ചാണക്യ സ്ട്രാറ്റജീസും പറയുന്നു ജാർഖണ്ഡില്‍ ബിജെപിയെന്ന്: ഹേമന്ദ് സോറന് അധികാര നഷ്ടമെന്ന് സർവ്വെ
റാഞ്ചി: ജാർഖണ്ഡില്‍ ബി ജെ പി സഖ്യത്തിന് പ്രതീക്ഷ നല്‍കി ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോള്‍ സർവ്വെ ഫലം. സംസ്ഥാനത്ത് ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചിക്കുന്നത്. ബാബുലാല്‍ മറാന്‍ഡി നയിക്കുന്ന ബി ജെ പിക്ക് 45 മുതല്‍ 50 സീറ്റുകള്‍ വരെ നേടാന്‍ സാധിച്ചേക്കും. ആകെ 81 സീറ്റുകളുള്ള ജാർഖണ്ഡില്‍ കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്.
സർവ്വേ പ്രകാരം അധികാരത്തിലുള്ള ജെ എം എം - കോണ്‍ഗ്രസ് സഖ്യത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. 35 മുതല്‍ 38 വരെ സീറ്റുകളിലേക്ക് അവർ ഒതുങ്ങിയേക്കും. സ്വതന്ത്രർക്കും ചെറുകക്ഷികള്‍ക്കും കൂടി പരമാവധി നേടാന്‍ സാധിക്കുക മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളാണെന്നും സർവ്വെ പറയുന്നു. ബി ജെ പി സഖ്യത്തിന് 50 സീറ്റുകളോളം പ്രവചിക്കുന്ന ഏതാനും സർവ്വകളില്‍ ഒന്നുമാണ് ചാണക്യ സ്ട്രാറ്റജീസ്.

അതേസമയം, പീപ്പിള്‍സ് പ്രസ് സർവ്വേ പ്രകാരം 44 മുതല്‍ 53 വരെ സീറ്റുകള്‍ ബി ജെ പിക്ക് ലഭിക്കും. ജെ എം എം - കോണ്‍ഗ്രസ് സഖ്യം 25 സീറ്റിലേക്ക് ഒതുങ്ങിയേക്കും. ഏറ്റവും മികച്ച പ്രകടനം നടത്തുകയാണെങ്കിലും ഇവർക്ക് 37 വരെ സീറ്റുകളില്‍ മാത്രമാണ് സർവ്വേ ഏജന്‍സി സാധ്യത കാണുന്നത്. സ്വതന്ത്രർക്കും ചെറുകക്ഷികള്‍ക്കും അഞ്ച് മുതല്‍ ഒമ്പത് വരെ സീറ്റുകളും ലഭിച്ചേക്കും.
ജാർഖണ്ഡില്‍ 2019 ല്‍ 47 സീറ്റുകള്‍ നേടിക്കൊണ്ടായിരുന്നു ജെ എം എം - കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വന്നത്. ജെ എം എം 30 സീറ്റുകളും കോണ്‍ഗ്രസ് 16 സീറ്റുകളും നേടിയപ്പോള്‍ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ആർ ജെ ഡിക്ക് ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചു. തനിച്ച് മത്സരിച്ച സി പി ഐ - എംഎല്ലിനും ഒരു സീറ്റില്‍ വിജയിക്കാനായി. മറുവശത്ത് അധികാരത്തിലുണ്ടായിരുന്ന ബി ജെ പിക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. 37 സീറ്റുകളുണ്ടായിരുന്നു ബി ജെ പി 25 സീറ്റിലേക്ക് ഒതുങ്ങി. ജെ വി എം (പി) 3, എ ജെ എസ് യു 2, എന്‍ സി പി 1, സ്വതന്ത്രർ എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സീറ്റ് നില.












Click it and Unblock the Notifications