വിധി നിർണയിക്കും ഈ 51 സീറ്റുകൾ; കർണാടകത്തിൽ ആര് വാഴും? കണക്ക് കൂട്ടലുകളുമായി പാർട്ടികൾ
ബെംഗളൂർ: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ നിർണായകമായി 51 സംവരണ സീറ്റുകൾ. 2008 മുതലുള്ള കണക്കുകൾ പരിശോധിച്ച് നോക്കിയാൽ ഈ 51 സീറ്റുകളിൽ വിജയിക്കുന്നവരായിരിക്കും സംസ്ഥാന ഭരിക്കുകയെന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ പരമാവധി സീറ്റുകൾ നേടിയെടുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഭരണകക്ഷിയായ ബി ജെ പിയും കോൺഗ്രസും.
51 സീറ്റുകളിൽ 15 എണ്ണം പട്ടികവർഗ വിഭാഗങ്ങൾക്കും (എസ് ടി) 36 എണ്ണം പട്ടികജാതിക്കാർക്കുമാണ് (എസ് സി) സംവരണം ചെയ്തിരിക്കുന്നത്. ഇതിൽ 2008, 2013, 2018 തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ ജെ ഡി എസിന് സാധിച്ചിട്ടില്ല. അതേസമയം കോൺഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പലപ്പോഴും മണ്ഡലങ്ങളിൽ കാഴ്ച വെച്ചിട്ടുണ്ട്. നിലവിൽ ഈ സീറ്റുകൾ കോൺഗ്രസാണ് മുന്നിൽ. ബി ജെ പിയെക്കാൾ 3 സംവരണ സീറ്റുകളിലാണ് കോൺഗ്രസിന് ഭരണം ഉള്ളത്.

2008 ൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി ജെ പി അധികാരത്തിലേറിയപ്പോൾ 51 ൽ 29 സീറ്റായിരുന്നു പാർട്ടിക്ക് ലഭിച്ചത്. കോൺഗ്രസ് 17 സീറ്റും നേടിയിരുന്നു. എന്നാൽ 2013 ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ കോൺഗ്രസിന് ഇവിടെ 27 സീറ്റുകൾ നേടാനായി. എന്നാൽ 2018 ൽ കോൺഗ്രസിന് എട്ട് സീറ്റുകൾ ഇവിടെ നഷ്ടമായി. പാർട്ടിക്ക് ലഭിച്ചത് വെറും 19 സീറ്റുകളായിരുന്നു ബി ജെ പി 15 ൽ നിന്ന് നില മെച്ചപ്പെടുത്തി 23 സീറ്റുകൾ നേടി.
അതേസമയം ഇത്തവണ ഏത് വിധേനയും സംവരണ സീറ്റുകളിൽ വലിയ ഭൂരിപക്ഷം കോൺഗ്രസ് സ്വന്തമാക്കുമെന്ന് എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും മുൻ മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പ്രതികരച്ചു. ബി ജെ പി സർക്കാരിന്റെ സംവരണ നയങ്ങൾ സമുദായങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. ഇത് കോൺഗ്രസിന് അനുകൂലമാകും. ഇത്തവണ ആദ്യമായി, ശുപാർശകൾ സ്‌ക്രീനിംഗ് കമ്മിറ്റിയിലേക്ക് പോകുന്നതിന് മുമ്പ് എസ് എസ്- എസ് ടി വിഭാഗങ്ങളിലെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സമവായമുണ്ടാക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്, ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. പ്രിയങ്ക് പറഞ്ഞു.

അതേസമയം അത് കോൺഗ്രസിന്റെ മോഹം മാത്രമാണെന്നും സർക്കാരിന്റെ സംവരണ നയങ്ങൾ ബി ജെ പിക്ക് നേട്ടം സമ്മാനിക്കുമെന്നും ബി ജെ പി എസ് സി മോർച്ച നേതാവ് ചലവടി നാരായണസ്വാമി പ്രതികരിച്ചു. അതൃപ്തി കോൺഗ്രസിന്റെ മനസിൽ മാത്രമാണ്, ശിക്കാരിപുരയിൽ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വസതിക്ക് മുൻപിൽ ഉണ്ടായ പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ കോൺഗ്രസ് ആണെന്നും നാരായണസ്വാമി ആരോപിച്ചു.
ജനം ബി ജെ പിയിൽ സംതൃപ്തരാണ്. അടുത്തിടെ സർക്കാർ നടപ്പാക്കിയ സംവരണ നയങ്ങൾ ബി ജെ പിക്ക് കരുത്താകുകയേ ഉള്ളൂ. സംവരണ സീറ്റുകളിൽ ഞങ്ങൾ പ്രകടനം മെച്ചപ്പെടുത്തും. 200 ൽ നേടിയതിനെക്കാൾ കൂടുതൽ സീറ്റുകൾ ഞങ്ങൾ സ്വന്തമാക്കും', നാരായണ സ്വാമി പറഞ്ഞു.
അതേസമയം ഇത്തവണ സംവരണ സീറ്റുകൾ കൂടുതൽ നേടാനുള്ള തന്ത്രങ്ങൾ തങ്ങളും ആവിഷ്കരിക്കുമെന്ന് ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. ഇവിടെ പാർട്ടിയെക്കാളും സ്ഥാനാർത്ഥികളെ നോക്കിയാണ് ആളുകൾ വോട്ട് ചെയ്യാറുള്ളതെന്നും കുമാരസ്വാമി പ്രതികരിച്ചു.












Click it and Unblock the Notifications