'ബജ്റംഗ്ദൾ' തിരിഞ്ഞ് കൊത്തിയാൽ കല്യാൺ കർണാടകയിൽ കനത്ത തിരിച്ചടി; കോൺഗ്രസിന് ആശങ്ക
കർണാടകയിൽ അധികാരം ലഭിച്ചാൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം ആയുധമാക്കിയിരിക്കുകയാണ് ബിജെപി. അവസാന ലാപ്പിൽ കോൺഗ്രസ് കാണിച്ച മണ്ടത്തരമാണ് പ്രഖ്യാപനമെന്നും ഇത് വലിയ തിരിച്ചടി പാർട്ടിക്ക് സമ്മാനിക്കുമെന്നും ബിജെപി നേതാക്കൾ പറയുന്നു.
ബിജെപിയുടെ മോഹം നടക്കില്ലെന്നും ഇത്തരം പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നുമാണ് കോൺഗ്രസ് ഇതിന് മറുപടി നൽകുന്നത്. എന്നിരുന്നാലും പ്രഖ്യാപനം കല്യാൺ കർണാടക മേഖലയിൽ വിഷയം കോൺഗ്രസിനെ തിരിഞ്ഞ് കൊത്താൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ബജ്റംഗദളിന് കൂടുതൽ സ്വാധീനമുള്ള മേഖലയാണ് കല്യാൺ കർണാടക.

കല്യാൺ കർണാടകയിൽ 7 ജില്ലകളാണ് ഉള്ളത്. ബിദാർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, കൊപ്പൽ, ബല്ലാരി, വിജയനഗർ എന്നിവയാണിവ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മേഖലയിൽ നിന്നും 21 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. അതായത് ബിജെപിയെക്കാൾ 6 സീറ്റ് അധികം. ബജ്റംദൾ വിഷയം കോൺഗ്രസിന് ഇത്തവണ ഇവിടെ വെല്ലുവിളി തീർത്തേക്കും.
കൊപ്പാൾ ജില്ലയിലാണ് ഹനുമാന്റെ ജൻമദേശമായ കണക്കാക്കപ്പെടുന്ന അഞ്ജനാദ്രി ഹിൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഹനുമാൻ വിശ്വാസികൾ നിരവധിയാണ്. പ്രബല സമുദായങ്ങളിലൊന്നായ വാൽമീകി നായക്കുകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. സമുദായത്തിൽ നിന്നുള്ള നിരവധി യുവാക്കൾ ഇപ്പോൾ ബജ്‌റംഗ്ദളിന്റെ ഭാഗമാണ്, കാരണം അവരുടെ ഏറ്റവും ഉയർന്ന രാഷ്ട്രീയ നേതാവും ബിജെപി മന്ത്രിയുമായ ബി ശ്രീരാമുലു സമുദായത്തിൽ നിന്നുള്ളയാളാണ്', പ്രാദേശിക രാഷ്ട്രീയ നിരീക്ഷകനായ ശിവകുമാർ മാലിഗ പറയുന്നു.
പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്നവരല്ല വാത്മീകി സമുദായം എങ്കിലും ബജ്റംഗ്ദൾ വിഷയം സമുദായത്തെ സ്വാധീനിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സാധാരണകാരാണ് മേഖലയിൽ ഉള്ളവർ. ബജ്റംഗ്ദളിനെ അല്ലെ ബജ്റംഗ് ബലിയെ ആണ് കോൺഗ്രസ് ഉന്നം വെയ്ക്കുന്നതെന്ന പ്രചരണം ശക്തമാക്കാനാണ് ബിജെപി ഇവിടെ ശ്രമിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രഖ്യാപനം മുസ്ലീം വോട്ടുകൾ കൂടുതലായി കോൺഗ്രസിന് അനുകൂലമാകുന്നതിനും കാരണമാകുമെന്നും ഇവർ പറയുന്നു.
അതേസമയം തങ്ങൾ ബജ്റംഗ്ദളിനെ നിരോധിക്കുമെന്നല്ല മറിച്ച് വർഗീയ സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചതെന്ന് മുതിർന്ന നേതാവ് പി ചിദംബരം ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. ബജ്റംഗ്ദളിനെതിരെ നടപടിയെടുക്കുമെന്ന പ്രഖ്യാപനം എങ്ങനെയാണ് ബജ്റംഗ്ബലിക്കെതിരായ നടപടിയാക്കി മാറ്റിയതെന്നും ചിദംബരം ചോദിച്ചു.
'തീവ്രമായ ഭാഷ ഉപയോഗിക്കുകയും തീവ്രമായ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യുന്ന രണ്ട് സംഘടനകളെ കുറിച്ച് പ്രകടന പത്രികയിൽ പരാമർശമുണ്ട്. വിദ്വേഷം വളർത്തുന്ന എല്ലാ സംഘടനകൾക്കുമാണ് കോൺഗ്രസ് മുന്നറിയിപ്പ്. നിയമപ്രകാരം, ഒരു സംഘടനയെ നിരോധിക്കുന്നത് ഒരു ജുഡീഷ്യൽ പ്രക്രിയയാണ്. ബജ്‌റംഗ്ദൾ എങ്ങനെ ബജ്‌റംഗബലി ആയി എന്നും ഞാൻ അത്ഭുതപ്പെട്ടു', ചിദംബരം പറഞ്ഞു.
അതേസമയം ബി ജെ പി പ്രചരണം ശക്തമാക്കിയ സാഹചര്യത്തിൽ വിഷയത്തെ പരമാവധി പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ കോൺഗ്രസ് മെനയുന്നുണ്ട്. അധികാരം ലഭിച്ചാൽ ഹനുമാൻ ക്ഷേത്രങ്ങൾ പണിയുമെന്നും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിക്കുമെന്നുമാണ് കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാർ പ്രതികരിച്ചത്.
അതേസമയം ബജ്റംഗ്ദൾ വിഷയം കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് ചില സർവ്വേകളിലെ പ്രവചനം. എ ബി പി-സി വോട്ടർ സർവ്വേയിൽ പങ്കെടുത്ത 37 ശതമാനം പേരും വാഗ്ദാനം കോൺഗ്രസിന് അനുകൂലമാകുമെന്നായിരുന്നു പ്രതികരിച്ചത്.തിരിച്ചടിക്കുമെന്ന് 44 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ വിഷയം ഒരു തരത്തിലും തിരിച്ചടിയാകില്ലെന്നാണ് കോൺഗ്രസിന്റെ സർവ്വേയിലെ കണ്ടെത്തൽ.












Click it and Unblock the Notifications