
കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം; വാഹനങ്ങള്‍ക്ക് നേരെ ആക്രമണം, സര്‍വീസ് നിര്‍ത്തിവച്ചു
ബംഗളൂരു: കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയില്‍ തര്‍ക്കംനിലനില്‍ക്കുന്ന ബെലഗാവിയില്‍ സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മഹാരാഷ്ട്ര മന്ത്രിമാര്‍ പിന്‍മാറി. മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീല്‍, ശംഭുരാജ് ദേശായി, ഉന്നതാധികാര സമിതി ചെയര്‍മാന്‍ ധൈര്യശീല്‍മനെ എംപി എന്നിവരാണ് സന്ദര്‍ശനം മാറ്റിയത്. കന്നഡ വാദികളായ സംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
മന്ത്രിമാരുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ചിന്നമ്മ സര്‍ക്കിളില്‍ കന്നഡ സംഘടനകള്‍ മഹാരാഷ്ട്ര വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. അതേസമയം, മഹാപരിനിര്‍വാണ്‍ ദിവസ് കാരണമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന്് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
വമ്പന്‍ ഓഫറുമായി ഖത്തര്‍; ഹയ്യ കാര്‍ഡില്ലാതെ രാജ്യത്തേക്ക് വരാം... ഇന്ന് മുതല്‍ ഇളവുകള്‍ ഇങ്ങനെ
അതിനിടെ, ബെലഗാവിയില്‍ മഹാരാഷ്ട്രയുടെ നമ്പര്‍ പ്ലേറ്റുള്ള ട്രക്കുകള്‍ തടയുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും ആക്രമിക്കപ്പെട്ടു. കര്‍ണാടക സംരക്ഷണ വേദികെയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കര്‍ണാടകയുടെ പാരമ്പര്യ പതാകയേന്തി ഗതാഗതം തടസപ്പെടുത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ പൊലിസുമായി തര്‍ക്കിക്കുകയും റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്.
സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. അതേസമയം, രണ്ട് സംസ്ഥാനങ്ങളിലും പ്രതിപക്ഷം വിഷയം ഏറ്റെടുത്തിട്ടുണ്ട്. എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായം പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ പാടുള്ളൂ എന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമാന ആവശ്യം കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും ആവശ്യപ്പെട്ടിരിക്കുകയാണ്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കര്‍ണാടകയിലേക്കുള്ള സര്‍വിസ് നിര്‍ത്തിവച്ചതായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു. 1960ല്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മറാത്തികള്‍ കൂടുതലുള്ള ബെലഗാവി കര്‍ണാടകക്ക് തെറ്റായി നല്‍കിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലാണ്.