സിദ്ധരാമയ്യക്ക് കോലാറില്‍ സീറ്റില്ല; ബിജെപി വിട്ടെത്തിയ നേതാവ് അത്താനിയില്‍, കോണ്‍ഗ്രസ് പട്ടിക
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ മൂന്നാം പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കോലാറില്‍ സീറ്റ് നല്‍കിയില്ല എന്നതാണ് ഇതില്‍ പ്രധാനം. കോലാറില്‍ മറ്റൊരാള്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങും.
അതേസമയം, അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി അത്താനി നിയമസഭാ മണ്ഡലത്തില്‍ ജനവിധി തേടും. കോലാറില്‍ കൊത്തുര്‍ ജി മഞ്ജുനാഥ് ആണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുക. കോലാറിലും മല്‍സരിക്കണം എന്ന് സിദ്ധരാമയ്യക്ക് ആഗ്രഹമുണ്ടായിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ മകന്‍ പ്രതിനീധികരിച്ച മണ്ഡലമാണിത്.

വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യ മല്‍സരിക്കുന്നുണ്ട്. സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോലാറില്‍ കൂടി മല്‍സരിക്കണമെന്ന താല്‍പ്പര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. കോലാറില്‍ മറ്റൊരാളെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത് വരും ദിവസങ്ങളില്‍ പോരിന് കാരണമാകുമോ എന്നറിയാന്‍ കാത്തിരിക്കണം.
മുന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയുടെ മകന്‍ നിവേദിത് ആല്‍വയ്ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. കുംത മണ്ഡലത്തിലാണ് ആല്‍വ മല്‍സരിക്കുക. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് 129 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തില്‍ 42 പേരുടെയും. ഇപ്പോള്‍ 43 പേരുടെ പട്ടികയും പ്രസിദ്ധീകരിച്ചു. ഇതോടെ 209 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. മൊത്തം 224 മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്.
ബിജെപിയില്‍ നിന്ന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സവാദി രാജിവച്ചതും കോണ്‍ഗ്രസില്‍ ചേര്‍ന്നതും. അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. മികച്ച അനുയായികളുള്ള നേതാവ് കൂടിയാണ് സവാദി. വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശനിഴാഴ്ച്ച സ്ഥാനാര്‍ഥിയാകുകയും ചെയ്തു.
ബെലഗാവി ജില്ലയില്‍ നിന്നുള്ള ലിംഗായത്ത് നേതാവാണ് സവാദി. നേരത്തെ നിയമസഭാ കൗണ്‍സില്‍ അംഗമായിരുന്നു. ഈ പദവി രാജിവച്ചാണ് ബിജെപി വിട്ടതും കോണ്‍ഗ്രസില്‍ ചേര്‍ന്നതും. 25 വര്‍ഷത്തോളം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഇനി എനിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അനുസരണയുള്ള പ്രവര്‍ത്തകനായിരിക്കുമെന്നും സവാദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പില്‍ വ്യത്യസ്ത നീക്കവുമായിട്ടാണ് ജെഡിഎസ് മുന്നോട്ട് പോകുന്നത്. ചെറുപാര്‍ട്ടികളുമായി പാര്‍ട്ടി സഖ്യം ചേരുകയാണ്. സിപിഎം ജെഡിഎസുമായി സഖ്യമുണ്ടാക്കി. ഭാഗ്യപള്ളി മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. ഇവിടെ സിപിഎമ്മിന് പിന്തുണ നല്‍കും. 1994ലും 2004ലും സിപിഎം ജയിച്ച ഈ മണ്ഡലം പിന്നീട് കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാനാണ് ജെഡിഎസ് തീരുമാനം. ബിആര്‍എസ്, ടിഎംസി നേതാക്കള്‍ ഇത്തവണ ജെഡിഎസിന്റെ പ്രചാരണത്തിന് എത്തുമെന്നാണ് കരുതുന്നത്. ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യചര്‍ച്ചകള്‍ നടക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. വൈകാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസും ബിജെപിയുമാണ് കര്‍ണാടകയില്‍ പ്രധാന മല്‍സരം. വൊക്കലിഗ സമുദായ വോട്ട് പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. ജെഡിഎസിന്റെ വര്‍ഷങ്ങളായുള്ള വോട്ട് ബാങ്കാണ് വൊക്കലിഗ സമുദായം. മെയ് 10നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും. ഇത്തവണ കോണ്‍ഗ്രസിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.












Click it and Unblock the Notifications