കോൺഗ്രസ് സ്ഥാനാര്‍ഥിയുടെ സഹോദരന്റെ വീട്ടിൽ ആദായ നികുതി റെയ്ഡ്; മരത്തിൽ ഒളിപ്പിച്ച 1 കോടി രൂപ കണ്ടെത്തി
നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ്. പുത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശോക് കുമാര്‍ റായിയുടെ സഹോദരന്റെ വസതിയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ വീടിന്റെ സമീപത്തെ മരത്തിന് മുകളിൽ ഒരു കോടി രൂപ കണ്ടെത്തി.
സുബ്രഹ്മണ്യ റായ് എന്നയാളുടെ മൈസൂരുവിലുള്ള വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. വീടിന് മുറ്റത്തെ മാവിൽ നിന്നും ഒരു സ്യൂട് കേസിൽ പണം നിറച്ച് വെച്ചിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ പെട്ടി കണ്ടെടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആരാണ് പെട്ടി വെച്ചതെന്ന് ചോദിക്കുമ്പോൾ താൻ തന്നെയാണെന്ന് ഒരു സ്ത്രീ മറുപടി നൽകുന്നുണ്ട്. ആര് പറഞ്ഞിട്ടാണ് പണം വെച്ചതെന്ന് ചോദിക്കുമ്പോൾ അവർ പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല.

മുൻ കോൺഗ്രസ് നേതാവ് ഗംഗാധര ഗൗഡയുടെ രണ്ട് വസതികളിലും ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ റെയ്ഡ്. ഗംഗാധര ഗൗഡയുടെ മകൻ രഞ്ജൻ ഗൗഡയുടേതാണ് വിദ്യാഭ്യാസ സ്ഥാപനം.
2018 ൽ ഗൗഡ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. അടുത്തിടെ നിയമസഭ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നഷ്ടപ്പെട്ടതോടെ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന് ഗൗഡ പ്രഖ്യാപിച്ചിരുന്നു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ പോലീസിന്റേയും ആദായ നികുതി വകുപ്പിന്റേയും നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു. പരിശോധനയിൽ 110 കോടിയോളം രൂപ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. 2,346 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മെയ് 10 നാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 13 നാണ് വോട്ടെണ്ണൽ. ഇത്തവണയും ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കർണാടകത്തിൽ കളമൊരുങ്ങിയിരിക്കുന്നത്. അഭിപ്രായ സർവ്വേകൾ മുന്നേറ്റം പ്രവചിച്ച സാഹചര്യത്തിൽ കർണാടകയിൽ കോൺഗ്രസ് പ്രതീക്ഷ ഉയർന്ന നിലയിലാണ്. അതേസമയം 128 സീറ്റുകൾ വരെ ലഭിക്കുമെന്ന് അവകാശപ്പെടുമ്പോഴും ബി ജെ പി ക്യാമ്പിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളുടെ പാർട്ടിയിലെ രാജിയും വിമത നീക്കങ്ങളും ഭരണം വിരുദ്ധ വികാരവും തിരിച്ചടിക്കുമോയെന്നാണ് ബി ജെ പി ആശങ്ക. 224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.












Click it and Unblock the Notifications