ബിജെപിയുടെ ലിംഗായത്ത് 'ഗെയിം പ്ലാൻ' തിരിച്ചടിക്കുമോ? കിറ്റൂരിൽ മാത്രം 40 സീറ്റുകൾ കൈവിട്ടേക്കുമെന്ന്
ബെംഗളൂരു: പരമ്പരാഗതമായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണ് സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായം. എന്നാൽ ഇക്കുറി ലിംഗായത്ത് വോട്ടുകൾ ബിജെപിക്ക് വീഴുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവുമായ ബിഎസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തയത് മുതൽ ബിജെപിയോട് ഇടഞ്ഞിരിക്കുകയാണ് സമുദായം. മാത്രമല്ല സമുദായത്തിലെ മുതിർന്ന നേതാക്കളായ പലർക്കും നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതും സമുദായത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമുദായ വോട്ട് നേടിയെടുക്കാൻ പലവിധ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി.
യെദിയൂരപ്പയെ മാറ്റി നിർത്തിയതിനെ തുടർന്നുള്ള സമുദായത്തിന്റെ അതൃപ്തി മറികടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സമുദായാംഗം കൂടിയായ ബസവരാജ് ബൊമ്മൈയെ ബിജെപി മുഖ്യമന്ത്രിയായി നിയമിച്ചത്. എന്നാൽ യെദിയൂരപ്പയെ പോലെ സമുദായത്തിൽ വലിയ സ്വാധീനം ഉള്ള നേതാവല്ല ബൊമ്മൈ. നിയമസഭ തിരഞ്ഞെടുപ്പിൽ ഈ അതൃപ്തി മറികടക്കാൻ കൂടുതൽ ലിംഗായത്ത് നേതാക്കൾ ബിജെപി സീറ്റ് നൽകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നു.

സമുദായത്തിൽ നിന്നുള്ള കൂടുതൽ പേർക്ക് സീറ്റ് നൽകിയെങ്കിലും മുതിർന്ന നേതാക്കളിൽ പലരേയും ബിജെപി ഒഴിവാക്കിയിരുന്നു. ലക്ഷ്മൺ സവാദി, ജഗദീഷ് ഷെട്ടാർ തുടങ്ങിയ നേതാക്കളെയാണ് ബിജെപി ഒഴിവാക്കിയത്. ഈ നേതാക്കളാക്കട്ടെ പിന്നീട് കോൺഗ്രസിൽ ചേരുകയും ചെയ്തു. 51 സീറ്റുകളാണ് ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാക്കൾക്ക് ബിജെപി നൽകിതെങ്കിലും മുതിർന്ന നേതാക്കളെ ഒഴിവാക്കി യാതൊരു പ്രാധാന്യവുമില്ലാത്ത സമുദായാംഗങ്ങളെ ഉൾപ്പെടുത്തിയത് ബിജെപിക്ക് തിരിച്ചടിയാകുകയേ ഉള്ളൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ലിംഗായത്ത് വിഭാഗത്തെ ഒഴിവാക്കിയ തീരുമാനം കൂടുതലായി ബിജെപിക്ക് തിരിച്ചടിയാകുക കിറ്റൂർ , കല്യാൺ കർണാടക മേഖലയിലാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മേഖലയിൽ 90 സീറ്റുകളാണ് ഉള്ളത്. '2018 നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിക്കാണ് മേഖലയിൽ കൂടുതൽ സീറ്റ് കൂടുതൽ ലഭിച്ചതെങ്കിലും വോട്ട് വിഹിതത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം 4 ശതമാനമായിരുന്നു. നിലവിലെ രാഷ്ടീയ സാഹചര്യത്തിൽ വോട്ട് വിഹിതത്തിൽ വലിയ വ്യത്യാസം ഉണ്ടായാൽ ബിജെപിക്ക് 30 മുതൽ 40 വരെ സീറ്റുകൾ നഷ്ടമായേക്കാം', രാഷ്ട്രീയ നിരീക്ഷകനായ ബസവരാജ് ഇത്നാലിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ബിജെപി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഒരു ലിംഗായത്ത് മുഖ്യമന്ത്രിയെ ബിജെപി ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വേണം കണക്ക് കൂട്ടാനെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയെ സംബന്ധിച്ച് ജാതിമത സമവാക്യങ്ങൾ ഏറെ നിർണായകമാണെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.വോട്ട് രേഖപ്പെടുത്തുന്ന സമയം സ്ഥാനാർത്ഥികൾ തങ്ങളുടെ സമുദായാംഗമാണോ തങ്ങൾക്ക് എന്തൊക്കെ സഹായങ്ങൾ ചെയ്തിട്ടുണ്ട് എന്ന കാര്യമാണ് പരിഗണിക്കുക. അല്ലാതെ സമൂഹത്തിന് വേണ്ടി അവർ ചെയ്ത സംഭാവനകൾ അല്ല',രാഷ്ട്രീയ നിരീക്ഷകനായ രാംജൻ ധർഗ പറഞ്ഞു.
മുതിർന്ന ലിംഗായത്ത് നേതാക്കളായ പലരേയും ഒഴിവാക്കിയതോടെ രണ്ടാം നിര നേതാക്കൾ തങ്ങളുടെ അടിമകളാകും എന്ന കണക്ക് കൂട്ടൽ ബിജെപി നേതൃത്വത്തിന് ഉണ്ട്. അതേസമയം ലിംഗായത്ത് വിഭാഗം ഒരു വെല്ലുവിളിയാകരുതെന്നും ബിജെപി നേതൃത്വത്തിനുണ്ട്. എന്നാൽ അവരുടെ രാഷ്ട്രീയ തന്ത്രം സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞു. അടിസ്ഥാനപരമായി, ലിംഗായത്തുകൾ ബിജെപിയെ പിന്തുണയ്ക്കുന്നത് അതിന്റെ പ്രത്യയശാസ്ത്രം കൊണ്ടല്ല മറിച്ച് അവസരവാദ തന്ത്രമാണ്. കോൺഗ്രസിനെ ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പാർട്ടിയായും ജെഡിഎസിനെ വൊക്കലിഗകളുടെ പാർട്ടിയായുമാണ് ലിംഗായത്ത് വിഭാഗം നോക്കി കാണുന്നത്. അതുകൊണ്ടാണ് അവർ ബിജെപിക്കൊപ്പം അണിനിരന്നത്', ധർഗ പറഞ്ഞു.
അതേസമയം നേതാക്കളുടെ കൂടുമാറ്റം തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകില്ലെന്നാണ് ലിംഗായത്ത് സന്യാസിയായ സിദ്ധരാം സ്വാമിയുടെ പ്രതികരണം. 'ആയാ റാം ഗയാ റാം പോലുള്ള നേതാക്കളുടെ കൂടുമാറ്റം വെറും രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെച്ചാണ്. അതൊരിക്കലും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല', സ്വാമി പറഞ്ഞു.












Click it and Unblock the Notifications