കർണാടകയിൽ ബിജെപിക്ക് ഞെട്ടൽ; ലക്ഷ്മൺ സവാദി പാർട്ടി വിട്ടു,യെദിയൂരപ്പയുടെ വിശ്വസ്തൻ ഇനി കോൺഗ്രസിനൊപ്പം??
ബെംഗളൂരു: സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിൽ വൻ പൊട്ടിത്തെറി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ലക്ഷ്മൺ സവാദി ബിജെപിയിൽ നിന്നും രാജിവെച്ചു. സവാദി കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന.
യെദിയൂരപ്പ മന്ത്രിസഭയിൽ 2019 മുതൽ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സവാദി.യെദിയൂരപ്പയുടെ വിശ്വസ്തനായിരുന്ന സവാദി ബെലഗാവിയിലെ മുതിർന്ന ലിംഗായത്ത് നേതാവ് കൂടിയാണ്.' ഞാൻ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെയ്ക്കുകയാണ്', രാജിക്ക് പിന്നാലെ സവാദി പറഞ്ഞു. താനൊരു ശക്തമായ തീരുമാനം എടുക്കുമെന്നും സവാദി വ്യക്തമാക്കി.

രാജിക്ക് പിന്നാലെ അദ്ദേഹം കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ടെന്ന് സവാദിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. സവാദി അത്താനി മണ്ഡലത്തിൽ നിന്നും മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.എന്നാൽ 2018 ൽ കോൺഗ്രസിന്റെ മഹേഷ് കുമ്മത്തള്ളിയോട് കനത്ത പരാജയം രുചിച്ചു. ഇതോടെ സവാദിയെ ബിജെപി എംഎൽസിയാക്കുകയായിരുന്നു .
2019 ലെ ഓപ്പറേഷൻ താമരയിൽ മഹേഷ് കുമ്മത്തളളി ബി ജെ പിയിൽ ചേർന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമായത്. കാലുമാറിയെത്തിയ കുമ്മത്തള്ളിയ്ക്ക് തന്നെയാണ് ഇത്തവണ ബി ജെ പി സീറ്റ് അനുവദിച്ചത്. ഇതാണ് സവാദിയെ ചൊടിപ്പിച്ചത്.
കുമത്തള്ളി ബി ജെ പിയിൽ എത്തിയതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ അന്ന് ബി ജെ പി കുമ്മത്തള്ളിയെ വീണ്ടും മത്സരിപ്പിക്കുകയായിരുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ തനിക്ക് പാർട്ടി സീറ്റ് തരുമെന്നായിരുന്നു സവാദിയുടെ പ്രതീക്ഷ. എംഎൽഎസി കാലാവധി പൂർത്തിയായില്ലെങ്കിലും തനിക്ക് മത്സരിക്കാൻ താത്പര്യം ഉണ്ടെന്ന് നേരത്തേ തന്നെ സവാദി നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാൽ കുമ്മത്തള്ളിക്ക് സീറ്റ് നൽകിയില്ലെങ്കിൽ താൻ രാഷ്ട്രീയം തന്നെ വിടുമെന്ന് മുൻ കോൺഗ്രസ് നേതാവ് കൂടിയായ രമേശ് ജാർഖിഹോളി ഭീഷണി മുഴക്കുകയായിരുന്നു. ബി ജെ പിയുടെ ഓപ്പറേഷൻ താമരയിൽ കോൺഗ്രസിലെ നേതാക്കളെ മറുകണ്ടം ചാടിക്കുന്നതിന് നേതൃത്വം കൊടുത്ത നേതാവായിരുന്നു ജാർഖിഹോളി. കൂറുമാറിയെത്തിയ ജാർഖിഹോളിയെ യെദ്യൂരപ്പ മന്ത്രി സഭയിൽ ബിജെപി മന്ത്രിയാക്കിയിരുന്നു. എന്നാൽ പിന്നീട് ഒരു വിവാദത്തിൽ പെട്ട് ജാർഖിഹോളിക്ക് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നു.
കുമ്മത്തള്ളിക്ക് സീറ്റ് അനുവദിച്ചില്ലെങ്കിൽ താൻ ബെലഗാവിയിൽ മത്സരിക്കില്ലെന്നും രാഷ്ട്രീയം തന്നെ വിടുമെന്നുമായിരുന്നു ജാർഖിഹോളിയുടെ ഭീഷണി. ജാർഖിഹോളി ഇടഞ്ഞാൽ ബെലഗാവി മേഖലയിൽ അത് വലിയ തിരിച്ചടിയാകുമെന്ന് ബി ജെ പി നേതൃത്വത്തിന് അറിയാം. ഈ സാഹചര്യത്തിലാണ് സമ്മർദ്ദത്തിന് വഴി കുമ്മത്തള്ളിക്ക് സീറ്റ് അനുവദിച്ചത്.
അതേസമയം സവാദി കോൺഗ്രസിൽ ചേർന്നാൽ അത്താനിയിൽ നിന്നും അദ്ദേഹത്തിന് പാർട്ടി സീറ്റ് അനുവദിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതിനിടെ സവാദിയുമായി കോൺഗ്രസ് ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. കോൺഗ്രസുമായി സവാദി ബന്ധം പുലർത്തുകയോ ഞാനുമായി ചർച്ച നടത്തുകയോ ചെയ്തിട്ടില്ല എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ശിവകുാമർ പ്രതികരിച്ചത്.
ഏറെ ചർച്ചകൾക്കൊടുവിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു ബി ജെ പി തങ്ങളുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. 189 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ 52 പുതുമുഖങ്ങളാണ് ഉള്ളത്. സിറ്റിംഗ് എംഎൽഎമാരും മുതിർന്ന നേതാക്കളിൽ പലരും തഴയപ്പെട്ടതോടെ വലിയ ഭീഷണിയാണ് നേതാക്കൾ ഉയർത്തുന്നത്. സീറ്റ് നിഷേധിക്കപ്പെട്ട ബി ജെ പി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഉൾപ്പെടെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേതൃത്വം സീറ്റഅ അനുവദിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണിയാണ് ഷെട്ടാർ ഉയർത്തിയത്.












Click it and Unblock the Notifications