ഷെട്ടാറും സവാദിയും അടക്കം പാർട്ടി വിട്ടവരെ പൂട്ടും; കളത്തിലിറങ്ങി അമിത് ഷാ
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാർട്ടിയുടെ മുഖങ്ങളായിരുന്ന പ്രധാന നേതാക്കൾ അടക്കം ബിജെപി വിട്ട് മറ്റ് പാർട്ടികളിലേക്ക് ചേക്കേറുകയായിരുന്നു. ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഉൾപ്പെടെയുള്ള പ്രമുഖരാണ് ബിജെപി വിട്ടത്. ഇതിൽ കൂടുതൽ പേരും കോൺഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു. പലരേയും കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ പാർട്ടി വിട്ട് പോയവരെ ഒരു തരത്തിലും വിജയിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ബിജെപി. നേതാക്കളെ 'പണികൊടുക്കാൻ' അമിത് ഷാ നേരിട്ടാണ് തന്ത്രം മെനയുന്നത്.

ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, ലിംദായത്ത് നേതാവും മുൻ ബിജെപി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന എച്ച് ഡി തിമ്മയ്യ തുടങ്ങിയ 10 നേതാക്കളാണ് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ ബിജെപി വിട്ടത്.
ഇതിൽ ഷെട്ടാർ തന്റെ സിറ്റിംഗ് മണ്ഡലമായ ഹുബ്ബള്ളി-ദർവാഡ് സെൻട്രലിൽ നിന്നാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്. ലക്ഷ്മൺ സവാദി അത്താണിയിൽ നിന്നും മുൻ കോൺഗ്രസ് നേതാവ് ആയിരന്നു മഹേഷ് കുമ്മത്തള്ളിക്കെതിരെയാണ് പോരാടുന്നത്. എച്ച് ഡി തിമ്മയ്യ ബിജെപി ജനറൽ സെക്രട്ടറി സിടി രവിക്കെതിരെയും മത്സരിക്കുന്നു.
ഹിരേറിൽ നിന്നാണ് യുബി ബൻകർ മത്സരിക്കുന്നത്. യെദിയൂരപ്പയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന നേതാവായിരുന്നു ബൻകർ. ബിസി പാട്ടീലിലെതിരെ ഹിരേർ മണ്ഡലത്തിൽ നിന്നാണ് ബൻകറിന്റെ മത്സരം. ബിജെപിയിൽ നിന്നും രാജിവെച്ച കെഎസ് കിരൺ കുമാറും കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്. അതേസമയം ബിജെപി നേതാക്കളായ അയനൂർ മഞ്ഡുനാഥ്, എ മഞ്ജു, എൻ ആർ സന്തോഷ് തുടങ്ങിയ നേതാക്കൾ ജെഡിഎസിലായിരുന്നു ചേക്കേറിയത്.
അതേസമയം പാർട്ടിയെ ചതിച്ചവരെ വിജയിക്കാൻ അനുവദിക്കില്ലെന്നാണ് ബിജെപി നിലപാട്. നേതാക്കളുടെ പരാജയം ഉറപ്പാക്കുന്നതിനായി തന്ത്രങ്ങൾ മെനയുകയാണ് നേതൃത്വം.കഴിഞ്ഞ ദിവസം അമിത് ഷായുടെ നേതൃത്വത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ നേതാക്കൾ പ്രത്യേകം യോഗം ചേർന്നു. പാർട്ടി വിട്ടവരിൽ ഏറെയും ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളാണെന്നതിനാൽ സമുദായത്തിന് സ്വാധീനമുള്ള വടക്കാൻ മേഖലയിൽ നിന്നുള്ള ബിജെപി നേതാക്കളുമായി ഷാ കൂടിക്കാഴ്ച നടത്തി.
2018 ൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുന്നതിൽ നിർണായകമായിരുന്ന മേഖലയാണ് കിറ്റൂർ-കർണാടക മേഖല. ലിംഗായത്ത് സമുദായം ഇവിടെ ബിജെപിയെ കൈവിട്ടാൽ പാർട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക.ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരവധി റോഡ് ഷോകൾ മേഖലകൾ കേന്ദ്ീകരിച്ച് ബിജെപി തയ്യാറാക്കുന്നുണ്ട്. മാത്രമല്ല മുതിർന്ന നേതാക്കളായ ബിഎസ് യെദിയൂരപ്പ, പ്രഹ്ളാദ് ജോഷി എന്നിവർക്ക് ഈ മേഖലയുടെ പ്രത്യേക ചുമതലയും ബിജെപി ദേശീയ നേതൃത്വം നൽകിയിട്ടുണ്ട്.
അതേസമയം ഒന്നോ രണ്ടോ നേതാക്കൾ പാർട്ടി വിട്ടത് കൊണ്ട് ബിജെപി യാതൊരു തിരിച്ചടിയും സംഭവിക്കില്ലെന്നാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഷെട്ടാർ ഉൾപ്പെടെ ബിജെപിയെ ചതിച്ച നേതാക്കൾക്ക് കനത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ബിഎസ് യെദിയൂരപ്പയും പ്രതികരിച്ചു. എന്നാൽ താൻ ഉൾപ്പെടെയുള്ളവരുടെ ശക്തിയെന്താണെന്ന് ബി ജെ പി തിരിച്ചറിയാൻ ഇരിക്കുന്നതേയുള്ളൂവെന്നായിരുന്നു ഷെട്ടാറിന്റെ പ്രതികരണം.
'എന്റെ വോട്ടുകൾ എനിക്കൊപ്പം തന്നെയുണ്ട്. ഒരു മുതിർന്ന നേതാവിനെ ബിജെപി കൈകാര്യം ചെയ്ത രീതിയിൽ അവർക്ക് കടുത്ത അതൃപ്തിയുണ്ട്. ലിംഗായത്ത് നേതാക്കളും തന്നെ വിളിച്ചിരുന്നു. അവർ എല്ലാവരും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്', ഷെട്ടാർ പറഞ്ഞു.












Click it and Unblock the Notifications