ബിജെപിയുടെ അടവ് പയറ്റി കോണ്‍ഗ്രസ്; കിട്ടിയ രണ്ടടി തിരിച്ചുകൊടുക്കുന്നു!! കര്‍ണാടകയിലെ ഒടുവിലെ വിവരം
ബെംഗളൂരു: ഏറ്റവും വലിയ കക്ഷിയെ ആണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത് എന്നാണ് ചട്ടം. അങ്ങനെ നോക്കിയാല്‍ കര്‍ണാടകയില്‍ ഗവര്‍ണര്‍ ആദ്യം വിളിക്കേണ്ടത് ബിജെപി ആയിരിക്കും. എന്നാല്‍ സമാനമായ സാഹചര്യം നേരത്തെ രണ്ട് സംസ്ഥാനങ്ങളിലുണ്ടായിരുന്നു. ഗോവയിലും മേഘാലയയിലും. അവിടെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആയിരുന്നു. പക്ഷേ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ബിജെപിയെ. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ പരാജയപ്പെട്ടുപോയ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഒരുമുഴം മുമ്പേ എറിഞ്ഞു. അമിത് ഷാ തന്ത്രങ്ങള്‍ മെനയും മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ജെഡിഎസുമായി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പദവികള്‍ പങ്കിട്ടെടുക്കും. കര്‍ണാടകയിലെ ഒടുവിലെ വിവരങ്ങള്‍...

മേഘാലയയിലെ പാഠം
മേഘാലയ നേരത്തെ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടി പതറിയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി. പക്ഷേ, ഇപ്പോള്‍ ഭരണം നടത്തുന്നത് ബിജെപി സഖ്യമാണ്. കോണ്‍ഗ്രസിന് നാണക്കേടായിരുന്നു സംഭവം.

പന്ത് ഗവര്‍ണറുടെ ക്വാര്‍ട്ടില്‍
ഗോവയിലും സമാനമായ സാഹചര്യം തന്നെ. ഇവിടെയെല്ലാം കളി നിര്‍ണയിച്ചത് ഗവര്‍ണറായിരുന്നു. കര്‍ണാടകയിലും കളി ഗവര്‍ണറുടെ കൈയ്യില്‍ തന്നെ. ഗുജറാത്തിലെ പഴയ ബിജെപി മന്ത്രിയാണ് ഇപ്പോള്‍ കര്‍ണാടകയിലെ ഗവര്‍ണര്‍. അദ്ദേഹം സ്വാഭാവികമായും ആദ്യം ക്ഷണിക്കുക ബിജെപിയെ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് നേതാക്കളെ കണ്ടില്ല
എന്നാല്‍ തങ്ങള്‍ ഗവര്‍ണറെ കാണുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. പരമേശ്വരയ്‌ക്കൊപ്പം നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹം ഒഴിഞ്ഞുമാറിയെന്നാണ് വിവരം. ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കം പാളുമോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.

കോണ്‍ഗ്രസ് നീങ്ങിയത് ഇങ്ങനെ
സര്‍ക്കാര്‍ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കാന്‍ സോണിയാ ഗാന്ധി വിശ്വസ്തനായ ഗുലാംനബി ആസാദിനെ നേരത്തെ കര്‍ണാകയിലേക്ക് അയച്ചിരുന്നു. അശോക് ഗെഹ്ലോട്ടും അദ്ദേഹത്തോടൊപ്പമുണ്ട്. കൂടാതെ കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും. സോണിയ ജെഡിഎസ് നേതാവ് ദേവഗൗഡയെ നേരത്തെ ബന്ധപ്പെടുകയും ചെയ്തു.

ജെഡിഎസ് ആര്‍ക്കൊപ്പം
പക്ഷേ, ജെഡിഎസ്സിന്റെ കരുക്കള്‍ നീക്കുന്നതും തീരുമാനമെടുക്കുന്നതും സംസ്ഥാന അധ്യക്ഷനും ദേവഗൗഡയുടെ മകനുമായ കുമാരസ്വാമിയാണ്. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ സിംഗപ്പൂരിലേക്ക് പോയ കുമാരസ്വാമി ഫലമറിയുന്നതിന് തൊട്ടുമുമ്പാണ് തിരിച്ചെത്തിയത്. ഏറ്റവും ഒടുവില്‍ ജെഡിഎസ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം
ഒടുവില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ധാരണയായി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരാന്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. സോണിയാ ഗാന്ധിയുടെ നീക്കമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ജെഡിഎസിന് മുഖ്യമന്ത്രി പദം നല്‍കും. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനായിരിക്കും.

അധികാര ധാരണ ഇങ്ങനെ
മുഖ്യമന്ത്രി പദം ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കുമാരസ്വാമിക്ക് ലഭിക്കും. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനും. കൂടാതെ കോണ്‍ഗ്രസിന് 20 മന്ത്രി പദവികളുമുണ്ടാകും. ജെഡിഎസിന് 14 മന്ത്രിമാരാണുണ്ടാകുക. ഒരുമിച്ചുള്ള സര്‍ക്കാര്‍ വേണമെന്ന് ദേവഗൗഡയും നിര്‍ദേശം വച്ചു.

കേന്ദ്രമന്ത്രിമാര്‍ കൂട്ടത്തോടെ വരുന്നു
അതേസമയം, സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി ബിജെപിയും ത്വരിത നടപടി സ്വീകരിക്കുകയാണ്. മൂന്ന് കേന്ദ്രമന്ത്രിമാര്‍ കര്‍ണാടകയിലേക്ക് പുറപ്പെട്ടു. അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ വരുന്നത്. തിരഞ്ഞെടുപ്പ ഫലം പൂര്‍ണമായി എത്തിയാല്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏതെങ്കിലും ഒരു കക്ഷിയെ ക്ഷണിക്കും.

ഗവര്‍ണര്‍ക്ക് കത്ത്
കുമാരസ്വാമി കോണ്‍ഗ്രസിന്റെ ആഗ്രഹം പോലെ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് പിന്തുണ അദ്ദേഹം സ്വീകരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ച് കുമാരസ്വാമി ഗവര്‍ണറെ അഞ്ചരയ്ക്ക് കാണും. നേരിട്ട് കാണുന്നതിന് കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച കാര്യം കത്തില്‍ കുമാരസ്വാമി അറിയിച്ചു.

ഗുലാം നബി ആസാദ് പറയുന്നു
കോണ്‍ഗ്രസ് മുന്നോട്ട് വച്ച നിര്‍ദേശം ജെഡിഎസ് അംഗീകരിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ടെലിഫോണിലാണ്് ദേവഗൗഡയുമായും കുമാരസ്വാമിയുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. വൈകീട്ടോടെ എല്ലാ കാര്യത്തിലും അന്തിമ രൂപമാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഉപമുഖ്യമന്ത്രി ആരാകും
ഇനി ഉപമുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. നിലവിലെ ധാരണ പ്രകാരം മുഖ്യമന്ത്രി കുമാരസ്വാമിയാകുമെന്ന് ഉറപ്പായി. ഉപമുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണ്. പലരും ഈ പദവിയിലേക്ക് നോട്ടമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലുമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications