കര്‍ണാടകയില്‍ ബിജെപിയെ പൂട്ടിയത് മായാവതി; നിര്‍ണായകമായത് ആ ഫോണ്‍കോള്‍!! കളികള്‍ പുറത്തുവരുന്നു
ലഖ്‌നൗ: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിക്ക് അധികാരം പിടിക്കാന്‍ വിയര്‍ക്കേണ്ട സാഹചര്യമുണ്ടാക്കിയത് മായാവതിയെന്ന് റിപ്പോര്‍ട്ട്. ബിഎസ്പി അധ്യക്ഷ മായാവതി നടത്തിയ നീക്കമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലേക്ക് വഴി തുറന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്ന വേളയില്‍ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നീക്കം തുടങ്ങിയിരുന്നു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ മായാവതി ടെലിഫോണില്‍ വിളിച്ചതു പ്രകാരമാണ് ഈ നീക്കം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ ഇടനാഴികളിലെ രഹസ്യനീക്കങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്....

പ്രേരണ മായാവതി
ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയെ സോണിയാ ഗാന്ധി വിളിച്ചതോടെയാണ് സഖ്യസര്‍ക്കാര്‍ ചര്‍ച്ച വേഗത്തിലായതും തീരുമാനമായതും. ദേവഗൗഡയെ വിളിക്കാന്‍ സോണിയ ഗാന്ധിയെ പ്രേരിപ്പിച്ചത് മായാവതിയാണത്രെ. സോണിയ വിളിച്ചപ്പോള്‍ ദേവഗൗഡ മറിച്ചൊന്നും പറഞ്ഞില്ല. സഖ്യസര്‍ക്കാരിന് സമ്മതം മൂളുകയായിരുന്നു.

ബിജെപിയെ തടയുക
ബിജെപിയെ അധികാരത്തില്‍ നിന്ന് തടയുക എന്ന ഒറ്റ ഉദ്ദേശമായിരുന്നു മൂന്ന് നേതാക്കള്‍ക്കുമുണ്ടായിരുന്നത്. ജെഡിഎസുമായി സഖ്യം ചേര്‍ന്നാണ് കര്‍ണാടകയില്‍ ബിഎസ്പി മല്‍സരിച്ചത്. 20 സീറ്റില്‍ മല്‍സരിച്ച ബിഎസ്പിക്ക് വേണ്ടി പ്രചാരണം നടത്താന്‍ മായാവതിയും എത്തിയിരുന്നു. നാല് റാലികളില്‍ മായാവതി പങ്കെടുത്തിരുന്നു.

ആദ്യമായി സീറ്റ് കിട്ടി
കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും ബിഎസ്പിക്ക് ഇത്തവണ വോട്ട് കുറയുകയാണ് ചെയ്തത്. 2013ല്‍ 1.16 ശതമാനം വോട്ടുണ്ടായിരുന്ന ബിഎസ്പിക്ക് ഇത്തവണ 0.3 ശതമാനമായി കുറഞ്ഞു. പക്ഷേ ഒരു സീറ്റില്‍ ബിഎസ്പി ജയിച്ചു. ആദ്യമായിട്ടാണ് കര്‍ണാടകയില്‍ ബിഎസ്പി ജയിക്കുന്നത്.

തുടക്കം ഇങ്ങനെ
ബിഎസ്പിയുടെ കര്‍ണാടക ചുമതലയുള്ളത് പാര്‍ട്ടിയുടെ രാജ്യസഭാ എംപി അശോക് സിദ്ധാര്‍ഥിനാണ്. അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി സംസാരിക്കാന്‍ മായാവതി നിയോഗിക്കുകയായിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷം ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയുമായി ബന്ധപ്പെട്ടു.

നേതാക്കള്‍ പറയുന്നു
മായാവതി അതേസമയം തന്നെ ദേവഗൗഡയുമായി സഖ്യസാധ്യത ചര്‍ച്ച ചെയ്തു. പിന്നീട് മായാവതി സോണിയാ ഗാന്ധിയെ ഫോണില്‍ വിളിച്ചു. സഖ്യം ചേരാമെന്ന് മൂന്ന് പാര്‍ട്ടികളും തീരുമാനിച്ചു. മായവതിയുടെ നീക്കം വിജയം കാണുന്നതാണ് കണ്ടത്. ഇതാണുണ്ടായതെന്ന് ബിഎസ്പി നേതാക്കള്‍ പറയുന്നു.

തെറ്റായ സന്ദേശം ലഭിക്കരുത്
ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെയാണ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മല്‍സരിച്ചത്. എന്നാല്‍ ഇപ്പോള്‍ നടത്തിയ നീക്കം വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് ബിഎസ്പി നേതാക്കള്‍ പറയുന്നു. ബിജെപിയുടെ വരവ് തടയേണ്ടത് തങ്ങളുടെ ബാധ്യതയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശമാണ് ലഭിക്കുകയെന്നും മുതിര്‍ന്ന ബിഎസ്പി നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Recommended Video


അടുത്ത ലക്ഷ്യം
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുകയാണ് ബിഎസ്പിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണ് ഈ നീക്കങ്ങളെല്ലാം വിലയിരുത്തപ്പെടുന്നത്. ദളിത്, മുസ്ലിം വോട്ടുകള്‍ ഐക്യപ്പെടുത്താനാണ് മായാവതിയുടെ നീക്കം. ഉത്തര്‍ പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ ബിഎസ്പിയുടെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications