21 എംഎല്‍എമാര്‍ നിയമസഭയില്‍ എത്തിയില്ല, പ്രമേയം അവതരിപ്പിച്ചു, റെഡ്ഡി ചതിച്ചെന്ന് വിമതര്‍
ബെംഗളൂരു: കര്‍ണാടകത്തില്‍ കുമാരാസ്വാമി സര്‍ക്കാര്‍ വിശ്വാസം നേടാന്‍ ശ്രമം നടത്തവെ നിയമസഭയില്‍ അംഗബലം നന്നേ കുറവ്. 21 എംഎല്‍എമാര്‍ നിയമസഭയില്‍ എത്തിയില്ല. വിമതര്‍ മാത്രമല്ല, ബിജെപി എംഎല്‍എയും സഭയില്‍ എത്താത്തത് ആശ്ചര്യമുയര്‍ത്തി. സഭാ നടപടികള്‍ തുടങ്ങിയ ഉടനെ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസം തേടിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു.

ബിജെപി നേതാക്കള്‍ക്ക് വിശ്വാസ പ്രമേയത്തില്‍മേല്‍ വോട്ടെടുപ്പ് നടത്തുന്നതിന് എന്തിനാണ് ഇത്ര ധൃതിയെന്ന് കുമാരസ്വാമി ചോദിച്ചു. മൊത്തം 21 എംഎല്‍എമാരാണ് 12 മണിവരെ നിയമസഭയില്‍ എത്താത്തത്. സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന ബിഎസ്പി എംഎല്‍എ എന്‍ മഹേഷ് എത്തിയിട്ടില്ല. ഇത് കുമാരസ്വാമി സര്‍ക്കാരിന് തിരിച്ചടിയാണ്. 15 വിമതരും ഇതുവരെ എത്തിയില്ല. രണ്ടു സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചവരാണ്. ഇവരും വന്നിട്ടില്ല. കോണ്‍ഗ്രസ് എംഎല്‍എമാരായ നാഗേന്ദ്ര, ശ്രീമന്ത് ബി പാട്ടീല്‍ എന്നിവര്‍ വരാത്തതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഒരു ബിജെപി എംഎല്‍എയും സഭയില്‍ എത്തിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ബുധനാഴ്ച വരെ വിമത പക്ഷത്തായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡി സഭയില്‍ എത്തി. സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാമലിംഗ റെഡ്ഡി ചതിച്ചുവെന്നാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമതര്‍ പ്രതികരിച്ചത്. രാജി പിന്‍വലിച്ച റെഡ്ഡി ചെയ്തത് ചതിയാണെന്നും വിമതര്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുമായി അടുപ്പമുള്ള ചില വിമതര്‍ രാജി പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചവരെ വിമതര്‍ നിലപാട് മാറ്റിയിട്ടില്ല.












Click it and Unblock the Notifications