സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ ശ്രമിക്കുന്നതിന് പിന്നില്‍.. തുറന്ന് പറഞ്ഞ് കുമാരസ്വാമി
കപ്പിനും ചുണ്ടിനുമിടയില്‍ അധികാരം നഷ്ടപ്പെട്ട കര്‍ണാടകത്തില്‍ തിരിച്ചുവരവ് ലക്ഷ്യം വെച്ച് ബിജെപി മറ്റൊരു രാഷ്ടീയ നാടകത്തിന് തുടക്കം കുറിക്കുന്നതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ വന്നത്. അതൃപ്തിയുള്ള കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ പണവും അധികാരവും വാഗ്ദാനം ചെയ്ത് ബിജെപി പാളയത്തില്‍ എത്തിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമം എന്നായിരുന്നു വാര്‍ത്തകള്‍.
കോണ്‍ഗ്രസിന്‍റേയും ജെഡിയുവിന്‍റേയും 20 എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച തുടങ്ങിയതായും മറ്റൊരു റിസോര്‍ട്ട് രാഷ്ടീയ നീക്കങ്ങള്‍ ഉടനെ നടക്കുമെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് തനിക്ക് അറിയാമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി കുമാരസ്വാമി.വിവരങ്ങള്‍ ഇങ്ങനെ

അധികാരത്തില്‍
അനായാസ അധികാരം സ്വപ്നം കണ്ട ബിജെപിക്ക് അവസാന നിമിഷം തിരിച്ചടി നല്‍കിയായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കര്‍ണാടകത്തില്‍ അധികാരത്തില്‍ ഏറിയത്. റിസോര്‍ട്ട് രാഷ്ട്രീയമുള്‍പ്പെടെയുള്ള നാടകങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടുപോയ അധികാരം തിരിച്ച് പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ബിജെപി ഇപ്പോഴും നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ജാര്‍ഖിഹോളി സഹോദരങ്ങള്‍
സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപി ശ്രമം നടത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം ജാര്‍ഖിഹോളി സഹോദരന്‍മാര്‍ വെടിപൊടിച്ചത്. ഏത് നിമിഷവും കര്‍ണാടക രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയായ സതീഷ് ജാര്‍ഖിഹോളി പറഞ്ഞത്.

12 എംഎല്‍എമാര്‍
സതീഷിന് പിന്നാലെ സഹോദരനും മുനിസിപ്പാലിറ്റി മന്ത്രിയുമായ രമേഷ് ജാര്‍ഖിഹോളിയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തി. 12 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ഏത് നിമിഷവും ഇവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും ഉള്‍പ്പെടെ വാര്‍ത്ത വന്നു.

100 കോടി
അതൃപ്തിയുള്ള എംഎല്‍എമാരെ ചാടിക്കാന്‍ 100 കോടിയും പദവിയും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന വാര്‍ത്തകളും പരന്നു. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് തനിക്ക് അറിയാമെന്ന് പറയുന്നു മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയവുമായി ഇറങ്ങിയാല്‍ അതിന് മറുപടികൊടുക്കാന്‍ തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു.

എല്ലാം തയ്യാര്‍
ബിജെപി റിസോര്‍ട്ടുകള്‍ തയ്യാറാക്കട്ടെ, ഏതൊക്കെ റിസോര്‍ട്ടുകള്‍ക്ക് അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്ന് തനിക്ക് അറിയാം, കുമാരസ്വാമി പറഞ്ഞു. അതേസമയം റിസോര്‍ട്ട് രാഷ്ട്രീയത്തെ കുറിച്ചുള്ള നീക്കങ്ങളെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കുമാരസ്വാമി തയ്യാറായില്ല.

പിന്നില്‍
നിലവിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍റ് ആരുടേതെന്ന് തനിക്ക് വ്യക്തമാണ്. എംഎല്‍എമാരെ ചാക്കിടാന്‍ ആരാണ് പണമിറക്കുന്നതെന്നും ആരാണ് പണം വാങ്ങിവെയ്ക്കുന്നതെന്നുമുള്ള വ്യക്തമായ ധാരണയുണ്ട്. അതേസമയം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമപരമായി തന്നെ നീങ്ങും.

അസ്വസ്ഥന്‍
സംസ്ഥാന ബിജെപി നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ അസ്വസ്ഥനല്ല. സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഓരോ ദിവസവും ഡെഡ് ലൈന്‍ ഇറക്കുന്ന തിരക്കിലാണവര്‍. അടുത്ത ഡെഡ് ലൈന്‍ ഒരുപക്ഷെ ഒക്ടോബര്‍ രണ്ടാകും. കുമാരസ്വാമി പരിഹസിച്ചു.

ആദായനികുതി വകുപ്പ്
അതേസമയം ബിജെപിയുടെ 100 കോടി വാഗ്ദാന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ആദായനികുതി വകുപ്പിന് പരാതി നല്‍കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പണം ലഭിച്ചെന്നാണ് ചിലരുടെ ആരോപണം. ഇത് സംബന്ധിച്ചും അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പിനോട് ആവശ്യപ്പെടുമെന്നും പരമേശ്വര വ്യക്തമാക്കി.

തെറ്റിധരിപ്പിച്ചു
ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ക്ക് പാര്‍ട്ടിയില്‍ എന്തെങ്കിലും അതൃപ്തി ഉള്ളതായി അറിയില്ലെന്നും സതീഷിന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും പരമേശ്വര പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റെയും ആരോപണങ്ങളെ ബിജെപി തള്ളി.

പറയണം
തങ്ങള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പണമെറിയുന്നുണ്ടെന്നുമുളള വാര്‍ത്തകള്‍ തീര്‍ത്തും അസംബന്ധമാണെന്ന് ബിജെപി പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. പണം വീശി എന്നു പറയുന്നവര്‍ തെളിവ് നല്‍കട്ടെയെന്നും ബിജെുി നേതാവ് ആര്‍ അശോക് പറഞ്ഞു.

തെരഞ്ഞെടുപ്പ്
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് നിന്നാല്‍ സംസ്ഥാനത്തെ ബിജെപിയുടെ നില പരുങ്ങലിലാകുമെന്ന ഭയം ബിജെപിയെ തെല്ലൊന്നുമല്ല അലട്ടുന്നത്. അതിനാല്‍ എന്തുവിലകൊടുത്തും അധികാരം തിരിച്ച് പിടിച്ചേ മതിയാകൂവെന്ന യെദ്യൂരപ്പയുടെ നിര്‍ദ്ദേശമാണ് ഇപ്പോഴുള്ള രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.

പദ്ധതി
കര്‍ണാടക നിയമസഭയില്‍ നിലവില്‍ 222 എംഎല്‍എമാരാണ് ഉള്ളത്. 16 കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റിച്ച് ബിജെപിയില്‍ എത്തിച്ചാല്‍ നിയമസഭയിലെ അംഗബലം 206 ആയി കുറയും. അതോടെ കേവല ഭൂരിപക്ഷം 104 ആകും.ഇതോടെ അധികാരത്തിലേറാമെന്നാണ് ബിജെപിയുടെ പദ്ധതി.

താഴെ വീഴും
അതേസമയം അത്തരത്തില്‍ ഉള്ള ഒരു കുതിരക്കച്ചവടത്തിനും ബിജെപി നേതൃത്വം മുതിരരുതെന്നും ബാഹ്യശക്തികളുടെ പ്രേരണ ഇല്ലാതെ തന്നെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കും മുന്‍പേ താഴെ വീഴുമെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.












Click it and Unblock the Notifications