ദക്ഷിണേന്ത്യ കീഴടക്കാനുള്ള പടയോട്ടം എട്ട് നിലയ്ക്ക് പൊട്ടി.. നാണം കെട്ട് മോദിയും അമിത് ഷായും
ബെംഗളൂരു: രാജ്യത്തെ സംസ്ഥാനങ്ങളോരൊന്നായി കാവി പുതപ്പിച്ച്, ആര്‍ത്തലച്ച് ഒരു തിരമാല പോലെ വരികയായിരുന്നു ദക്ഷിണേന്ത്യയിലേക്ക് മോദിയും അമിത് ഷായും. എന്നാല്‍ വിന്ധ്യനപ്പുറത്ത് ആ പടയോട്ടം കിതച്ച് നിന്നിരിക്കുന്നു. ദക്ഷിണേന്ത്യ പിടിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയുടെ ആദ്യ ചുവട് തന്നെ പിഴച്ചിരിക്കുന്നു. ഉത്തരേന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച അമിത് ഷായുടെ ചാണക്യതന്ത്രവും 2014ലെ മോദി മാജികും എട്ട് നിലയിൽ പൊട്ടുന്ന കാഴ്ചയാണ് കന്നട മണ്ണ് കാട്ടിത്തന്നിരിക്കുന്നത്.
ഉത്തരേന്ത്യ ബിജെപിക്ക് അപ്രാപ്യമല്ല. എന്നാല്‍ കേരളവും തമിഴ്‌നാടും അടങ്ങുന്ന ദക്ഷിണേന്ത്യയുടെ കാര്യം അങ്ങനെയല്ല. എന്നും സംഘപരിവാര്‍ രാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിര്‍ത്തിയ പാരമ്പര്യമാണ് ദക്ഷിണേന്ത്യയുടേത്. ബിജെപിക്ക് കാലുറപ്പിച്ച് നില്‍ക്കാനുള്ള ഒരു മണ്ണൊരുക്കല്‍ കൂടിയാണ് ഇത്തവണ കര്‍ണാടക പിടിക്കുക വഴി മോദിയും അമിത് ഷായും ലക്ഷ്യമിട്ടിരുന്നത്.

കേരളമടക്കം പിടിക്കാനുള്ള പോരാട്ടത്തിന് കര്‍ണാടകയിലെ ഭരണം ഊര്‍ജമാകുമെന്ന് ബിജെപി കരുതി. അതിന് വേണ്ടി കളിക്കാവുന്ന എല്ലാ കളികളും കളിച്ചു. പണവും അധികാരവും പ്രയോഗിച്ചു. അവസാന നിമിഷം വരെ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് യെദ്യൂരപ്പയുടെ രാജി. ഇതോടെ ദക്ഷിണേന്ത്യ പിടിക്കുക എന്ന സംഘപരിവാറിന്റെ വലിയ സ്വപ്‌നത്തിന് മേലെയാണ് കരിനിഴല്‍ പടര്‍ന്നിരിക്കുന്നത്.
Recommended Video

കേരളത്തില്‍ അധികാരത്തിലെത്താതെ മറ്റെവിടെ ഭരണം പിടിച്ചാലും ബിജെപിയുടെ വിജയം പൂര്‍ണമാകില്ലെന്ന് അമിത് ഷാ പലതവണ ആവര്‍ത്തിച്ചതാണ്. ചെങ്ങന്നൂരിലാകട്ടെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. കര്‍ണാടകയില്‍ അധികാരത്തിലെത്തിയിരുന്നുവെങ്കില്‍ ചെങ്ങന്നൂരില്‍ ബിജെപിക്കത് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ നാണം കെട്ട കുതിരക്കച്ചവടത്തിന് ശേഷം സര്‍ക്കാര്‍ താഴെപ്പോയത് ബിജെപിയെ തിരിച്ചടിക്കും.












Click it and Unblock the Notifications