.
2019ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഎംഎം, കോൺഗ്രസ്, ആർജെഡി എന്നിവർ സഖ്യത്തിൽ മത്സരിക്കുകയും ഒരുമിച്ച് 47 സീറ്റുകൾ നേടിയിരുന്നു. 30 സീറ്റുകൾ നേടി ജെഎംഎം ഏറ്റവും വലിയ കക്ഷിയായപ്പോൾ ബിജെപി 25 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ കക്ഷിയായി. ഈ തിരഞ്ഞെടുപ്പിൽ 16 സീറ്റുകൾ നേടി കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇവിടെ നടത്തിയത്.
ഇക്കുറി സാധ്യത ആർക്ക്?
എന്നാൽ ഇക്കുറി ജെഎംഎം ആണോ ബിജെപിയാണോ മുന്നേറുക എന്നാണ് ഇനി കണ്ടറിയാനുള്ളത്. ഭരണകക്ഷിയായ ജെഎംഎം ഹേമന്ത് സോറന്റെ തിരിച്ചുവരവോടെ കൂടുതൽ കരുത്ത് നേടിയെന്നതാണ് പ്രധാനം. ഹരിയാനയിലെ വിജയം നൽകുന്ന ആത്മവിശ്വാസമാണ് ബിജെപിയുടെ കൈമുതൽ. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ സാന്നിധ്യവും ഇത്തവണ നിർണായകമാവും.












Click it and Unblock the Notifications