മോദിയുടെ വിശ്വസ്തനും മലയാളിയായ കൈലാസനാഥൻ പുതുച്ചേരി ലഫ്. ഗവർണർ; 10 ഇടങ്ങളിലും പുതിയ ഗവർണർമാർ
ഡൽഹി: മലയാളിയും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ കൈലാസനാഥനെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. മറ്റ് 10 ഇടങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
വടകര സ്വദേശിയായ കെ കൈലാസനാഥൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ്. 2013 ൽ അദ്ദേഹം വിരമിച്ചെങ്കിലും കാലാവധി നീട്ടി നൽകുകയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിട്ടായിരുന്നു നിയമനം. മുഖ്യമന്ത്രിമാരായി ചുമതലയേറ്റ ആനന്ദിബെൻ പട്ടേൽ, വിജയ് രൂപാണി ഭൂപേന്ദ്ര പട്ടേൽ എന്നിങ്ങിനെ ഗുജറാത്തിന്റെ നാല് മുഖ്യമന്ത്രിമാരുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. ഇക്കഴിഞ്ഞ ജൂൺ 29 നായിരുന്നു അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് വിരമിച്ചത്. കെകെ എന്നറിയപ്പെടുന്ന കൈലാസനാഥൻ ഗുജറാത്ത് കേഡറിലെ 1979 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.

അതേസമയം ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് അസം ഗവർണർ. മണിപ്പുർ ഗവർണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. അസം ഗവർണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയെ പഞ്ചാബ് ഗവർണറായി നിയമിച്ചു. ഓംപ്രകാശ് മാത്തൂർ ആണ് സിക്കിം ഗവർണർ. സന്തോഷ് കുമാർ ഗാങ്വാർ-ജാർഖണ്ഡ്, രമൺ ദേഖ-ഛത്തീസ്ഗഡ് , സിഎച്ച് വിജയ ശങ്കർ-മേഘാലയ, സിപി രാധാകൃഷ്ണൻ-മഹാരാഷ്ട്ര, എച്ച്കെ ബാദ്ഗെ-രാജസ്ഥാൻ എന്നിവരാണ് പുതിയ ഗവർണർമാർ.












Click it and Unblock the Notifications