കമല്‍ഹാസന്റെ വന്‍ പ്രഖ്യാപനം; മല്‍സരിക്കുന്ന ലോക്‌സഭാ മണ്ഡലം ഇതാണ്... ഡിഎംകെ പിന്തുണ?
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങി സൂപ്പര്‍ താരം കമല്‍ഹാസന്‍. വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്താണ് കമല്‍ഹാസന്റെ പ്രഖ്യാപനം നടത്തിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശത്തിലാണ്.
കമല്‍ഹാസന് കോണ്‍ഗ്രസും ഡിഎംകെയും പിന്തുണ നല്‍കുമോ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. അടുത്തിടെയായി അദ്ദേഹം കോണ്‍ഗ്രസുമായും ഡിഎംകെയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. തമിഴ്‌നാട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു.

കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കുമെന്നാണ് കമല്‍ഹാസന്‍ ഇന്ന് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത്. കോയമ്പത്തൂരില്‍ മക്കള്‍ നീതി മയ്യം നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയും കോയമ്പത്തൂര്‍ നിവാസികള്‍ തനിക്ക് വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.
2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ജനവിധി തേടിയിരുന്നു. നേരിയ വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. ബിജെപിയുടെ വാനതി ശ്രീനിവാസനാണ് അന്ന് ജയിച്ചത്. എന്നാല്‍ ഇത്തവണ ഡിഎംകെയും കോണ്‍ഗ്രസും പിന്തുണച്ചാല്‍ കമല്‍ഹാസന് ജയം ഉറപ്പാകും.
ഉദയനിധി സ്റ്റാലിന്റെ വിവാദമായ സനാതന ധര്‍മ പ്രസ്താവനയിലും കമല്‍ഹാസന്‍ പ്രതികരിച്ചു. ഇക്കാര്യം നേരത്തെ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാര്‍ പറഞ്ഞിട്ടുണ്ട്. തമിഴ് ജനതയോട് ഇത് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ അനാവശ്യമായി വിവാദം സൃഷ്ടിക്കുകയാണ്. സ്‌നേഹമാണ് തന്റെ മതം എന്നും എല്ലാവരും ഐക്യത്തോടെ നില്‍ക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ സിപിഎം നേതാവായ പിആര്‍ നടരാജനാണ് ജയിച്ചത്. ബിജെപിയുടെ സിപി രാധാകൃഷ്ണനെക്കാള്‍ ഒന്നേ മുക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് മുന്നിലായിരുന്നു നടരാജന്‍. ഡിഎംകെ സഖ്യത്തിലാണ് സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം. ഈ സഖ്യത്തിലേക്ക് കമല്‍ഹാസന്‍ കൂടി എത്തിയാല്‍ മണ്ഡലത്തിന്റെ ചിത്രം മാറിയേക്കും.
കോണ്‍ഗ്രസുമായും ഡിഎംകെയുമായും സിപിഎമ്മുമായും കമല്‍ഹാസന്‍ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ഡല്‍ഹിയില്‍ വച്ച് കമല്‍ഹാസനും പങ്കാളിയായിരുന്നു. ബിജെപിക്കെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ കമല്‍ഹാസന്റെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ ചേരുമെന്നാണ് കരുതുന്നത്.
അതേസമയം, തമിഴ്‌നാട്ടിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ തയ്യാറാകണം എന്ന് പ്രവര്‍ത്തകര്‍ക്ക് കമല്‍ഹാസന്‍ നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യം കമല്‍ഹാസന്‍ പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചു. ഡിഎംകെയുമായി സഖ്യം നീക്കം വിജയിച്ചാല്‍ എംഎന്‍എമ്മിന് വലിയ നേട്ടമാകും.












Click it and Unblock the Notifications