ബിജെപിയിൽ കൂട്ടരാജി, അമ്പരന്ന് നേതൃത്വം..കോൺഗ്രസിലേക്ക് ഒഴുകി നേതാക്കൾ
ബെംഗളൂരു: കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിൽ ചേരാൻ ബി ജെ പി നേതാക്കളുടെ ഒഴുക്ക്. ഏറ്റവും ഒടുവിലായി മുതിർന്ന നേതാവും ബി ജെ പി എം എൽ സിയുമായ സി പുട്ടണ്ണയാണ് കോൺഗ്രസിൽ ചേരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ബി ജെ പി നേതൃത്വം വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ഉടൻ തന്നെ അദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെയ്ക്കുമെന്നും പുട്ടണ്ണയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

സംസ്ഥാനത്ത് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന്റെ തിരിച്ച് വരവിന് നിർണായക പങ്കുവഹിച്ച നേതാവായിട്ട് കൂടി അദ്ദേഹത്തിന് അർഹമായ പരിഗണന നേതൃത്വം നൽകിയില്ലെന്ന് അനുയായികൾ വിമർശിച്ചു. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സിറ്റി മണ്ഡലത്തിൽ നിന്നും പുട്ടണ്ണയെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

'മൂന്ന് ഓപ്ഷനുകളാണ് കോൺഗ്രസ് അദ്ദേഹത്തിന് മുന്നിൽ വെച്ചത്. രാജാജിനഗർ, പദ്മനാഭനഗർ, യശ്വന്ത്പൂർ. അദ്ദേഹമാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത്', നേതാക്കൾ പറഞ്ഞു. അതേസമയം കോൺഗ്രസിലേക്ക് എന്ന വാർത്തകളോട് പ്രതികരിക്കാൻ പുട്ടണ്ണ തയ്യാറായിട്ടില്ല. പുട്ടണ്ണയെ കൂടാതെ ബി ജെ പി എം എൽ സിമാരായ സന്ദേശ് നാഗരാജ്, എ എച്ച് വിശ്വനാഥ് എന്നിവരും ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ വിവരം.

കന്നഡയിലെ പ്രമുഖ നിർമ്മാതാവ് കൂടിയായ സന്ദേശ് കുറച്ച് നാളുകളുമായി ബി ജെ പി നേതൃത്വവുമായി അകന്ന് നിൽക്കുകയായിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം ബി ജെ പിയിൽ നിന്ന് രാജിവെച്ചിരുന്നു. തുടർന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഖാർഗെയേയും കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറിനേയും ബന്ധപ്പെട്ടെന്നാണ് വിവരം.

മുൻ കോൺഗ്രസ്- ജെ ഡി എസ് സഖ്യസർക്കാരിനെ താഴെയിറക്കുന്നതിൽ നിർണായക പങ്കുവഹിച്ച എ എച്ച് വിശ്വനാഥും കോൺഗ്രസിലേക്കുള്ള മടക്കം പ്രഖ്യാപിച്ച് കഴിഞ്ഞു. വാഗ്ദാനം നൽകിയ മന്ത്രി പദം നൽകാത്തതാണ് വിശ്വനാഥിനെ ചൊടിപ്പിച്ചത്. തന്നെ ബി ജെ പി നേതൃത്വം വഞ്ചിച്ചതായി വിശ്വനാഥ് ആരോപിച്ചിരുന്നു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മൈസൂരുവിൽ നിന്ന് മത്സരിക്കാനായുള്ള ആഗ്രഹം വിശ്വനാഥ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം ബി ജെ പി നേതാക്കളെ കൂടാതെ ജനതാദള്‍ എസ് നേതാവും ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് വിവരം. എംഎല്‍എസിയായ വൈ എസ് വി ദത്തയാണ് കോൺഗ്രസിലേക്ക് വരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ജെ ഡി എസിൽ നിന്നും രാജിവെച്ചിരുന്നു. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരമാണ് താൻ പാർട്ടി വിട്ടതെന്ന് വൈ എസ് വി ദത്ത പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ വിശ്വസ്ഥനായിരുന്നു ദത്ത.കചിക്കമംഗളൂരിലെ ദൂരിൽ നിന്നുള്ള മുൻ എം എൽ എകൂടിയാണ് അദ്ദേഹം.' വലിയ വേദനയോടെയാണ് താൻ പാർട്ടി വിട്ടത്. തന്റെ മണ്ഡലത്തിലെ വോട്ടർമാരുടെ ആഗ്രഹപ്രകാരമാണ് ഞാൻ പാർട്ടി വിട്ടത്. കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറുമായും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായും താൻ ബന്ധപ്പെട്ടതായും ദത്ത പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കരൂര്‍ മണ്ഡലത്തില്‍ നിന്ന് ദത്തയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കും. ബിജെപി സ്ഥാനാര്‍ത്ഥിയായ ബെല്ലി പ്രകാശിനെ പരാജയപ്പെടുത്തിയാണ് ദത്ത 2013ല്‍ വിജയിച്ചത്.












Click it and Unblock the Notifications