ബിഹാറില്‍ നയിക്കാന്‍ പോരാട്ട വീര്യം: കനയ്യ കുമാർ പിസിസി അധ്യക്ഷനായേക്കും
പട്ന: സമീപകാലത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ എം എല്‍ സി തിരഞ്ഞെടുപ്പിലും പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചില്ല. ഇതിനിടെ ആർ ജെ ഡിയുമായുള്ള സഖ്യം വേർപിരിയുകുയം ചെയ്തു. ഇതോടെ ബിഹാറില്‍ പാർട്ടിയെ സമൂലമായി ഉടച്ച് വാർക്കാനുള്ള നീക്കമാണ് എ ഐ സി സി നേതൃത്വം നടത്തുന്നത്.
ഇതിന്റെ ഭാഗദമായി പി സി സി അധ്യക്ഷന്‍ മദൻ മോഹൻ ഝായെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി രാജി സമർപ്പിക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മദൻ മോഹൻ ഝായ്ക്ക് പകരക്കാരനായി കനയ്യ കുമാർ ബിഹാർ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന വാർത്തകളും പുറത്ത് വന്നുകൊണ്ടിരിക്കുകകയാണ്.

ഝാ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും പകരക്കാരനെ കണ്ടെത്തുക എ ഐ സി സിക്ക് മുന്നില്‍ അത്ര എളുപ്പമാകില്ല. ഝായുടെ നിലവിലെ കാലാവധി ആറുമാസം മുമ്പ് പൂർത്തിയായെങ്കിലും പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ എ ഐ സി സി അനുമതി നല്‍കുകയായിരുന്നു.

പി സി സി അധ്യക്ഷ സ്ഥാനത്ത് പകരക്കാരനെ തേടുമ്പോള്‍ മുതിർന്ന തലമുറയില്‍പ്പെട്ട നിരവധി നേതാക്കളുണ്ടെങ്കിലും അടുത്തിടെ പാർട്ടിയിലേക്ക് കടന്ന് വന്ന കനയ്യ കുമാറിലൂടെ ഒരു പരീക്ഷണത്തിന് കോണ്‍ഗ്രസ് തയ്യാറായേക്കുമെന്ന സൂചനകളും ശക്തമാണ്. കനയ്യ കുമാറിനെ സംസ്ഥാനത്തിന്റെ ചുമതല എല്‍പ്പിക്കുന്നത് സംബന്ധിച്ച നേതൃതലത്തില്‍ നിരവധി കൂടിയാലോചനകള്‍ നടന്നതായും റിപ്പോർട്ടുണ്ട്.

കനയ്യ കുമാറിനെ ബിഹാറിലെ അടുത്ത പാർട്ടി അധ്യക്ഷനാക്കാന്‍ എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയാണ് വലിയ താല്‍പര്യമെടുക്കുന്നതെന്നാണ് സൂചന. കനയ്യ കുമാർ പി സി സി അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ ആർ ജെ ഡിയുമായുള്ള സഖ്യം പുനരാരംഭിക്കുന്നതിലൊക്കെ ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഹാറിലെ പ്രമുഖ സമുദായ ശക്തികളായ ഭൂമിഹാറുകളെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കുന്നതിനും കനയ്യ കുമാറിന്റെ നിയമനം സഹായകരമാവുമെന്ന വിലയിരുത്തലുണ്ട്. എന്ത് തന്നെയായാലും പി സി സി അധ്യക്ഷ സ്ഥാനത്ത് ഉടന്‍ തന്നെ നിയമനം ഉണ്ടാവുമെന്നാണ് മുതിർന്ന നേതാക്കളും വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പുകളുടെയും ഉപതിരഞ്ഞെടുപ്പുകളുടെയും ഘട്ടം അവസാനിച്ചതിനാൽ സംസ്ഥാന കോൺഗ്രസിന് ഉടൻ പുതിയ അധ്യക്ഷനെ ലഭിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ ബീഹാർ സന്ദർശന വേളയില്‍ വ്യക്തമാക്കി. ബ്ലോക്ക് തലത്തിലുള്ള പാർട്ടി അധ്യക്ഷന്മാരുടെ പേരുകളും ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഒരു നേതാവിന്റെ പ്രചരണങ്ങള്‍ക്കും മറ്റുമുള്ള പ്രതിമാസ ചെലവുകൾക്കായി ഏകദേശം 6 ലക്ഷം രൂപയുടെ ഫണ്ട് ശേഖരിക്കാനുള്ള കഴിവിനും പാർട്ടി ഹൈക്കമാൻഡ് മുന്‍തൂക്കം നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എ ഐ സി സി സംസ്ഥാന പാർട്ടി ഘടകത്തിന് പ്രതിമാസം 2.5 ലക്ഷം രൂപ നൽകുമ്പോൾ, സംസ്ഥാന പാർട്ടി അധ്യക്ഷൻ ഏകദേശം 4 ലക്ഷം രൂപ കണ്ടെത്തേണ്ടതുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
കനയ്യയെക്കൂടാതെ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അഖിലേഷ് സിംഗ്, മുൻ എംപി രഞ്ജീത് രഞ്ജൻ, പാർട്ടി എം എൽ എമാരായ വിജയ് ശങ്കർ ദുബെ, പ്രേംചന്ദ്ര മിശ്ര, രാജേഷ് റാം എന്നിവരുടെ പേരുകൾ കൂടി പി സി സി അധ്യക്ഷന്മാരായി പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്.












Click it and Unblock the Notifications