മോദിസര്‍ക്കാര്‍: മാര്‍ക്ക് തിരുത്തിയ വിദ്യാഭ്യാസ മന്ത്രിയെ കാണണോ?
ദില്ലി: ആശാന്‍ അക്ഷരം ഒന്ന് പിഴച്ചാല്‍ ശിഷ്യന്‍ അമ്പത്തൊന്നും പിഴക്കും എന്നാണ് ചൊല്ല്. അപ്പോള്‍ പിന്നെ വിദ്യാഭ്യാസം ഭരിക്കാനുളള കേന്ദ്രമന്ത്രി മാര്‍ക്ക് തിരുത്തിയാലത്തെ കഥ പറയാനുണ്ടോ. കേന്ദ്രമന്ത്രിയെ കണ്ട് വിദ്യാര്‍ഥികളും മാര്‍ക്ക് ലിസ്റ്റ് തിരുത്താഞ്ഞാല്‍ ഭാഗ്യം. മോദിസര്‍ക്കാര്‍ വികസിച്ചപ്പോള്‍ സഹമന്ത്രി സ്ഥാനത്തെത്തിയ പ്രൊഫ. ആര്‍ എസ് കതേരിയയ്‌ക്കെതിരാണ് മാര്‍ക്ക് തിരുത്തല്‍ ആരോപണമുള്ളത്.
ആഗ്ര സര്‍വ്വകലാശാലയില്‍ അധ്യാപക ജോലി കിട്ടാന്‍ വേണ്ടിയാണത്രെ കതേരിയ രണ്ട് വിഷയങ്ങളുടെ മാര്‍ക്ക് തിരുത്തിയത്. ഹിന്ദിക്ക് 43 ഉം ഇംഗ്ലീഷിന് 42 ഉമാണ് ഡിഗ്രിക്ക് കതേരിയയ്ക്ക് കിട്ടിയത്. ഇത് രണ്ടും തിരുത്തി യഥാക്രമം 53 ഉം 52 ഉം ആക്കിയാണത്രെ ഇദ്ദേഹം ജോലി നേടിയത്. കതേരിയയുടെ സീനിയര്‍ മന്ത്രിയായ സ്മൃതി ഇറാനിയുടെ ഡിഗ്രിയും രണ്ട് തവണ വിവാദത്തില്‍ പെട്ടിരുന്നു.

തീര്‍ന്നില്ല, എം എ രണ്ടാം വര്‍ഷത്തെ മാര്‍ക്ക് ഷീറ്റ് തിരുത്തിയതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. പ്രിന്‍സിപ്പിള്‍സ് ഓഫ് ലിറ്റററി റൈറ്റിംഗിന് 38 മാര്‍ക്ക് കിട്ടിയതിനെ തിരുത്തി 72 ആക്കിയിട്ടുണ്ടത്രെ മന്ത്രി കതേരിയ. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ 7 കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മന്ത്രിസ്ഥാനം പോകുക മാത്രമല്ല വര്‍ഷങ്ങളോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാകുകയും ചെയ്യും.
2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കതേരിയയ്‌ക്കെതിരെ മത്സരിച്ച് തോറ്റ ബി എസ് പി സ്ഥാനാര്‍ഥിയാണ് കതേരിയയ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം നല്‍കുന്ന വിശദീകരണം. മായാവതി മുഖ്യമന്ത്രിയായിരിക്കേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം നടത്തി തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നു.












Click it and Unblock the Notifications